ആത്മീയചാര്യൻ ശ്രീ ശ്രീ രവിശങ്കറിൻ്റെ ജീവചരിത്രം പറയുന്ന സിനിമയാണ് 'വൈറ്റ്'. വിക്രാന്ത് മാസ്സിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇക്കൊല്ലം അവസാനം റിലീസ് ചെയ്യുമെന്നാണറിയുന്നത്. ചിത്രത്തിനായി ഏറെ പ്രാധാന്യത്തോടെ ഒരുക്കുന്ന സമാധാന ഗാനം പോപ് ഗായിക ജെന്നിഫർ ലോപസ് ആലപിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിർമ്മാണ കമ്പനി പങ്കുവെച്ച പത്രക്കുറിപ്പ് അനുസരിച്ച്, വൈറ്റ് എന്ന ചിത്രത്തിന്റെ ആത്മാവിനെ നിർവചിക്കുന്ന തീം ഗാനം ഇംഗ്ലീഷും സ്പാനിഷും ഉൾക്കൊള്ളുന്നതായിരിക്കും. മൈക്കിൾ ജാക്സന്റെ 'ഹീൽ ദി വേൾഡ്' പോലുള്ള ഇതിഹാസ ഗാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലോക സമാധാനത്തിനും സ്നേഹത്തിനും ഏകത്വത്തിനുമായുള്ള ഇന്ത്യൻ തത്വങ്ങളെ ഉയർത്തിക്കാട്ടുന്ന ഗാനമായിരിക്കുമിത്.

'വൈറ്റ്' സിനിമയുടെ അണിയറപ്രവർത്തകർ ജെന്നിഫർ ലോപസിനെ സമീപിച്ചുകഴിഞ്ഞെന്നാണ് വിവരം. അതേസമയം, സിനിമയുടെ ചിത്രീകരണം ഏറെക്കുറെ പൂർത്തിയായി. ചിത്രീകരണം ഭൂരിഭാഗവും അമേരിക്കയിലായിരുന്നു. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും ഭൂരിഭാഗം പേരും അന്താരാഷ്ട്ര തലത്തിലുള്ളവരുമാണ്. 'നാർക്കോസ്' പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ ജുവാൻ കാർലോസ് ഗിൽ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.

ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രം നിർമ്മിക്കും. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണിത്. മറ്റ് അന്താരാഷ്ട്ര ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്. പരസ്യചിത്ര സംവിധായകനായ മോണ്ടൂ ബസ്സിയാണ് സംവിധാനം. സിദ്ദാർഥ് ആനന്ദ്, മഹാവീർ ജെയ്ൻ എന്നിവർ പിന്തുണയ്ക്കും.

വിക്രാന്ത് മാസി കഴിഞ്ഞ മാർച്ചിൽ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ ശ്രീ ശ്രീ രവിശങ്കറിനെ സന്ദർശിച്ചിരുന്നു. വിക്രാന്തിനൊപ്പം ഭാര്യ ഷീതൾ താക്കൂറും മകനുമുണ്ടായിരുന്നു, ചിത്രങ്ങൾ ഷീതൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi