'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...'
'ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍നിഴല്‍ മാത്രം വരും.'
'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...'

ഗാനഭിക്ഷാംദേഹികളായി പിന്നാലെ വരുന്നവരുടെ അന്നം മുട്ടിക്കുന്ന ഒരു പരിപാടിയുണ്ട് തമ്പിച്ചേട്ടന്! ഞാന്‍ 'വടക്കന്‍വീരഗാഥ'യ്ക്ക് പാട്ടെഴുതാനിരിക്കുമ്പോള്‍ ഒരു പല്ലവി തുടങ്ങിയത് 'ഇന്ദുലേഖ കണ്‍തുറന്നു ചന്ദ്രകാന്തം സാന്ദ്രമായി' എന്നായിരുന്നു. അപ്പോള്‍ത്തന്നെ അത് വെട്ടിക്കളഞ്ഞത് കണ്ട് ഹരിഹരന്‍മാഷ് ചിരിച്ചു. ആ സാധ്യത പ്രയോഗിക്കാന്‍ പ്രയാസംതന്നെ!

To advertise here,

ഇനിയും എത്രയോ ഉദാഹരണങ്ങള്‍:
'മദംപൊട്ടിച്ചിരിക്കുന്ന മാനം
മനംപൊട്ടിക്കരയുന്ന ഭൂമി
ഇടയില്‍പെട്ടിരതേടിപ്പിടയുന്നു പ്രാണന്‍
എവിടെയോ മറയുന്നു ദൈവം'.

ഇടനെഞ്ച് തുടിക്കുന്ന ഈ വരികളുടെ അടുത്തുകൂടെപ്പോലും ഒരു എഴുത്തുകാരന് സഞ്ചരിക്കാന്‍പറ്റുമോ, ഇനി? സ്വന്തം സ്വഭാവംപോലെ 'വെട്ടൊന്ന് തുണ്ടം രണ്ട്' എഴുത്തിലും തമ്പിച്ചേട്ടന്‍ ഇങ്ങനെതന്നെ! കാര്യം വ്യക്തമാക്കാം: പകുതിപ്പകുതി വയ്ക്കില്ല.

ഈ മഹാനുഭാവനെ ആദ്യം കേട്ടത്, 'താമരത്തോണിയില്‍ താലോലമാടി' എന്ന മനോഹരഗാനത്തിലൂടെയാണ്. നേരില്‍ കണ്ടത്, 1969-ല്‍ പൂഞ്ഞാറില്‍ കൊട്ടാരം വക ഹൈസ്‌കൂളിലെ ഒരു ഓഡിറ്റോറിയം വര്‍ക്കുമായി ബന്ധപ്പെട്ട് വന്നപ്പോള്‍. താമസിച്ചത് കൊട്ടാരം ഗസ്റ്റ് ഹൗസില്‍ എന്റെ കൂടെയായിരുന്നു. അന്ന് അദ്ദേഹത്തെ പരിചരിക്കാനുള്ള ചുമതല ഈ ആരാധകനുള്ളതായിരുന്നു. ത്രില്ലടിച്ച നിമിഷങ്ങള്‍. ചോദ്യങ്ങള്‍കൊണ്ട് ശ്വാസംമുട്ടിച്ച ആ പയ്യനാണ് ഇന്നത്തെ കൈതപ്രമെന്ന് അദ്ദേഹത്തിനറിയുമോ ആവോ!

എത്രയോ ഗാനങ്ങള്‍; പ്രണയപരാജിതന്റെ പാട്ടുകളായിരുന്നു തമ്പിച്ചേട്ടന്റെ ഹിറ്റുകള്‍ മുഴുവന്‍. അത് എന്റെതുമായത് അങ്ങനെയായിരുന്നു. അല്ലെങ്കിലും എനിക്കുമേലേ നില്‍ക്കുന്ന ഭാസ്‌കരന്‍മാഷ്, വയലാര്‍ തുടങ്ങിയവരെക്കാളും എനിക്ക് എന്നോടൊപ്പമെന്ന് തോന്നിയ തമ്പിച്ചേട്ടനോടായിരുന്നു അടുപ്പം, കാവ്യപരമായും വ്യക്തിപരമായും.

'മംഗളം നേരുന്നു ഞാന്‍' എന്ന് ദാസേട്ടന്‍ പാടുന്നത് കേട്ടാല്‍ ഇന്നും എന്റെ കണ്ണുകള്‍ നിറയും.
'ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്നപോലെ'

വിരഹത്തിന് ജീവന്‍കൊടുത്ത മനോഹാരിതയ്ക്ക് ഇനിയുമിനിയും എത്ര ഉദാഹരണങ്ങള്‍.

തമ്പിച്ചേട്ടന്‍ 'ഗാനം' ചിത്രീകരിക്കുന്നതിനിടയിലായിരുന്നു എന്റെ ആത്മസുഹൃത്ത് നെടുമുടിക്ക് ഞാന്‍ വരണമാല്യം പൂജിച്ച് നല്‍കിയത്. കൂട്ടുകാരനും കര്‍മിയും ശാന്തിക്കാരനും കവിയും പ്രധാന കാഴ്ചക്കാരനുമൊക്കെയായിരുന്നു ഞാന്‍. ഞങ്ങളുടെ പ്രിയസുഹൃത്ത് ഇ.സി. തോമസായിരുന്നു സഹമുറിയന്‍. എല്ലാവരും പണിക്കര്‍സാറിന്റെ ശിഷ്യന്മാര്‍. സഹൃദയത്വമായിരുന്നു ഞങ്ങളുടെ കൈമുതല്‍!

തമ്പിച്ചേട്ടന്‍ നാഷണല്‍ അവാര്‍ഡ് ജൂറിയായിരുന്നപ്പോള്‍ 'കേളി' എന്ന പടം കാണാനുണ്ടായിരുന്നുവത്രെ. അതിലെ പാട്ട് ഇഷ്ടമായിരുന്നു-'താരം വാല്‍ക്കണ്ണാടി നോക്കി'യെന്ന ഗാനം അവാര്‍ഡിന് പരിഗണിക്കാന്‍ അദ്ദേഹമാണ് തീരുമാനിച്ചത്. ഉടന്‍ സ്വയംതന്നെ വിവര്‍ത്തനംചെയ്ത് കോപ്പിയെടുത്ത് നല്‍കി. അങ്ങനെ അവസാനനിമിഷംവരെ ആ പാട്ട് മത്സരത്തിനുണ്ടായിരുന്നുവെന്ന് പിന്നീട് തമ്പിച്ചേട്ടന്‍തന്നെ എന്നോട് പറഞ്ഞ ഓര്‍മയുണ്ട്.

സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയിലും 'കല്ലായിക്കടവത്ത്' അവാര്‍ഡിന് വരാത്തതിനെതിരേ അദ്ദേഹം പ്രതികരിച്ചിരുന്നു. ഞാന്‍ വെല്ലൂര്‍ ആസ്പത്രിയില്‍ അനങ്ങാന്‍പോലും വയ്യാതെ കിടന്നപ്പോള്‍, സംസാരിക്കാന്‍ വയ്യാതിരിക്കുമ്പോള്‍ മനോഹരമായ സ്നേഹവചസ്സാല്‍ സാന്ത്വനിപ്പിച്ച അപൂര്‍വം സുഹൃത്തുക്കളില്‍ എന്റെ ചേട്ടനുണ്ടായിരുന്നു.

മറക്കില്ലൊരിക്കലും...ഈ വാക്കുകളിലൂടെ എന്റെ സ്വന്തം ചേട്ടന് സ്നേഹം അര്‍പ്പിക്കുന്നു. ആരോഗ്യവാനായി ദീര്‍ഘകാലം അദ്ദേഹം ഇഷ്ടകവിയായി നമ്മുടെ കൂടെയുണ്ടാവണം-ഉണ്ടാവും.