
നമ്മുടെ ജീവിതത്തിൽ ഓർക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും നല്ല ഒരു കാലം ഉണ്ടാകുന്നത് സുഖമുള്ളൊരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നലെകൾക്ക് ഭംഗിയുണ്ടാവുന്നത് ഇന്നാകുമ്പോഴാണെന്നുള്ള കവിഭാവന പോലെ കഴിഞ്ഞുപോയ പല പല ഇന്നലെകൾ മനസ്സിനുള്ളിൽ സ്ഥിരമായി സ്ഥാനംപിടിച്ച് പള്ളിയുറക്കം നടിച്ച് ഉറങ്ങുന്നതിനെയാണല്ലോ നമ്മൾ ഓർമ്മകൾ എന്നു പറയുന്നത്. ഓർമ്മകൾക്ക് നല്ലതും ചീത്തയും എന്ന മൂന്നക്ഷരവുമുണ്ട്. മധുരമുള്ളതിനേക്കാൾ കൂടുതലായി കയ്‌പേറിയ ഓർമ്മകളാണ് ഓരോ മനുഷ്യന്റേയും നെഞ്ചകത്തുള്ളതെന്ന് പല ചങ്ങാതിമാരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ ഓർമ്മകൾക്കും പക്ഷപാതമുണ്ടെന്ന് തമാശയായി ഞാൻ പറയുകയും ചെയ്യും. ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒറ്റ ഓർമ്മയേയുള്ളൂ. വർഷങ്ങൾക്കു മുൻപ്് എന്റെ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട ആ ഒരുദിനം. ആ ഓർമ്മകൾ എന്നിൽ നിന്നും ഒരിക്കലും വിട്ടുപോകുകയുമില്ല. അല്ലാതെയുള്ള നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ പലതും ഉണ്ടായാലും അതൊക്കെ ചെറുതും വലുതുമായ സന്തോഷങ്ങളെക്കുറിച്ചോർത്ത് ഞാൻ മറക്കുകയും ചെയ്യും.
ഇത്രയും ആമുഖമായി ഇന്നലെകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചുമൊക്കെ അയവിറക്കാനുള്ള വഴിതുറന്നത് എന്റെ കഥയിലെ നായികമാർ എന്ന കോളത്തിൽ ഗോപിക എന്ന താരസുന്ദരിയെക്കുറിച്ചുള്ള കുറിപ്പെഴുത്തിന് തുടക്കം കുറിക്കാനിരുന്നപ്പോഴാണ്. ഗോപികയെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ എപ്പോഴും നല്ല നല്ല ഓർമ്മകളാണുള്ളത്. ഗേളി എന്ന പതിനെട്ടിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി ഗോപികാ എന്ന വസന്തമായി മാറിയ നല്ല ഓർമ്മകളിലേക്ക് ഒന്നുപോകാം.
പുതുമുഖ നടനായിരുന്ന ജയസൂര്യയെ നായകനാക്കി വിനയനും ഞാനുംകൂടി ചെയ്ത ചിത്രമാണ് 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ'. മോഹൻലാലിനെ വെച്ചുമാത്രം സിനിമകൾ ചെയ്തുകൊണ്ടിരുന്ന പ്രശസ്ത നിർമ്മാതാവായ പി. കെ. ആർ. പിള്ള ഒരു ഇടവേളയ്ക്കുശേഷം ചെയ്ത ഒരു ഇടത്തരം സിനിമയായിരുന്നു അത്. സൂപ്പർ താരങ്ങളാരുമില്ലാതെ ഒരു പുതുമുഖനായകനെ കേന്ദ്രകഥാപാത്രമാക്കിയ ഈ ചിത്രം ഇത്രവലിയ വിജയം നേടുമെന്ന് ഞങ്ങളാരും കരുതിയതേയില്ല.
വളരെ തുറന്ന മനസ്സുള്ള ഒരാളാണ് പിള്ളച്ചേട്ടൻ. വിജയങ്ങളിൽ വല്ലാതെ സന്തോഷിക്കുകയും പരാജയങ്ങളിൽ ആരെയും കുറ്റപ്പെടുത്താതെ അടുത്ത സിനിമയിൽ അതു തിരിച്ചുപിടിക്കാമെന്നുള്ള ശുഭപ്രതീക്ഷയുമായി കഴിഞ്ഞിരുന്ന ആളായിരുന്നു അദ്ദേഹം. ഊമപ്പെണ്ണ് വൻ വിജയമായപ്പോൾ അദ്ദേഹത്തിന് ഉടനെത്തന്നെ അടുത്ത പടം തുടങ്ങണം. വിനയൻ അടുത്ത പുതിയ സിനിമ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നതുകൊണ്ട് പിള്ളച്ചേട്ടന്റെ പുതിയ പടം ചെയ്യാനായില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ വിനയൻ എന്നോടു പറഞ്ഞു,
'ഈ പടം നിങ്ങൾ വേറെ ഏതെങ്കിലും സംവിധായകനെവെച്ച് ചെയ്യൂ. അടുത്തപടം നമ്മൾക്ക് ചെയ്യാം.'
അങ്ങനെയാണ് പിള്ളച്ചേട്ടന്റെ പുതിയചിത്രമായ 'പ്രണയമണിത്തൂവലി'ന്റെ സംവിധായകനായി തുളസീദാസ് വരുന്നത്. തുളസീദാസ് എറണാകുളത്തുവന്ന് പിള്ളച്ചേട്ടനെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ച് വേഗം തന്നെ പ്രോജക്ടിലേക്ക് കടക്കുകയും ചെയ്തു. ജയസൂര്യയെത്തന്നെ നായകനാക്കി പുതിയ സിനിമ ചെയ്യണമെന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷേ, ആ സമയത്ത് മറ്റൊരു സിനിമയ്ക്കു വേണ്ടി കോൾഷീറ്റ് കൊടുത്തിരുന്നതുകൊണ്ട് ജയസൂര്യയെ കിട്ടിയില്ല. എന്നാൽ രണ്ടുമാസം കൂടി കഴിഞ്ഞിട്ട് സിനിമ തുടങ്ങാമെന്ന് ഞാൻ പറഞ്ഞപ്പോൾ പിള്ളച്ചേട്ടൻ പറഞ്ഞതിങ്ങനെയാണ്;
'ഏതായാലും നമ്മൾ എല്ലാം തീരുമാനിച്ചുകഴിഞ്ഞില്ലേ, പല നടന്മാർക്കും അഡ്വാൻസും കൊടുത്തു. നിങ്ങൾ വേറെ ഏതെങ്കിലും നായകനെ കിട്ടുമോയെന്ന് നോക്ക്. എത്രയെത്ര നടന്മാരാണിവിടെയുള്ളത്...' പിള്ളച്ചേട്ടൻ അല്ലേലും അങ്ങനെയാണെന്ന് പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചാൽ പിന്നെ പുറകോട്ടുപോകുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. പിന്നെ ജയസൂര്യയ്ക്കുപകരം ഞങ്ങൾ നായകനാക്കിയത് നല്ലഭംഗിയുള്ള ചെറിയ പൂച്ചക്കണ്ണുള്ള വിനീത് കുമാറിനെയാണ്. ജയസൂര്യയെ നാലഞ്ച് സീനിൽ വരുന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രം കൊടുത്ത് ഗസ്റ്റ് റോളിൽ കൊണ്ടുവരികയും ചെയ്തു.
നായികയായി ഞങ്ങൾ അന്നത്തെ മാർക്കറ്റ് വാല്യൂവുള്ള ഒന്നുരണ്ടുപേരെ നോക്കിയെങ്കിലും കോൾഷീറ്റ് പ്രശ്‌നത്തിന്റെ പേരിൽ ആരെയും തീരുമാനിക്കാനായില്ല. ഷൂട്ടിങ്ങിനുമുൻപ് ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുദിവസം മുൻപുവരെ ഞങ്ങളിലേക്ക് ഒരു നായികാസ്വരൂപവും കടന്നുവന്നില്ല. നായികയില്ലാതെ നാലഞ്ചു ദിവസത്തെ വർക്കുണ്ടെങ്കിലും അത് കഴിഞ്ഞാൽ പിന്നെ എന്തുചെയ്യും എന്ന ടെൻഷനിലായിരുന്നു എല്ലാവരും. എറണാകുളത്തെ ഹൈവേ ഗാർഡൻ ഹോട്ടലിലായിരുന്നു എല്ലാവരും ക്യാമ്പുചെയ്തിരുന്നത്. സംവിധായകൻ, ക്യാമറാമാൻ, പ്രൊഡക്ഷൻ കൺട്രോളർമാർ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് തുടങ്ങിയ പ്രധാനപ്പെട്ട എല്ലാവരും ഹോട്ടലിൽ എത്തിക്കഴിഞ്ഞിരുന്നു.
അന്ന് വൈകുന്നേരം ഞാൻ ഹോട്ടൽമുറിയിലിരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഒരു ഫോൺ വരുന്നു. എറണാകുളത്ത് ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന താഹ എന്ന ഒരാളുടെ കോളാണ്. ഞങ്ങൾ ഒരു നായികയെ തിരഞ്ഞ് നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്ന വിവരം അറിഞ്ഞുകൊണ്ടുള്ള വിളിയാണ്. അയാൾ നായികാവിഷയം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
'നിങ്ങൾ ഉടനെതന്നെ ഹൈവേ ഗാർഡനിലേക്ക് വരൂ. കൂടുതൽ കാര്യങ്ങൾ ഇവിടെ വന്നിട്ട് സംസാരിക്കാം.'
ഫോൺവച്ച് അരമണിക്കൂറിനുള്ളിൽ തന്നെ താഹ എന്റെ മുറിയിലെത്തി. പുതുമുഖ നായികയുടെ ബയോഡാറ്റയും ഫോട്ടോയും എന്റെ മുൻപിൽ അവതരിപ്പിച്ചു.
'ഗേളി എന്നാണ് പെൺകുട്ടിയുടെ പേര്. തൃശ്ശൂരിൽ ഒല്ലൂർ സ്വദേശിയാണ്. പതിനെട്ട് വയസ്സാകാൻ പോകുന്നു. അച്ഛൻ ആന്റോ, അമ്മയുടെ പേര് ജെസ്സി. ഗേളി തൃശ്ശൂർ വിമലാകോളേജിലെ മിസ് യൂണിവേഴ്‌സാണ്. നന്നായി നൃത്തം ചെയ്യും.'
കേട്ടപ്പോൾ ആളെ ഒന്ന് കണ്ടുനോക്കാമെന്ന് എനിക്ക് തോന്നി. ഒല്ലൂരിൽനിന്നും ഇവിടെ എത്താൽ അത്ര സമയമൊന്നും വേണ്ടല്ലോ. ആരെയും കിട്ടാത്ത സ്ഥിതിക്ക് ഈ പുതുമുഖം ചിലപ്പോൾ ഓക്കെയാകുമെന്ന് എന്റെ മനസ്സ് പറഞ്ഞു. തുളസീദാസ് അപ്പോൾ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് ഞാൻ അപ്പോൾ തന്നെ തുളസിയെ വിളിച്ച് വിവരം പറഞ്ഞു.
പിറ്റേന്ന് രാവിലെ പത്തുമണിയായപ്പോൾ ഗേളിയും അമ്മയും അമ്മയുടെ സഹോദരനും കൂടിയാണ് എന്നെ കാണാൻ ഹോട്ടലിൽ വന്നത്. ഒരു സാധാരണ പെൺകുട്ടിയുടെ രൂപചാതുര്യവുമായി അല്പം അമ്പരപ്പും പകപ്പുമായി നിൽക്കുകയാണ് ഗേളി. യാതൊരു ചായംതേക്കലോ അലങ്കാരകലർപ്പുകളോ ഒന്നുമില്ല. മേക്കപ്പ് ചെയ്തുവന്നാൽ കുറേക്കൂടി ഭംഗിയുണ്ടാകും. നാലഞ്ചുദിവസം അഭിനയിച്ചുകഴിയുമ്പോൾ ആള് അല്പം കൂടി മിടുക്കി കുട്ടിയായി മാറാനും സാധ്യതയുണ്ട്. ഞാൻ ഉടനെ തന്നെ തുളസീദാസിനെ വിളിച്ചുവരുത്തി അവരെ പരിചയപ്പെടുത്തി. ഫോട്ടോഗ്രാഫർ പെൺകുട്ടിയെക്കുറിച്ചുള്ള ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എന്നോട് നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് ഗേളിയുടെ അങ്കിളാണ് തുളസിയോട് സംസാരിച്ചത്. തുളസീദാസിനും പുതുമുഖതാരത്തെ ഇഷ്ടപ്പെട്ടു. അങ്ങനെ ഗേളിയെ തന്നെ നായികയാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.
ഉച്ചയ്ക്ക് റസ്റ്റോറന്റിൽ അവർ ഊണ് കഴിക്കാൻ പോയപ്പോൾ എന്റെ മനസ്സിൽ ആ കുട്ടിയുടെ പേര് ഒന്ന് മാറ്റിയാലോ എന്ന ചിന്തയായിരുന്നു. ഗേളി അത്ര സുഖമുള്ള പേരായി എനിക്ക് തോന്നിയില്ല. ആ ആലോചനയ്ക്കിടയിലാണ് പുതിയൊരു പേര് എന്റെ മനസ്സിലേക്ക് കടന്നുവന്നു. ഗോപിക. എന്റെ ഒരു നോവലിലെ തമ്പുരാട്ടിക്കുട്ടിയുടെ പേര് ഗോപികയെന്നായിരുന്നു. തുളസീദാസിനോട് പറഞ്ഞപ്പോൾ അയാൾക്കും ഗോപികഎന്ന പേര് ഒത്തിരി ഇഷ്ടപ്പെട്ടു. തുളസീദാസാണ് ഗോപികയുടെയും അമ്മയുടെയും അടുത്ത് ചെന്ന് ഗോപിക എന്ന പുതിയ പേരിനെക്കുറിച്ച് ആദ്യം പറഞ്ഞത്. പേര് അവർക്കിഷ്ടപ്പെട്ടോ എന്നുള്ള ചോദ്യത്തിന് ഗേളി മറുപടി പറയാതെ നിഷ്‌കളങ്കമായ ഒരു ചിരിയാണ് പാസ്സാക്കിയത്. ഗേളിയുടെ അമ്മ ഇങ്ങനെയാണ് പറഞ്ഞത്.,
'നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിൽ ഞങ്ങൾക്കും ഇഷ്ടമായി.'
പിന്നെ ഒട്ടും താമസിയാതെ തന്നെ എന്റെ മുറിയിൽ എല്ലാവരെയും വിളിച്ചുകൂട്ടി എന്റെ കാർമ്മികത്വത്തിൽ ഗോപിക എന്ന ഒരു പേരിടൽ കർമ്മവും നടന്നു.
എറണാകുളത്തുവച്ചായിരുന്നു പ്രണയമണിത്തൂവലിന്റെ ഷൂട്ടിങ്. അഭിനയമെന്നു കേൾക്കുമ്പോൾ തന്നെ ഗോപികയുടെ മുഖത്ത് പേടിയും ടെൻഷനും പടരാൻ തുടങ്ങും. അത് മനസ്സിലാക്കിയ തുളസീദാസ് രണ്ടുമൂന്ന് ദിവസം വെറുതെ ലൊക്കേഷനിൽ വരുത്തിയിട്ട് മറ്റുള്ള ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നതും അവരുടെ ഡയലോഗ് മോഡുലേഷനുമൊക്കെ കണ്ട് മനസ്സിലാക്കാനുംവേണ്ടി ഒരു സ്റ്റഡിക്ലാസ് നടത്തിയതിനുശേഷമാണ് ഗോപികയെ ആദ്യമായി ക്യാമറയുടെ മുൻപിൽ നിർത്തിയത്. വിനീതും ഗോപികയും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനാണ് ആദ്യമെടുത്തത്. ഗോപികയുടെ ആദ്യ ദിവസത്തെ അഭിനയത്തെക്കുറിച്ച് തുളസി എന്നോട് പറഞ്ഞ രസകരമായ ഒരു വാചകമുണ്ട്.
' അഭിനയമൊന്നും വലിയ കുഴപ്പമില്ല. പേടിച്ചിട്ട് സംഭാഷണം പുറത്തേക്ക് വരുന്നില്ല. വെറും ശ്വാസം മാത്രമേ വരുന്നുള്ളൂ.'
ചിത്രം റിലീസായി കഴിഞ്ഞപ്പോൾ ഗോപികയെ തേടി ഒത്തിരി അവസരങ്ങളാണ് വന്നുചേർന്നത്. നാലഞ്ചുവർഷക്കാലം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ ഒരിളം തെന്നൽ പോലെ ഗോപികയുടെ പേര് അങ്ങനെ പാറി പറന്ന് നടക്കുകയായിരുന്നു.
പ്രണയമണിത്തൂവൽ പാക്കപ്പായ ദിവസം ഗോപിക പറഞ്ഞ ഒരു വാചകമുണ്ട്.
' ഷൂട്ടിങ് തുടങ്ങിയ ആദ്യദിവസം അഭിനയമെന്ന് പറയുന്നത് എനിക്ക് പറ്റുന്ന പണിയല്ലെന്ന് തോന്നിയപ്പോൾ എങ്ങനെയെങ്കിലും അവിടന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്നാണ് ഞാൻ കരുതിയത്.'
ചിത്രം റിലീസായിക്കഴിഞ്ഞപ്പോൾ മലയാളത്തിൽനിന്ന് ഗോപിക എന്ന പുതുമുഖ നായികയെതേടി വളയെയധികം അവസരങ്ങളാണ് വന്നുചേർന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, സുരേഷ്‌ഗോപി, ജയസൂര്യ തുടങ്ങിയ മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെകൂടെയെല്ലാം അഭിനയിക്കാൻ കഴിയുകയെന്നത് മറ്റൊരു നടിക്കും കിട്ടാത്ത വലിയൊരു ഭാഗ്യമായിരുന്നു. പ്രണയമണിത്തൂവലിനുശേഷം എന്റെ ഒരു ചിത്രത്തിലും ഗോപികയെ പിന്നെ പങ്കെടുപ്പിക്കാനായില്ല. എന്റെ ഒരു ചിത്രത്തിലേക്ക് ഞാൻ വിളിച്ച സമയത്ത് ഗോപിക ഒന്നുരണ്ട് തമിഴ് സിനിമകളുടെ തിരക്കിലായിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഗോപിക ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടിയുടെ ചിത്രങ്ങളിലാണ്. ഏഴ് സിനിമകളിൽ. ഗോപിക അഭിനയിച്ചതിൽ അവർക്കേറ്റവും ഇഷ്ടപ്പെട്ടത് ചാന്തുപൊട്ട്, വെറുതെ ഒരു ഭാര്യ, ഓട്ടോഗ്രാഫ് (തമിഴ്) എന്നിവയായിരുന്നു. 2003ൽ സിനിമ എന്ന മായിക ലോകത്തേക്ക് കടന്നുവന്ന ഗോപിക തിരക്കിൽനിന്നും തിരക്കിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്ന സമയത്താണ് 2008ൽ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. സിനിമ എന്ന ഗ്ലാമർലോകത്ത് എത്ര മിന്നി നിന്നാലും വിവാഹം, കുടുംബം എന്ന മഹത്തായ ഒരു സത്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഗോപികയുടെ ഫാദർ ആന്റോ പെട്ടെന്നുകയറിവന്ന നല്ലൊരു വിവാഹബന്ധത്തിലേക്ക് മകളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. നല്ലൊരു കുടുംബത്തിൽ അച്ഛനമ്മമാരുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഗോപിക മറുത്തൊരു വാക്കും പറയാതെ സിനിമ വിട്ട് പെട്ടെന്ന് തന്നെ അജിലേഷ് എന്ന ഡോക്ടറുടെ ഭാര്യാപദം സ്വീകരിക്കുകയായിരുന്നു. ഗോപിക ഇന്ന് ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഓസ്‌ട്രേലിയയിൽ സന്തോഷകരമായ ജീവിതം നയിച്ചുവരികയാണ്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The story of how actress Gopika was discovered for her debut film., Kaloor Dennis's role in renaming her from 'Girly' to 'Gopika'., Behind-the-scenes details of her first movie, 'Pranayamani Thooval'., Insights into her initial struggles with acting and dialogue delivery., A brief overview of her successful career and life after cinema.
Published: 28 Feb 2026, 03:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented