പ്രേമലു'വില്‍ നസ്ലിന്റെ ചങ്കായും 'ഹൃദയ'ത്തില്‍ പ്രണവിന്റെ വില്ലനായുമെല്ലാം തിളങ്ങിയ സംഗീത് പ്രതാപ് എന്ന നടനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കുറച്ച് കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരം 'ജയ് ഗണേഷ്' എന്ന ചിത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. സ്പോട്ട് എഡിറ്ററായി സിനിമാ കരിയര്‍ ആരംഭിച്ച സംഗീത് അധികം വൈകാതെ തന്നെ സ്വതന്ത്ര എഡിറ്ററായി.  'ലിറ്റില്‍ മിസ്സ് റാവുത്തര്‍', '4 ഇയേഴ്സ്', 'പത്രോസിന്റെ പടപ്പുകള്‍' എന്നീ ചിത്രങ്ങളില്‍ എഡിറ്ററുടെ റോളിലെത്തി. തന്റെ സിനിമാവിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുകയാണ് താരം.

To advertise here,

സുഹൃത്തുക്കള്‍ കുടുംബമായി മാറിയ 'പ്രേമലു'
ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്പിക്കുന്ന ഒരാളാണ് ഞാന്‍, പണ്ടുമുതലേ അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ 'പ്രേമലു'വിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തോട് പ്രത്യേക ഇഷ്ടവും അടുപ്പവുമുണ്ട്. 
സിനിമയിലുള്ളവരായാലും അല്ലാത്തവരായാലും സുഹൃത്തുക്കള്‍ക്ക് ഇടയ്ക്ക് നമ്മള്‍ മോട്ടിവേഷനൊക്കെ കൊടുക്കേണ്ടി വരും. അവര്‍ക്കൊരു താങ്ങായി നില്‍ക്കേണ്ട സാഹചര്യങ്ങളും ജീവിതത്തിലുണ്ടാകും. നസ്ലിന്‍ അവതരിപ്പിച്ച സച്ചിനെന്ന കഥാപാത്രത്തിന്റെ  അവസ്ഥയിലൂടെപോലും ജീവിതത്തില്‍ എനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. 

placeholder
.
ഭാര്യക്കൊപ്പം

'പ്രേമലു'വിന്റെ ലൊക്കേഷന്‍ അനുഭവങ്ങളൊക്കെ അടിപൊളിയായിരുന്നു. ശ്യാമിനെയും ഗിരീഷേട്ടനെയും നസ്ലിനെയും ഒക്കെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ശ്യാം എന്റെ കൂടെ 'പത്രോസിന്റെ പടപ്പുകളെ'ന്ന സിനിമയിലുണ്ടായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പത്രോസിന്റെ പടപ്പുകള്‍ എന്നീ ചിത്രങ്ങളിലൂടെ നസ്ലിന്റെ വളര്‍ച്ച കാണാനും എനിക്ക് സാധിച്ചു. 
നസ്ലിനെന്ന സുഹൃത്ത് ഒരു കുടുംബാംഗമായി മാറിയത് 'പ്രേമലു'വിലൂടെയാണ്. ഗിരീഷേട്ടനും ശ്യാമുമായിട്ടുമൊക്കെ ഇത്ര അടുക്കുന്നതും പ്രേമലു എന്ന ചിത്രത്തിലൂടെയാണ്. കാരണം സിനിമയുടെ ഏറിയ ഭാഗം ഷൂട്ടിനും ഹൈദരാബാദില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. കേരളം പോലുമല്ലെന്നത് ഓര്‍ക്കണം. നാട്ടില്‍ നിന്ന് മാറിയപ്പോള്‍ താമസം ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. അങ്ങനെയൊക്കെ അവരുമായി കൂടുതല്‍ അടുത്തു. മമിതയുമായും അഖിലയുമായും നേരത്തെ ചെറിയ പരിചയമുണ്ടായിരുന്നു. 'സൂപ്പര്‍ ശരണ്യ'യില്‍ മമിതയുമായിട്ടായിരുന്നു എനിക്ക് കോമ്പിനേഷന്‍. 'പ്രേമലു'വില്‍ എത്തിയപ്പോഴേക്കും ഇവര്‍ രണ്ടുപേരുമായും കൂടുതല്‍ അടുത്തു. ലൊക്കേഷനില്‍ ഒരുപാട് രസകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

എഡിറ്റര്‍ ടു ആക്ടര്‍
എഡിറ്റിങ് വര്‍ക്കുകള്‍ക്ക് ഇടയിലാണ് അഭിനയിക്കാന്‍ സമയം കണ്ടെത്തുന്നത്. എഡിറ്റിങ്ങും അഭിനയവും രണ്ടും രണ്ടറ്റത്ത് നില്‍ക്കുന്നവയാണ്. എഡിറ്റിങ്ങില്‍ നമ്മള്‍ എത്ര അധ്വാനിച്ചാലും ആളുകള്‍ ചിലപ്പോള്‍ തിരിച്ചറിയണമെന്നില്ല. പക്ഷേ, ഒരു സീനില്‍ വന്നാല്‍ പോലും ആളുകള്‍ ഏറ്റെടുക്കുന്ന മേഖലയാണ് അഭിനയം. ഡ്യുവല്‍ ലൈഫ് എന്നൊക്കെ പറയാം. ജയ് ഗണേഷിന്റെ എഡിറ്റും ചര്‍ച്ചകളുമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ അമല്‍ ഡേവിസേ എന്ന് വിളിക്കുന്നത് കേള്‍ക്കാം.

placeholder
.

'ഹൃദയം' നല്‍കിയ വിനീത്
എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റായിരുന്നു ഞാന്‍. 'സ്വാതന്ത്ര്യം അര്‍ധരാത്രി'യില്‍ എന്ന ചിത്രത്തിലാണ് ആദ്യം വര്‍ക്ക് ചെയ്യുന്നത്. പിന്നീട് പത്തോളം ചിത്രങ്ങള്‍ ഷമീറിക്കയുടെ കൂടെ ചെയ്തു. 'പത്രോസിന്റെ പടപ്പുകളി'ലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്. 'ജയ് ഗണേഷ്' ഞാന്‍ എഡിറ്റ് ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. 
ഞാന്‍ സ്പോട്ട് എഡിറ്ററായിരുന്ന 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ലെ പരിചയംവെച്ചാണ് 'ഹൃദയ'ത്തിലേക്കുള്ള വിനീതേട്ടന്റെ വിളി വരുന്നത്. സെറ്റിലൊക്കെയുള്ള എന്റെ മാനറിസം കണ്ടിട്ടാകണം അദ്ദേഹം വിളിച്ചത്, അല്ലാതെ എന്റെ പ്രകടനം കണ്ടാണെന്ന് കരുതുന്നില്ല. 

പണ്ട് എനിക്ക് അഭിനയമോഹം തീരെയില്ലായിരുന്നു. മുന്‍പ് ഞാന്‍ തന്നെ സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിരുന്നു. അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. 'തണ്ണീര്‍മത്തനി'ല്‍ ചില രംഗങ്ങള്‍ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മടിച്ചു. വിനീതേട്ടന്‍ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ഗൗരവക്കാരനായ കഥാപാത്രമായതിനാലാണ് ചെയ്യാമെന്ന് കരുതിയത്. 
അഭിനയിച്ചതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് 'സൂപ്പര്‍ ശരണ്യ'യിലെ കഥാപാത്രമാണ്. ആ ചിത്രത്തില്‍ കോമഡി ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് സംതൃപ്തി തോന്നി. ഹ്രസ്വ ചിത്രമായ 'വശീകരണ'ത്തില്‍ അഭിനയിച്ചപ്പോള്‍ അഭിനയത്തിനോട് കുറച്ചുകൂടി അടുപ്പം തോന്നിത്തുടങ്ങി. ഇപ്പോഴിതാ 'പ്രേമലു'വിലൂടെ ആളുകള്‍ അമല്‍ ഡേവിസ് എന്ന കഥാപാത്രം സ്വീകരിച്ചപ്പോള്‍ ഉറപ്പായിട്ടും ഇത് നമ്മള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ലെന്ന് പറയുന്നതുപോലെയായി. കാരണം ആളുകള്‍ നമ്മളെ സ്വീകരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്വം വരുമല്ലോ. അതുകൊണ്ട് അഭിനയം ഇവിടെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ഇനിയും  ചെയ്യണമെന്നുണ്ട്. 

placeholder
.

'ജയ് ഗണേഷ്' 
രഞ്ജിത്തേട്ടന്‍ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചിത്രത്തില്‍ ഞാന്‍ സ്പോട്ട് എഡിറ്ററായിരുന്നു. പിന്നീട് 'സണ്ണി'യുടെ ട്രെയിലര്‍ എഡിറ്റ് ചെയ്തു. അവിടെ മുതല്‍ തുടങ്ങിയ യാത്രയാണ്. അതിനുശേഷം അദ്ദേഹമൊരുക്കിയ '4 ഇയേര്‍സ്' എന്ന ചിത്രത്തില്‍ എഡിറ്ററായി എത്തി. ഇപ്പോഴിതാ 'ജയ് ഗണേഷി'ലും എഡിറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കാനായി. 
നമുക്ക് ആവശ്യമായ സ്പേസ് നല്‍കുന്ന സംവിധായകനാണ് അദ്ദേഹം. നമ്മുടെ ഡിപ്പാര്‍ട്ട്മെന്റില്‍ അദ്ദേഹം പൂര്‍ണവിശ്വാസം അര്‍പ്പിക്കുകയും അഭിപ്രായങ്ങള്‍ക്ക് വില നല്‍കുകയും ചെയ്യും. ഇതൊക്കെയാണ് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നതിലെ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍. 

'ജയ് ഗണേഷി'ന്റെ ക്ലൈമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ സെറ്റിലുണ്ടായിരുന്നു. ഉണ്ണിച്ചേട്ടന്‍ വളരെ ആവേശത്തോടെ അഭിനയിച്ച ചിത്രമാണിത്. ഞങ്ങളോടെല്ലാം ബഹുമാനത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന അഭിനേതാവാണ് അദ്ദേഹം.

പിന്തുണയുമായി കുടുംബം
ബി.എസ് സി. ആനിമേഷനാണ്  ഞാന്‍ പഠിച്ചത്. മിമിക്രിയും ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമാശയ്ക്ക് പോലും മിമിക്രി ചെയ്യാറില്ല. കുറെ നാളുകള്‍ക്കുശേഷം 'പ്രേമലു'വിലാണ് മിമിക്രി ചെയ്യുന്നത്. അതിനുമുന്‍പ് തണ്ണീര്‍മത്തന്റെ സെറ്റിലൊക്കെയാണ് മിമിക്രി ചെയ്തത്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒക്കെ മത്സരിച്ചിട്ടുണ്ട്.
അച്ഛന്‍ പ്രതാപ് ക്യാമറാമാനായിരുന്നു. ജയനന്‍ വിന്‍സന്റ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം. 'രാജാവിന്റെ മകന്‍', 'പൂക്കാലം വരവായി' തുടങ്ങിയ ചിത്രങ്ങളിലൊക്കെ അച്ഛന്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ആനിയാണ് അമ്മ. ഭാര്യ ആന്‍സി സംഗീത്. ഞാന്‍ സിനിമയിലെത്തിയപ്പോള്‍ വീട്ടില്‍ നിന്നുള്ള പിന്തുണയ്ക്ക് കുറവൊന്നും സംഭവിച്ചില്ല. എന്റെ  ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ കൂടെനിന്നത് അച്ഛനും അമ്മയും തന്നെയാണ്. അവരുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നുപോലും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നില്ല.