കുറച്ചുനാളായി ഐശ്വര്യ റായും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട്. ആനന്ദ് അംബാനിയുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഐശ്വര്യ മകള്‍ക്കൊപ്പമാണ് എത്തിയത്. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പവും. ഇതോടെ വേര്‍പിരിയല്‍ വാര്‍ത്ത കൂടുതല്‍ സജീവമായി. 

ഇതിനുപിന്നാലെ റെഡ്ഡിറ്റില്‍ ഇതിനെക്കുറിച്ച് ഒരു കുറിപ്പ് വന്നു. അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം നടി നിമ്രത് കൗറാണെന്നാണ് ആ കുറിപ്പില്‍ ആരോപിച്ചത്. അവരുമായി അഭിഷേക് പ്രണയത്തിലായെന്നും ഇതിനുപിന്നാലെ ഐശ്വര്യ വീടുവിട്ടെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ഈ കമന്റിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിമ്രത് കൗര്‍. ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് തടയാന്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്നാണ് നിമ്രത് പറയുന്നത്. ''ഇത്തരം ഗോസിപ്പുകളുടെ പുറകെ പോവാറില്ല. ഞാന്‍ എന്റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്'', അവര്‍ പറയുന്നു. 

മേജര്‍ ഭുപീന്ദര്‍ സിങ്ങിന്റെയും അവിനാഷ് കൗറിന്റെയും മകളാണ് നിമ്രത്. ജമ്മു കശ്മീരില്‍വെച്ച് 1994 ജനുവരിയിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. അവിടെ ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കാനുള്ള ദൗത്യത്തിലായിരുന്നു മേജറും അദ്ദേഹത്തിന്റെ കൂടെയുള്ള സൈനികരും. അതിനിടയിലാണ് അവര്‍ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടാവുന്നത്. അവരെ തുരത്താന്‍ കഴിഞ്ഞെങ്കിലും, അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. തടവിലുള്ള സൈനികരെ വിട്ടയക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അത് നിരാകരിച്ചപ്പോള്‍, അദ്ദേഹത്തെ തീവ്രവാദികള്‍ വധിക്കുകയായിരുന്നു. അതിനുശേഷമാണ് നിമ്രത്തും സഹോദരിയും അമ്മയും കൂടി ഡല്‍ഹിയിലേക്ക് താമസം മാറ്റുന്നത്. ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിലെ പഠനശേഷം, നിമ്രത് മുംബൈയിലേക്ക് പോയി. അതിനുശേഷം പരസ്യങ്ങളിലൂടെയും നാടകങ്ങളിലൂടെയും അവര്‍ സിനിമാരംഗത്തേക്ക് കടന്നു. 

ഹിന്ദി സിനിമകളിലും അമേരിക്കന്‍ ടെലിവിഷനിലും ഒരുപോലെ തിളങ്ങിയ താരമാണ് നിമ്രത്. മോഡലിങ്ങിലൂടെയാണ് അവര്‍ അഭിനയരംഗത്തെത്തുന്നത്. ഒട്ടേറെ പരസ്യങ്ങളിലഭിനയിച്ച അവര്‍ ശ്രദ്ധിക്കപ്പെട്ടത് ഡയറി മില്‍ക്ക് സില്‍ക്കിന്റെ പരസ്യത്തിലൂടെ. ട്രാഫിക്കില്‍വെച്ച് ഡയറി മില്‍ക്ക് രുചിക്കുന്ന കാര്‍ ഡ്രൈവര്‍...ആ ഒരൊറ്റ പരസ്യത്തിലൂടെ നിമ്രത്തിന്റെ ജനപ്രീതി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. 

'വണ്‍ നൈറ്റ് വിത്ത് ദ കിങ്' എന്ന ഇംഗ്ലീഷ് സിനിമയില്‍ ചെറിയ കഥാപാത്രം അവതരിപ്പിച്ചാണ് അവര്‍ അരങ്ങേറ്റം കുറിക്കുന്നത്. പല വിദേശ ഫിലിം ഫെസ്റ്റിവലുകളിലും ഏറെ പ്രശംസിക്കപ്പെട്ട 'ദ ലഞ്ച്‌ബോക്‌സ്' ആണ് അവര്‍ക്ക് കരിയര്‍ ബ്രേക്ക് സമ്മാനിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഹോംലാന്‍ഡി'ല്‍ ഐ.എസ്.ഐ ഏജന്റായും നിമ്രത് എത്തി. അതവര്‍ക്ക് നേടിക്കൊടുത്തത് വലിയൊരു ആരാധകവൃന്ദത്തെയാണ്. അതിനുശേഷം അമേരിക്കന്‍ ടി.വി സീരീസായ 'വേവാര്‍ഡ് പൈന്‍സി'ലും ഇന്ത്യന്‍ സീരീസായ 'സ്‌കൂള്‍ ഓഫ് ലൈസി'ലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു.    

പിന്നീട് അക്ഷയ്കുമാര്‍ നായകനായ 'എയര്‍ലിഫ്റ്റി'ല്‍ നായികയായി. 2022-ല്‍ നെറ്റ്ഫ്‌ളിക്‌സ് സിനിമയായ 'ദസ്‌വി'യില്‍ അഭിഷേക് ബച്ചന്റെ നായികയായി. അതിനുശേഷവും വെബ് സീരീസുകളിലും സിനിമകളിലുമായി നിമ്രത് നിറഞ്ഞുനില്‍ക്കുന്നു. കരിയറില്‍ നിമ്രത് ഏറെയും അവതരിപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥയുടെ റോളുകളാണ്. അതിലവര്‍ മികച്ചുനില്‍ക്കുകയും ചെയ്തു.