പ്രധാനപ്പെട്ട താരങ്ങളെ കാമിയോ റോളില്‍ കൊണ്ടുവരിക എന്നത് സമീപകാലത്ത് ഇന്ത്യന്‍ സിനിമകളില്‍ കണ്ടുവരുന്ന ട്രെന്‍ഡുകളിലൊന്നാണ്. പല ചിത്രങ്ങളിലും സൂപ്പര്‍താരങ്ങള്‍ വരെ അതിഥികളായി അഭിനയിപ്പിച്ചു. രജനികാന്തിന്റെ കൂലിയില്‍ ആമിര്‍ ഖാനായിരുന്നു അതിഥി. വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പയില്‍ മോഹന്‍ലാലും പ്രഭാസുമെല്ലാം അതിഥികളായെത്തി. എന്നാല്‍, സൂപ്പര്‍താരങ്ങളെ കൊണ്ടുവരുന്നതിന് പകരം സൂപ്പര്‍ സംവിധായകരെ അതിഥികളായി കൊണ്ടുവരാനുളള ഒരുക്കത്തിലാണ് തമിഴ് സൂപ്പര്‍താരം വിജയ്. തന്റെ അടുത്ത ചിത്രമായ ജനനായകനില്‍ തമിഴിലെ പ്രമുഖ സംവിധായകരായ ലോകേഷ് കനഗരാജ്, നെല്‍സണ്‍, ആറ്റ്‌ലി എന്നിവര്‍ കാമിയോ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവരും മാധ്യമപ്രവര്‍ത്തകരുടെ റോളുകളിലായിരിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ വിജയിയുടെ 69-ാം ചിത്രമാണ്.

ലോകേഷ്, നെല്‍സണല്‍, ആറ്റ്‌ലി എന്നിവരുടെ ചിത്രങ്ങളില്‍ മുമ്പ് വിജയ് നായകനായിട്ടുണ്ട്. മാസ്റ്റര്‍, ലിയോ എന്നിവയാണ് വിജയ്- ലോകേഷ് കോമ്പോയില്‍ പിറന്ന ചിത്രങ്ങള്‍. ബീസ്റ്റാണ് നെല്‍സണ്‍ സംവിധാനം ചെയ്ത വിജയ് ചിത്രം. ബിഗില്‍, തെരി എന്നിവയാണ് ആറ്റ്‌ലിയുടെ വിജയ് ചിത്രങ്ങള്‍. ഇവര്‍ക്ക് പുറമെ തമിഴിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കാമിയോ റോളിലുണ്ടാകുമെന്നാണ് സൂചന.

പൊളിറ്റിക്കല്‍- ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ജനനായകനില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ് അടക്കമുള്ളവരും പ്രധാനവേഷങ്ങളിലുണ്ട്. അടുത്തവര്‍ഷം തുടക്കത്തിലായിരിക്കും സിനിമയുടെ റിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi