90-കളുടെ തുടക്കം-മുംബൈ അധോലോകത്തിന്റെ ചരടുകള്‍ ബോളിവുഡിനെ മുറുക്കിയിരുന്ന സമയം. പല സിനിമകള്‍ക്കും പണംമുടക്കിയിരുന്നത് അധോലോകതലവന്‍മാരാണ്. അതുമാത്രമല്ല, സിനിമയില്‍ ആരെ അഭിനയിപ്പിക്കണമെന്ന് വരെ തീരുമാനിച്ചിരുന്നത് അബു സലീം, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ തുടങ്ങിയവരാണ്. അതിന് സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്താനും കൊല്ലാനും മടിക്കില്ലായിരുന്നു.
അപ്പോഴാണ് 'തിരംഗ'യിലൂടെ മമത കുല്‍ക്കര്‍ണി എന്ന പെണ്‍കുട്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മമത വലിയ സിനിമകളുടെ ഭാഗമായി. ആഷിഖ് ആവാരാ, ചൈന ഗേറ്റ്, വഖ്ത് ഹമാരാ ഹെ, ക്രാന്തിവീര്‍, കരണ്‍ അര്‍ജുന്‍, സബ്‌സെ ബഡാ ഖിലാഡി....ഇങ്ങനെ എത്രയെത്ര സിനിമകള്‍. അന്നത്തെ ഒരുവിധം എല്ലാ മുന്‍നിരതാരങ്ങളുടെയും നായികയായി. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, ആമിര്‍ ഖാന്‍, അനില്‍ കപൂര്‍, സഞ്ജയ് ദത്ത്...സിനിമകളിലെ മമതയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ആരാധകരേറെയായിരുന്നു. പക്ഷേ, സിനിമയില്‍നിന്ന് വിട്ടശേഷം ഒരഭിമുഖത്തില്‍ മമത പറഞ്ഞതിങ്ങനെ. ''എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. അമ്മയ്ക്കായിരുന്നു സിനിമകളോട് താത്പര്യം. അമ്മയ്ക്ക് അഭിനയിക്കാന്‍ പറ്റാത്തതുകൊണ്ട് എന്നെ ബലിയാടാക്കി. ഞാനൊരിക്കലും ആഗ്രഹിക്കാത്ത ജീവിതമാണിത്''. ചന്ദാമാമ എന്ന മലയാളംസിനിമയില്‍, ഒരു പാട്ടിലും മമത അഭിനയിച്ചിട്ടുണ്ട്.
എന്നും വിവാദങ്ങള്‍ക്കൊപ്പം...
എന്നും വിവാദങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് മമതയുടേത്. സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍പേജില്‍ ടോപ് ലെസായി പ്രത്യക്ഷപ്പെട്ടത്, അന്നെല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്, ഛോട്ടാ രാജനുമായുള്ള അടുപ്പത്തിന്റെ പേരിലായിരുന്നു. ഛോട്ടാ രാജനുമായി മമത ഡേറ്റിങ്ങിലാണെന്ന് അന്നത്തെ ടാബ്ലോയിഡുകള്‍ എഴുതിവിട്ടു.
അതില്‍ എവിടെയൊക്കെയോ സത്യമുണ്ടെന്ന് പിന്നീടുണ്ടായ സംഭവങ്ങളിലൂടെ തെളിഞ്ഞു. ചൈനാഗേറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുള്ള മമതയുടെ പരാതി ഏറെ ചര്‍ച്ചയായി. ആ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് സന്തോഷിയും രംഗത്തെത്തി. അതിനൊടുവില്‍ സിനിമയില്‍നിന്ന് മമതയെ ഒഴിവാക്കാന്‍ സന്തോഷി തീരുമാനിച്ചു. പക്ഷേ, ഛോട്ടാ രാജനില്‍നിന്നുള്ള സമ്മര്‍ദം മൂലം അതിനുകഴിഞ്ഞില്ല.

ചൈനാഗേറ്റ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. അതുമാത്രമല്ല സിനിമയിലെ 'ഛമ്മ ഛമ്മ' എന്ന ഐറ്റംസോങ് ചാര്‍ട്ട് ബസ്റ്ററുകളില്‍ സ്ഥാനംപിടിക്കുകയും ചെയ്തു. ആ ഗാനരംഗത്തില്‍ അഭിനയിച്ചതാണെങ്കില്‍ അന്ന് താരതമ്യേന പുതുമുഖമായ ഊര്‍മിള മധോണ്‍കറാണ്. ആ പാട്ടിലൂടെ അവരുടെ ജനപ്രീതി കൂടുകയും ചെയ്തു. മമത ഏറെ തിളങ്ങിയിരുന്ന മേഖലയായിരുന്നു അത്തരം ഐറ്റം നമ്പറുകള്‍. അതോടെ മമത വീണ്ടും സന്തോഷിക്കെതിരെ രംഗത്തുവന്നു. അയാളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചതുകൊണ്ട് തന്റെ സ്‌ക്രീന്‍ സ്‌പേസ് വെട്ടിക്കുറച്ചുവെന്ന് വരെ പറഞ്ഞു.
മമതയ്ക്കുവേണ്ടി ഛോട്ടാ രാജന്‍ ഇടപെട്ടുവെന്ന് കേട്ടതോടെ അവരുടെ കരിയറിനെയും വല്ലാതെ ബാധിച്ചു. അവസരങ്ങള്‍ കുറഞ്ഞുതുടങ്ങി. ചുരുക്കം ചില സിനിമകളേ കിട്ടിയുള്ളൂ. 2002-ല്‍ അഭിനയിച്ച കഭി തും കഭി ഹം ആയിരുന്നു അവരുടെ അവസാനസിനിമ. പിന്നീടവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
കേസുകളില്‍ കുടുങ്ങി ജീവിതം...
ഡ്രഗ് ഡീലറായ വിക്കി ഗോസ്വാമിയെ വിവാഹംകഴിച്ച മമത, കെനിയയിലാണെന്നാണ് കേട്ടിരുന്നത്. മയക്കുമരുന്ന് കേസില്‍ ദുബായ് ജയിലിലായ വിക്കിയുമായി, ജെയിലില്‍വെച്ചായിരുന്നു വിവാഹം. അപ്പോഴും അതിനൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. പിന്നീട് 2016-ലാണ് മമത വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ചാനലിന് അന്ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ സംസാരിച്ചത് മുഴുവന്‍ മാറിയ ജീവിതത്തെക്കുറിച്ചാണ്.

ആ അഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ, ''വര്‍ഷങ്ങളോളം ഞാന്‍ തപസ്സിലായിരുന്നു. ഭൗതികമായിട്ടുള്ളതൊന്നും ഇപ്പോഴെന്റെ മനസ്സിലില്ല. തികച്ചും ആത്മീയതയുടെ പാതയിലാണ്. എന്നെപ്പോലെ വിക്കിയും മയക്കുമരുന്നിന്റെ പാതയിലല്ല ഇപ്പോള്‍''. താനും വിക്കിയും തമ്മില്‍ നല്ല സൗഹൃദബന്ധം മാത്രമേയുള്ളൂവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികതയോടുള്ള താത്പര്യം കൊണ്ടാണ് തന്റെ ജീവിതം ഇല്ലാതായതെന്നും ഇനിമുതല്‍ മദ്യം, മയക്കുമരുന്ന്, ലൈംഗികത എന്നിവയൊന്നും തന്റെ ജീവിതത്തിലുണ്ടാവില്ലെന്നും അവര്‍ തുറന്നുപറഞ്ഞു.
ആ അഭിമുഖത്തിന്റെ ബഹളം അടങ്ങുംമുമ്പേ അടുത്ത വാര്‍ത്തയെത്തി, മമത കുല്‍ക്കര്‍ണിക്കെതിരെ മയക്കുമരുന്ന് കേസ്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ സോലാപൂരിലെ ഒരു ഫാക്ടറിയില്‍ മുംബൈ നാര്‍ക്കോട്ടിക് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. 18.5 ടണ്‍ എഫ്രഡൈന്‍ എന്ന ലഹരിവസ്തുവാണ് ആ റെയ്ഡില്‍ അവര്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്രവിപണിയില്‍ 2000 കോടി രൂപയായിരുന്നു അന്നതിന് വില. അന്വേഷണത്തില്‍ വിക്കി ഗോസ്വാമിയുടെ ഉടമസ്ഥതതയില്‍ കെനിയയിലുള്ള കമ്പനിയിലേക്കുള്ളതാണ് ആ ലഹരിവസ്തുവെന്നും കണ്ടെത്തി.
വിക്കിക്കൊപ്പം മമതയും കേസിലുള്‍പ്പെട്ടു. വിക്കിയെ കെനിയയില്‍വെച്ചുതന്നെ അറസ്റ്റ് ചെയ്തുവെങ്കിലും, മമതയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ മുംബൈ കോടതി അവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ച്ചയായ സമന്‍സുകള്‍ക്കുശേഷും ഹാജരാകാത്തതിനാല്‍, മുംബൈയിലെ അവരുടെ ഫ്‌ളാറ്റുകളും മറ്റും കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് കേസില്‍നിന്നൊഴിവാക്കാനായി തന്റെ വക്കീല്‍ മുഖേന മുംബൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും, അത് കോടതി തള്ളിക്കളഞ്ഞു. ഇപ്പോഴും കേസ് എവിടെയുമെത്തിയിട്ടില്ല.
Content Highlights: mamta kulkarni, old bollywood actress
Published: 20 Apr 2024, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented