മിന്നല്‍മുരളിക്കും ഡിറ്റക്ടീവ് ഉജ്ജ്വലനും പിന്നാലെ വീക്കന്‍ഡ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് അടുത്തതായി എത്തുന്നത് സോംബി ചിത്രം. ജാംബി എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. പേളി മണി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജീവിത പങ്കാളിയും അഭിനേതാവുമായ ശ്രീനിഷും ഒരുകേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ്, മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ഈ സോംബി ചിത്രം നിര്‍മിക്കുന്നത്. മിന്നല്‍ മുരളിയും കഴിഞ്ഞ ദിവസം റിലീസ് ആയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലനും ഉള്‍പ്പെടുന്ന വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ജാംബി.

To advertise here,
placeholder
പേളി മാണിയും ശ്രീനിഷ് അരവിന്ദും

നന്ദു മനോജ്, ഹരികൃഷ്ണന്‍ കെ.ആര്‍, ജോര്‍ജ്ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരികെ, തോല്‍വി എഫ്‌സി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കോര സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ജാംബി'. 

മലയാളത്തില്‍ ഇതുവരെ സോംബി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല. വല, മഞ്ചേശ്വരം മാഫിയ തുടങ്ങി രണ്ട് സോംബി ചിത്രങ്ങള്‍ 'ജാംബി'ക്ക് പുറമേ മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സിനിമയാകും ആദ്യം തിയേറ്ററിലേക്ക് എത്തുകയെന്ന് പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2026-ലായിരിക്കും 'ജാംബി' തിയേറ്ററില്‍ എത്തുകയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.