1999-2000 കാലഘട്ടത്തിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'ബീവി നമ്പർ 1'. അതിലൊരു രംഗത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം പറയുകയാണ് കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ. മെറ്റാലിക് ഗൗൺ ആയിരുന്നു ചിത്രീകരണത്തിനായി നടി കരിഷ്മ കപൂർ ധരിച്ചിരുന്നത്. ക്യാമറയിൽ തിളങ്ങാൻ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ആകർഷകമായൊരു വസ്ത്രമായിരുന്നു അത്. എന്നാൽ വസ്ത്രം അപകടമായി. അതിലെ മൂർച്ചയേറിയ ലോഹഭാഗങ്ങൾ കരിഷ്മയുടെ ശരീരത്തിൽ തറഞ്ഞു. വസ്ത്രത്തിൽ രക്തക്കറ പുരളുകയും ചെയ്തു.

"സ്വർണ്ണ വസ്ത്രത്തിൽ ചുവപ്പ് നിറം വരുന്നത് ഞാൻ കണ്ടു. രക്തം ശ്രദ്ധയിൽപ്പെട്ടപ്പോൾ, കോറിയോഗ്രാഫർ ചിത്രീകരണം നിർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ നിർദ്ദേശിച്ചു. എന്നാൽ കരിഷ്മ അതിന് സമ്മതിച്ചില്ല. ഇതൊരു പൂർണ സെറ്റാണെന്ന് അവർ പറഞ്ഞു, അന്നുതന്നെ ആ രംഗം പൂർത്തിയാക്കുന്നതാണ് നല്ലതെന്നും അവർ നിർബന്ധം പിടിച്ചു"- ആഷ്ലി വിവരിച്ചു.

പരിക്കുകൾ കൈകാര്യം ചെയ്യാൻ, ടീം കരിഷ്മയുടെ മെറ്റാലിക് വസ്ത്രത്തിൻ്റെ അടിയിൽ ഒരു ബാൻ്റേജ് വെച്ച്, അതിന് മുകളിൽ ത്വക്കിൻ്റെ നിറമുള്ള ഒരു വസ്ത്രം ധരിപ്പിച്ചു. അതിന് മുകളിൽ ലോഹ വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. ഈ താൽക്കാലിക സംവിധാനം ഉപയോഗിച്ച്, രക്തസ്രാവമുണ്ടായിട്ടും അവർ ചിത്രീകരണം പൂർത്തിയാക്കി.

എന്തുകൊണ്ടാണ് ശരീരം മുറിഞ്ഞത് ആരെയും അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ, പരിക്ക് എപ്പോൾ പറ്റിയതാണെന്ന് തനിക്കറിയില്ലെന്നായിരുന്നു കരിഷ്മയുടെ പ്രതികരണം. അപ്പോൾ, ഇങ്ങനെ സംഭവിക്കുമെന്ന് താൻ വിചാരിച്ചില്ലെന്നും. അഭിനയത്തിൽ മാത്രമായിരുന്നു അപ്പോൾ കരിഷ്മയുടെ ശ്രദ്ധ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi