വ്യാഴാഴ്ച റിലീസാവുന്ന മമ്മൂട്ടി ചിത്രത്തിന് ആശംസകളുമായി മോഹൻലാൽ. ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ഇങ്ങനെ കുറിച്ചു, 'ബെസ്റ്റ് വിഷസ് ഡിയർ ഇച്ചാക്ക ആൻഡ് ടീം'. 

ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന സിനിമ, വ്യാഴാഴ്ച റിലീസാവും. റിലീസിന് മണിക്കൂറുകൾക്ക് മുമ്പാണ് സിനിമയുടെ പ്രീ റിലീസ് ട്രെയിലർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ സ്‌റ്റൈലിഷ് ടീസറാണ് പുറത്തിറങ്ങിയത്. 'എമ്പുരാൻ' റിലീസിനുമുമ്പ് മമ്മൂട്ടിയും ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു. 'ചരിത്രവിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാൻ സിനിമയിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും എല്ലാം പിന്തുണയും' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. 

എക്കാലവും പരസ്പരം മത്സരിച്ചും സ്‌നേഹിച്ചും സിനിമയിൽ മുന്നേറുന്ന രണ്ട് ബിഗ് എം, മമ്മൂട്ടിയും മോഹൻലാലും. മോഹൻലാലിന് ഇച്ചാക്കയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് പ്രിയപ്പെട്ട ലാലും. 'ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വർഷത്തെ ബന്ധമാണ്. നീണ്ട നാൽപ്പത്തിയൊന്ന് വർഷങ്ങൾ. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാൽ അക്ഷരാർത്ഥത്തിൽ അതാണ് ശരി. ശരീരം, ശാരീരം, സംസാരരീതി, സമീപനങ്ങൾ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തിൽ ഒരു മാറ്റവുമില്ല. അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങൾ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന് കാരണം ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങൾക്കറിയാമായിരുന്നു എന്നതാണ്. നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. 
മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യൻ അന്തിക്കാട് ഒരു ഉപദേശം പോലെ ഓർമിപ്പിക്കാറുണ്ട്. 'സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്.' ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു', ഗൃഹലക്ഷ്മിയുമായുള്ള ഒരഭിമുഖത്തിൽ മുമ്പ് മോഹൻലാൽ പറഞ്ഞതിങ്ങനെ. 

1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ 'പടയോട്ടം' എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ  തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. 

1998-ൽ ഫാസിൽ സംവിധാനം ചെയ്ത 'ഹരികൃഷ്ണൻസ്' എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹ'ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി'യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു. 

16 വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണവും നടക്കുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്.