ലയാള സിനിമ പ്രേക്ഷകരെ വീണ്ടും ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാലും ജീത്തു ജോസഫും എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 33 ആം ചിത്രമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ജീത്തുജോസഫ് സംവിധാനം ചെയ്യും. ദൃശ്യം, ദൃശ്യം-2, ട്വല്‍ത്ത് മാന്‍ തുടങ്ങി മുമ്പ് മോഹന്‍ലാല്‍-ജീത്തു ജോസഫ്- ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഒന്നിച്ച എല്ലാ ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. മലയാളത്തില്‍ നിന്ന് ആഗോള ബ്രാന്‍ഡായി തന്നെ ഈ കൂട്ടുക്കെട്ടിലെ ദൃശ്യം മാറി. ജോര്‍ജ് കുട്ടി എന്ന സാധാരണക്കാരനായ കുടുംബനാഥന്റെ അതിബുദ്ധിയാണ് ദൃശ്യം പറഞ്ഞത്. ജീത്തുജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്നുണ്ട്.നിരവധി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷ അടക്കം വലിയ താരനിര തന്നെയുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹല്‍ലാല്‍ റാമില്‍ പ്രത്യക്ഷപ്പെടുന്നത്. 

To advertise here,

ദൃശ്യത്തിന്റെ രണ്ടാം ഭാഗം നേടിയ അത്ഭുത വിജയത്തിന് പിന്നാലെ ദൃശ്യം-3 ഒരുക്കുമെന്ന് ജീത്തുജോസഫും ആന്റണി പെരുമ്പാവൂരും മുന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ചിത്രം ദൃശ്യം-3 അല്ല എന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന. ആഗസ്റ്റില്‍ പുതിയ ചിത്രം ഷൂട്ടിങ് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 ത്രില്ലര്‍ വഴിയില്‍ ജീത്തുജോസഫ് ഒരുക്കിയ ചിത്രങ്ങള്‍ക്കെല്ലാം മലയാളത്തില്‍ വന്‍ ഫാന്‍ബേസ് ആണുള്ളത്. മെമ്മറീസ്, ദൃശ്യം, ദൃശ്യം-2, ട്വല്‍ത്ത് മാന്‍, കൂമന്‍, ആദി, ഡിറ്റക്ടീവ് തുടങ്ങി ജീത്തുജോസഫിന്റെ ത്രില്ലറുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശവും സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു. കമല്‍ഹാസനായിരുന്നു പാപനാശത്തില്‍ മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച നായകകഥാപാത്രത്തെ അവതരിപ്പിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം ട്വല്‍ത്ത് മാനായിരുന്നു. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി തിയേറ്ററുകളിലേക്കെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമനാണ് ജീത്തു ജോസഫിന്റെ തിയേറ്ററുകളിലെത്തിയ അവസാനചിത്രം. ഒരേസമയം പൊലീസും കള്ളനുമായി യുവാവിന്റെ കഥ പറയുന്ന കൂ മന്‍ ഏറെ പ്രശംസ നേടിയിരുന്നു.