പുതിയ മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ലോക’ ബോക്‌സ് ഓഫീസില്‍ 300 കോടി പിന്നിട്ടു. ചിത്രത്തിലെ നായിക കല്യാണി പ്രിയദര്‍ശന്‍ ചൊവ്വാഴ്ച രാവിലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസ് വിവരങ്ങളും പുറത്തുവിട്ടു. സ്ട്രീമിങ് ആപ്പായ ജിയോഹോട്ട്സ്റ്റാര്‍, ‘ലോക’ ഉടന്‍ തന്നെ പ്ലാറ്റ്ഫോമില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എന്നാല്‍, റിലീസ് തീയതി അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ''ഒരു പുതിയ പ്രപഞ്ചത്തിന്റെ തുടക്കം. ലോക ചാപ്റ്റര്‍ 1: ചന്ദ്ര ജിയോഹോട്ട്സ്റ്റാറില്‍ ഉടന്‍ വരുന്നു,'' സിനിമയുടെ പോസ്റ്ററിനൊപ്പം അവര്‍ കുറിച്ചു. സിനിമ ഓണ്‍ലൈനായി കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന് ഒരാള്‍ ഇതിന് നന്ദി പറഞ്ഞു. 'യെസ്സ് ഒടുവില്‍..... ഈ മനോഹരമായ സമ്മാനത്തിന് നന്ദി' അവര്‍ എഴുതി.

''ഡേറ്റ് പറ, ഡേറ്റ് പറ'' എന്ന് മറ്റൊരാള്‍ കുറിച്ചു. ''ബ്രോ, ദയവായി ഇത് ഹിന്ദിയിലും ഇറക്കണം'' ഒരു ആരാധകന്‍ അഭ്യര്‍ത്ഥിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' ഡൊമിനിക് അരുണ്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നടി കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഒരു സൂപ്പര്‍ഹീറോയുടെ വേഷത്തിലാണ് എത്തുന്നത്. നസ്ലിൻ, ചാന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

'ലോക ചാപ്റ്റര്‍ 1' 2025 ഓഗസ്റ്റ് 28-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസിന് ശേഷം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ, ദുല്‍ഖര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു.

സെപ്റ്റംബറില്‍, 'വെന്‍ ലെജന്‍ഡ്സ് ചില്‍: മൈക്കിള്‍ ആന്‍ഡ് ചാര്‍ളി' എന്ന പേരില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് 'ലോക ചാപ്റ്റര്‍ 2'-ന്റെ ആദ്യ സൂചന ആരാധകര്‍ക്ക് നല്‍കി. ചിത്രത്തിലെ ടൊവിനോ തോമസിന്റെ കഥാപാത്രമായ ചാത്തനെ കേന്ദ്രീകരിച്ചായിരിക്കും സിനിമയെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi