76-ാം വയസ്സിലും കരിയറിന്റെ ഏറ്റവും നല്ല മുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് നടൻ നസിറുദ്ദീൻ ഷാ. ഇംതിയാസ് അലിയുടെ 'മേം വാപസ് ആവൂംഗ' എന്ന ചിത്രത്തിലെ അഭിനയത്തിന് കൈയടി നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴദ്ദേഹം. നിരൂപക പ്രശംസയും വാണിജ്യ വിജയവും ചിത്രം നേടി. ദിൽജിത് ദോസൻജ്, ഷർവരി, വേദാംഗ് റെയ്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ പ്രണയ ചിത്രം, ഇംതിയാസിന്റെ വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ബോക്സ് ഓഫീസ് വിജയമാണ്.

ചിത്രം തിയേറ്ററുകളിൽ 50 ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിൽ, വെള്ളിയാഴ്ച, അണിയറ പ്രവർത്തകർ മുംബൈയിൽ ഒരു പാർട്ടി നടത്തിയിരുന്നു. പാർട്ടിയിൽ നസിറുദ്ദീൻ ഷാ ആരാധകരുമായും മാധ്യമപ്രവർത്തകരുമായും മനസ്സു തുറക്കുകയും ചെയ്തു. "ഈയിടെ എനിക്ക് നിരവധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ (lifetime achievement awards) വാഗ്ദാനം ചെയ്തിരുന്നു, ഞാൻ അവ നിരസിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ നിങ്ങളുടെ ജോലി കഴിഞ്ഞു എന്ന് പറയുന്ന ഒരു രീതിയാണ്. അത് ഏറ്റെടുത്ത് സ്ഥലം വിടാനുള്ള ഉദ്ദേശ്യം എനിക്കില്ല, അതുകൊണ്ടാണ് ഞാനീ അവാർഡുകൾ സ്വീകരിക്കാത്തത്. എന്റെ ജോലി കഴിഞ്ഞെന്ന് ഞാൻ കരുതുന്നില്ല." അദ്ദേഹം പറഞ്ഞു.

നിരവധി ദേശീയ അവാർഡുകൾ നേടിയ വ്യക്തിയാണദ്ദേഹം, 'മേം വാപസ് ആവൂംഗ'യോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. "ഈ ചിത്രത്തിന്റെ ഭാഗമാകാനായതിൽ ഞാൻ ഭാഗ്യവാനാണ്. ഇതിലെനിക്ക് അഭിമാനമുണ്ട്. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി"-അദ്ദേഹം പറഞ്ഞു.

1970-കളിൽ സമാന്തര സിനിമയിലൂടെയാണ് അദ്ദേഹം കരിയർ തുടങ്ങിയത്. പിന്നീട് 'ഹം പാഞ്ച്' എന്ന ചിത്രത്തിലൂടെ മുഖ്യധാരാ ബോളിവുഡിലേക്ക് വന്നു. 80-കളിൽ ബോക്സ് ഓഫീസ് വിജയം നേടിയ ഒട്ടേറെ സിനിമകളുടെ ഭാഗമായി. 1979-ലും, 1984-ലും മികച്ച നടനുള്ള ദേശീയ അവാർഡും, 2005-ൽ മികച്ച സഹനടനുള്ള പുരസ്കാരവും നേടി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi