തമിഴ്നാട്ടിലെ പ്രമുഖ കബഡി താരമായിരുന്ന മനത്തി ഗണേശന് ജീവിതത്തെ അടിസ്ഥാനമാക്കിയാണ് മാരി സെല്‍വരാജ് 'ബൈസണ്‍' ഒരുക്കിയിരിക്കുന്നത്

മാരി സെൽവരാജ്, ധ്രുവ് വിക്രം, മനത്തി ഗണേശൻ
കബഡി പാരമ്പര്യങ്ങളോ അതിനുള്ള പശ്ചാത്തലങ്ങളെ ഇല്ലാത്ത തമിഴ്നാട്ടിലെ ഒരുഉള്നാടന് ഗ്രാമത്തില്‍ ജനിച്ച് രാജ്യത്തിന്റെ കബഡി ചരിത്രത്തിലെ തന്നെ പ്രധാനിയായ തമിഴന്, മനത്തി ഗണേശന് എന്ന തമിഴ്നാട് കബഡി ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ കളിക്കാരന്റെ ജീവിതം ഒരിക്കലും പട്ടുവിരിച്ച പാതിയിലൂടെയായിരുന്നില്ല, ഒരുപാട് പ്രതിസന്ധികള്‍, വെല്ലുവിളികള്‍ അതെല്ലാം മറികടന്ന് തന്റെ ലക്ഷ്യം നേടിയ ആ കായിക താരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണ്‍ ഒരുക്കിയിരിക്കുന്നത്. മനത്തി ഗണേശന്റെ ജീവിതവും കബഡിയും ആസ്പദമാക്കി സ്വതന്ത്ര്വമായ മറ്റൊരു കഥയാണ് മാരി സെല്‍വരാജ് ബൈസണിലൂടെ പറയുന്നത്. ധ്രുവ് വിക്രം നായകനായ ബൈസണ്‍ ദീപാവലി റിലീസായി തിയേറ്ററിലേക്ക് എത്തുമ്പോള്‍ അത് മനത്തി ഗണേശന് എന്ന കായികതാരത്തിനുള്ള ആദരം കൂടിയാണ്.
കബഡി വീരന്..
തമിഴ്നാട്ടിലെ ശ്രീവൈകുണ്ഠം, തിരുചെന്തൂരിനും ഇടയിലുള്ള ഗ്രാമമാണ് മനത്തി. സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ഈ ഗ്രാമത്തിലാണ് ഗണേശന്റെയും ജനനം. എട്ടാം വയസ്സില്‍ കബഡി പരിശീലിച്ച് തുടങ്ങിയ ഗണേശന്റെ പേരില്‍ പിന്നീട് ആ നാട് തന്നെ അറിയപ്പെട്ടു. കബഡി കളിക്കാന്‍ തൊട്ടടുത്ത ഗ്രാമങ്ങളിലൊക്കെ പോകുമ്പോള്‍ ഗണേശന് എന്ന് സമാന പേരുള്ള വേറെയും കളിക്കാര്‍ ഉണ്ടാകും. അത്തരം ഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയപ്പെടാനാണ് ഗണേശന് തന്റെ പേരിനൊപ്പം ഗ്രാമത്തിന്റെ പേര് കൂടി ചേര്‍ത്തതും, മനത്തി ഗണേശന് എന്നറിയപ്പെട്ട് തുടങ്ങിയതും. 3.5 കി.മീറ്റര്‍ ദൂരം നടന്നുപോയാണ് സ്കൂളില്‍ പഠിച്ചിരുന്നത്. പുനിത ലൂസിയ സെക്കണ്ടറി സ്കൂളിലാണ് അദ്ദേഹം തന്റെ പ്രൈമറി കാലത്ത് ആദ്യം പഠിച്ചിരുന്നത്. ആ കാലത്ത് തന്നെ സ്കൂളില്‍ നടക്കുന്ന എല്ലാ കായിക മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. നാലുമാവടിയിലുള്ള കാമരാജ് സ്കൂളിലാണ് അദ്ദേഹത്തിന്റെ ഹൈസ്കൂള്‍ വിദ്യഭ്യാസം. എന്നാല്‍ ഒമ്പതാം ക്ലാസില്‍ അദ്ദേഹം വിജയിച്ചില്ല. തുടര്‍പഠനത്തിനായി വീണ്ടും 9-ാം ക്ലാസില്‍ മറ്റൊരു സ്കൂളാണ് അദ്ദേഹം കണ്ടെത്തിയത്. സൈയേര്പുരത്തെ ഹോപ്സ് സ്കൂളായിരുന്നു അത്.
ആ സ്കൂളില്‍ കബഡി ടീമുണ്ടായിരുന്നു. ഹോക്കിയായിരുന്നു അവിടെ പ്രധാനം. അങ്ങനെ തല്ക്കാലികമായി അദ്ദേഹം കബഡി ഉപേക്ഷിക്കുകയും സ്കൂള്‍ ഹോക്കി ടീമിന്റെ ഭാഗമാകുകയും ചെയ്തു. തനിക്ക് പുതിയൊരു കായികവിനോദമായിട്ടുകൂടി, അത് പരിശീലിക്കാനോ അതിന്റെ ഭാഗമാകാനോ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.
ഹോക്കി ടീമില്‍ ഗോള്‍കീപ്പറായാണ് അദ്ദേഹം കളിച്ചിരുന്നത്. ദൃഡമായ അദ്ദേഹത്തിന്റെ ശരീര പ്രകൃതിതന്നെയാണ് ഗോള്‍ കീപ്പറുടെ റോളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണം. ഹോക്കിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അത്യാവശ്യം പണച്ചെലവുള്ള ഇനമാണതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഹോക്കിസ്റ്റിക്ക്, സേഫ്റ്റ് ഉപകരണങ്ങള്‍ തുടങ്ങി ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ വലിയ പണച്ചെലവ് ആവശ്യമാണെന്നും മനസ്സിലായി. കബഡിയെ പോലെ തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ഹോക്കിക്ക് പ്രചാരമില്ലെന്നതിനാൽ അത്രയേറെ ടൂര്‍ണമെന്റുകളും അവസരങ്ങളും ഉണ്ടാകില്ലെന്ന് മനസ്സിലാക്കി. അതോടെ മെല്ലെ അദ്ദേഹം ഹോക്കിയില്‍ നിന്ന് പിന്‍വലിഞ്ഞു.
സുവര്‍ണ നാളുകള്‍..
ഈ സമയത്താണ് അദ്ദേഹം തങ്കരാജ് എന്ന അധ്യാപകനെ പരിചയപ്പെടുന്നത്. കബഡിയോട് ഏറെ താത്പര്യമുണ്ടായിരുന്ന ആ കായിക ഇനത്തില്‍ കഴിവും താത്പര്യമുള്ള കുട്ടികള്‍ക്ക് കൃത്യമായി പിന്തുണ നല്കി ദേശീയ ടീമിലേക്ക് എത്തിക്കണമെന്ന് സ്വപ്നം കണ്ട അധ്യാപകനായിരുന്നു അദ്ദേഹം. കബഡിയില്‍ മികവ് പുലര്‍ത്തുന്ന ഗണേശിന് ആവശ്യമായ എല്ലാ പിന്തുണയും തങ്കരാജ് നല്കി തുടങ്ങി. കൃത്യമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിച്ചതോടെ ഗണേഷ് തന്റെ കളിമികവ് പുറത്തെടുത്ത് തുടങ്ങി. ഒരു കബഡി കളിക്കാരന് ഏറ്റവും അത്യാവശ്യം ദൃഡമായ ശരീരവും നിത്യേനയുള്ള വ്യായമവും പരിശീലനവുമാണ്. അതിനായുള്ള എല്ലാ സൗകര്യങ്ങളും തങ്കരാജ് തന്റെ കൈയിലെ പണം മുടക്കി ഗണേശിന് ഒരുക്കികൊടുത്തു.
നല്ല ഭക്ഷണം, വ്യായാമം എന്നിവ കിട്ടിയതോടെ ഗണേശിന്റെ ശരീരത്തിന്റെ മെയ് വഴക്കം കൂടി തുടങ്ങി. ഏതും പൂട്ടും പൊട്ടിക്കുന്ന മികച്ച റൈഡറായി ഗണേശ് മാറി. 18-ാം വയസ്സില്‍ തൂത്തുക്കുടി ജില്ലാ കബഡി ടീമിലേക്ക്, പിന്നാലെ തമിഴ്നാട് സീനിയര്‍ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗണേശന് തന്റെ ഗ്രാമത്തില്‍ പരിശീലിക്കാന്‍ നല്ല മൈതാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.
കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളാണ് പരിശീലന കളരിയായി അദ്ദേഹം ഉപയോഗിച്ചിരുന്നത്. കുറുമ്പൂര് എന്ന ഗ്രാമത്തിലെ കളിസ്ഥലമാണ് അദ്ദേഹം പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. നഗ്നപാദനായി കിലോമീറ്ററുകള്‍ ദൂരം ഓടിയാണ് അദ്ദേഹം നിത്യേന ഇവിടേക്ക് എത്തിയിരുന്നത്. പിന്നീട് ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വലിയ കാലതാമസമുണ്ടായിരുന്നില്ല. കബഡിയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് മനത്തി ഗണേശ് വഹിച്ചു. ഇതിനുള്ള ആദരമായി രാജ്യം 1995-ല്‍ അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു. മാതാപിതാക്കള്‍ നല്കിയ പിന്തുണയാണ് തന്നെ ഇത്രയും വലിയ ഉയരത്തില്‍ എത്തിച്ചതെന്ന് പലവട്ടം അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
സെന്തമിഴിനുള്ള ആദരം..
ജാതി വിവേചനവും അയിത്തവും ജന്മി സമ്പ്രദായവുമൊക്കെ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മനുഷ്യരാണ് സെന്തമിഴര് എന്ന് വിളിക്കുന്ന തെക്കന്‍ തമിഴ്നാട്ടിലെ സാധാരണക്കാര്‍. അവരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും അവര്‍ നേരിടുന്ന വിവേചനവും നീതിരാഹിത്യവുമെല്ലാം തുറന്നുകാട്ടുന്ന സിനിമകളാണ് മാരി സെല്‍വരാജ് ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാറുള്ളത്. അത്തരത്തില്‍ ഒന്ന് തന്നെയായിരിക്കും മനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കി കഥ പറയുന്ന ബൈസണും.
മനത്തി ഗണേശന്റെ ജീവിതക്കഥയ്ക്കൊപ്പം മാരി സെല്‍വരാജിന്റെ എഴുത്ത് കൂടി ചേരുമ്പോള്‍ അത് ഏറ്റവും തീവ്രമായ കാഴ്ചാനുഭവമാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഗണേശന്റെ ജീവിതവും അദ്ദേഹം നേടിയ വിജയവും കബഡിയും അടിത്തറയാക്കി വച്ചുകൊണ്ട് പുതുമയുള്ള ഒരുകഥയായിരിക്കും ബൈസണില്‍ പറയുന്നതെന്ന് മാരി സെല്‍വരാജ് പറയുന്നു. താന്‍ ജനിച്ചുവളര്‍ന്ന തെക്കന്‍ തമിഴ്നാട്ടിനുള്ള ആദരം കൂടിയായിരിക്കും ഈ സിനിമയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.
Content Highlights: Discover the inspiring journey of Manathi Ganesan, a legendary Tamil Nadu kabaddi player who overcame immense struggles to achieve national and international glory. `Bison` movie is a tribute to his life.
Published: 16 Oct 2025, 04:41 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented