1983-ല്‍ ഇന്ത്യയെ ഞെട്ടിച്ച ഒരാപകടമുണ്ടായി. 'കൂലി' സിനിമയുടെ സെറ്റില്‍ വെച്ച് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു. കോമയിലേക്ക് വരെ വഴുതിപ്പോയ അവസ്ഥ. അദ്ദേഹത്തിന്റെ കുടല്‍ അറ്റുപോയിരുന്നു. ചികിത്സയും പ്രാര്‍ഥനയുമാണ് ബച്ചനെ മടക്കികൊണ്ടുവന്നത്. ഷൂട്ടിങ് സെറ്റില്‍ അപകടം നടക്കുന്നത് ആദ്യമായല്ല. പലപ്പോഴും ഭാഗ്യത്തിന്റെ തലനാരിഴയ്ക്കാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും രക്ഷപ്പെട്ടത്. അങ്ങനെ ചില അപകടങ്ങളുടെ കഥയാണിത്.

1989-ലാണ് ഇന്ത്യയിലെ ഒരു ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ തീപ്പിടുത്തം നടന്നത്. 'ദി സ്‌വോഡ് ഓഫ് ടിപ്പു സുല്‍ത്താന്‍' എന്ന സിനിമ മൈസൂരില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. യുദ്ധരംഗത്തിനായി ഒരുക്കിയ തീ അണയ്ക്കാനാകാത്തവിധം പടര്‍ന്നു പിടിച്ചു. 62 പേരാണ് അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത്. നടന്‍ സഞ്ജയ് ഖാന്‍ അതിഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലാകുകയും ചെയ്തു.

placeholder
സഞ്ജയ് ഖാൻ/AFP

'മദര്‍ ഇന്ത്യ' സിനിമയുടെ ഷൂട്ടിങ്ങിലും ഇതുപോലെ തീ അനിയന്ത്രിതമായി പടര്‍ന്നു. വൈക്കോല്‍ കൂനകള്‍ നിറഞ്ഞ ലൊക്കേഷന്‍ നിമിഷനേരം കൊണ്ട് തീയും പുകയും കൊണ്ട് നിറഞ്ഞു. നായിക നര്‍ഗീസ് തീയ്ക്കുള്ളില്‍ പെട്ടുപോയി. സ്വന്തം ജീവന്‍ വക വെക്കാതെ എടുത്തുചാടിയ സുനില്‍ ദത്താണ് നര്‍ഗീസിനെ രക്ഷിച്ചത്. സുനില്‍ ദത്തിന് കാര്യമായി പരിക്കേറ്റു. 

1999-ല്‍ 'ദില്‍ ക്യാ കരേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നായിക മഹിമ ചൗധരിയുടെ മുഖത്ത് കുപ്പിച്ചീള്‍ തറച്ചിരുന്നു. നായികയുടെ ജീവന് അപകടമാകുമോ മുഖം വികൃതമാകുമോ എന്നൊക്കെ പരക്കെ ആശങ്ക ഉയര്‍ന്നെങ്കിലും വലിയ പരിക്കുകളില്ലാതെ മഹിമ അത്ഭുതകരമായി രക്ഷപ്പെട്ടു. 

placeholder
കാൻ വേദിയിൽ ടീം ദേവദാസ്/AFP

2002-ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ മാസ്റ്റര്‍പീസ് ചിത്രം 'ദേവദാസി'ന്റെ സെറ്റ് പല അപകടങ്ങള്‍ക്കും വേദിയായിട്ടുണ്ട്. സീനില്‍ കൊടുംകാറ്റ് സൃഷ്ടിക്കാന്‍ കൊണ്ടുവന്ന കൂറ്റന്‍ ഫാനിലേക്ക് രണ്ടുപേര്‍ വീണു. ഒരാളുടെ മുഖം പൂര്‍ണമായും നശിച്ചു. തലയ്ക്കേറ്റ ആഘാതത്തില്‍ രണ്ടാമന് മാനസികനില താളം തെറ്റി. സെറ്റില്‍ അബദ്ധത്തില്‍ വഴുതി വീണ ഒരാള്‍ക്ക് മരണം സംഭവിച്ചു. ജനാലയില്‍ ചില്ല് അടര്‍ന്നു വീണും കയ്യിലിരുന്ന ഗ്ലാസ് പോറ്റിയും ഷാരൂഖാനും രണ്ടുവട്ടം മുറിവേറ്റു.

2004-ല്‍ ഐശ്വര്യ റായിക്കും സെറ്റില്‍ അപകടമുണ്ടായി. 'കാക്കി' സിനിമയുടെ സെറ്റില്‍ റിഹേഴ്‌സലിനിടെ നിയന്ത്രണം തെറ്റി വന്ന ജീപ്പ് ഐശ്വര്യയെ ഇടിച്ചു. കാലൊടിയുകയും സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വീണതിനാല്‍ ദേഹമാസകലം മുറിയുകയും ചെയ്തു.

placeholder
വിവേക് ഒബ്‌റോയ് /AFP

അതേ വര്‍ഷം തന്നെ ഐശ്വര്യയുടെ മുന്‍ കാമുകന്‍ വിവേക് ഒബ്റോയിക്കും വാഹനം വില്ലനായി. മണിരത്നത്തിന്റെ 'യുവ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിവേക് സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിമറിയുകയുണ്ടായി.  വിവേകിന്റെ കാലില്‍ മൂന്നിടത്ത് എല്ലുപൊട്ടി. ചോരയില്‍ കുളിച്ച നായകനെ കണ്ട സംവിധായകന്‍ മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

അതിഗുരുതരമായ അപകടമാണ് 'ഷൂട്ടൗട് അറ്റ് വഡാല' എന്ന സിനിമയുടെ സെറ്റില്‍ 2012 ലുണ്ടായത്. നായകനായ അനില്‍ കപൂര്‍ പോലീസ് കമ്മീഷണറുടെ വേഷമാണ്. കലിമക്‌സ് സീനില്‍ നായകന്‍ വില്ലനായ ജോണ് എബ്രഹാമിനെ ഷൂട്ട് ചെയ്യുന്നതാണ് കഥ. 15 അടി അകലെ നിന്ന് അനില്‍ കപൂര്‍ വെടിയുതിര്‍ക്കുന്നതായിട്ടാണ് രംഗം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ്ങിനിടെ തീം അദ്ദേഹത്തെ മുന്നോട്ട് നിര്‍ത്തുകയും വെറും ഒന്നരയടി അകലെ നിന്ന് അദ്ദേഹം ഷൂട്ട് ചെയ്യുകയും ചെയ്തു. ഭാഗ്യത്തിന് വെടിയുണ്ട ജോണിന്റെ കഴുത്തില്‍ ഉരസി കടന്നുപോയി. ചെറിയ വ്യത്യാസത്തിലായിരുനെങ്കില്‍ പോലും മരണം സംഭവിച്ചേനെ.

placeholder
ഹൃതിക് റോഷൻ /PTI

2013-ല്‍ 'ബാങ് ബാങ്' സിനിമയില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ, പാറയില്‍ തലയിടിച്ചു വീണ് ഹൃത്വിക് റോഷന് പരിക്കേറ്റു. തലച്ചോറിനും തലയോട്ടിക്കും ഇടയിലായി രക്തക്കട്ട രൂപം കൊണ്ടതായി സ്‌കാനുകളില്‍ തെളിഞ്ഞു. സര്‍ജറിയിലൂടെ രക്തക്കട്ട നീക്കം ചെയ്തു. ഏറെനാള്‍ അദ്ദേഹം ചികിത്സയിലായിരുന്നു.

കമലഹാസന്റെ 'ഇന്ത്യന്‍ 2' സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ്. വിവാദങ്ങളെ തുടര്‍ന്ന് റിലീസ് ചെയ്ത ചിത്രം രണ്ടാമതും എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു. ഷൂട്ടിങ് സമയത് സെറ്റില്‍ ക്രെയിന്‍ തകര്‍ന്നു വീണ് മൂന്ന് അണിയറപവര്‍ത്തകരാണ് മരണപ്പെട്ടത്. കമലഹാസനും സംവിധായകന്‍ ശങ്കറും സ്ഥലത്തുണ്ടായിരുന്നപ്പോഴായിരുന്നു അപകടം.