രു ദശാബ്ദംമുന്‍പ് അമേരിക്കയിലെ ഡിസ്നി സ്റ്റുഡിയോയില്‍ വീഡിയോ ഗെയിമുകള്‍ക്ക് സംഗീതം നല്‍കിയ ഒരു ഈരാറ്റുപേട്ടക്കാരനുണ്ടായിരുന്നു. മികച്ച ശമ്പളം, താമസം, മറ്റ് സൗകര്യങ്ങളെല്ലാം... അതൊരു സ്വപ്‌നജീവിതമായിരുന്നു. എന്നാല്‍, ഒരുദിവസം ആ ഡ്രീംവേള്‍ഡ് വിട്ട് അയാള്‍ ചെന്നൈയില്‍ വിമാനമിറങ്ങി. സിനിമാസ്വപ്‌നങ്ങള്‍ പൂക്കുന്ന ചെന്നൈ തെരുവുകളിലൂടെ ഭാഗ്യംതേടി അലഞ്ഞു, മെല്ലെ സിനിമകളില്‍ അയാളുടെ സംഗീതം നിറഞ്ഞു. തുടക്കത്തിലെ പരാജയങ്ങളില്‍ തളരാതെ അയാള്‍ സംഗീതത്തിന്റെ തോണിതുഴഞ്ഞു. മെല്ലെ ആ തോണി വിജയചക്രവാളം തൊട്ടു.'ധ്രുവങ്ങള്‍ പതിനാറ്', 'ക്വീന്‍', 'രണം'... ആ പുതുതാളം 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ പതിഞ്ഞു.ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നായി. ഓണം റിലീസുകളില്‍ ബോക്‌സോഫീസില്‍ കുതിക്കുന്ന 'ലോക: പാര്‍ട്ട് വണ്‍ ചന്ദ്ര'യുടെ പിന്നിലും ജേക്‌സ് മാജിക്കാണ്. തിയേറ്ററില്‍ കണ്ടിരിക്കുന്ന പ്രേക്ഷകരെ കൊണ്ട് കൈയടിപ്പിക്കുന്ന പശ്ചാത്തലസംഗീതവും ആഘോഷമാക്കാവുന്ന പാട്ടുകളും. മാസങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ 'തുടരും' ജേക്സ് ബിജോയ് മാജിക്കിന്റെ മറ്റൊരുതലം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. പിന്നാലെ 'നരിവേട്ട' യിലെ മിന്നല്‍വളയുമായെത്തി സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ചു. ലോക: പാര്‍ട്ട് വണ്‍ ചന്ദ്ര, 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി', 'തുടരും', 'നരിവേട്ട'... ഹാട്രിക് ഹിറ്റില്‍ ജേക്സ് ഹാപ്പിയാണ്.

To advertise here,

ഹാപ്പി മൊമന്റാണോ ഇത് ?

ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്ക് കാലം കാത്തുവെച്ച സമ്മാനം പോലൊരു സമയം. 'തുടരും' പോലെയൊരു മെഗാ ഹിറ്റ് മലയാളത്തില്‍ ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അയ്യപ്പനും കോശിയും, ജനഗണമന, കടുവ, പൊറിഞ്ചുമറിയം ജോസ്, ഫൊറന്‍സിക്, ഓപ്പറേഷന്‍ ജാവ തുടങ്ങി ഹിറ്റുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ 'തുടരും' പോലൊരു വിജയം ഇതുവരെയില്ലാത്ത അനുഭവമായിരുന്നു. അതിനുശേഷം നാട്ടില്‍ പോയപ്പോള്‍ ആള്‍ക്കാരില്‍നിന്ന് ലഭിച്ച സ്‌നേഹം ഈ വിജയത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. മലയാളിക്ക് മോഹന്‍ലാല്‍ ഒരു വികാരമാണ്. അദ്ദേഹത്തിന്റെ സിനിമ ഹിറ്റടിച്ചാല്‍ അതിന്റെ ഗുണം ആ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭിക്കും.

ഒരു ടെക്നീഷ്യനെ സംബന്ധിച്ച് ഹിറ്റ് സിനിമ വലിയൊരു ഊര്‍ജം തരും. കുറച്ച് നാളായി ആ ഊര്‍ജം എനിക്ക് മിസ്സിങ്ങായിരുന്നു. അവസാനം നാല് വിജയങ്ങള്‍ ഒരുമിച്ചുവന്നു. 'ലോക' കൂടി ഹിറ്റായതോടെ ഈ വര്‍ഷം കരിയറിലെ ഏറ്റവും തിളക്കമുള്ള കാലമായി മാറുന്നു. ഈ ഓണം 'ലോക'യിലൂടെ ഞങ്ങള്‍ തൂക്കി.

 

പാട്ട് ചെറുപ്പത്തിലേ കൂട്ടിനുണ്ടോ?

ഈരാറ്റുപേട്ടയിലെ അരുവിത്തുറയിലാണ് വീട്. വീട്ടില്‍ അമ്മ മൂളിപ്പാട്ട് പാടുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പയ്ക്ക് ടെക്നിക്കല്‍ കാര്യങ്ങളോട് വളരെ താത്പര്യമായിരുന്നു. പുതിയ ടെക്നോളജിയിലുള്ള മ്യൂസിക് സിസ്റ്റം അദ്ദേഹം വീട്ടില്‍ മേടിച്ചുവെച്ചിരുന്നു. ഒരുദിവസം അപ്പന്‍ അതില്‍ 'റോജ'യുടെ കാസറ്റിട്ട് പാട്ടുകള്‍ കേള്‍പ്പിച്ചു. അതുവരെ കേട്ട പാട്ടുകളില്‍നിന്നെല്ലാം വളരെ വ്യത്യസ്തമായ ശബ്ദക്രമീകരണം, ഓരോ പാട്ടും എന്നെ ആകര്‍ഷിച്ചു. ഞാനും പാടുമായിരുന്നു. പൂഞ്ഞാറിലെ രാഘവമേനോനാണ് ആദ്യ ഗുരു. പിന്നീട് തിക്കോയി രാധാകൃഷ്ണന്‍ സാറിന് കീഴില്‍ അഭ്യസിച്ചു.
പിന്നീടുള്ള വിദ്യാഭ്യാസം യേര്‍ക്കാടിലെ മോണ്‍ഫോര്‍ട്ട് ബോര്‍ഡിങ് സ്‌കൂളിലായിരുന്നു. എന്റെ പാട്ടിലുള്ള കഴിവ് തിരിച്ചറിഞ്ഞ ഒരു ആംഗ്ലോ ഇന്ത്യന്‍ അധ്യാപിക പരിശീലനം നല്‍കുകയും ഒരു മത്സരത്തില്‍ പാടിപ്പിക്കുകയും ചെയ്തു. അന്നാണ് പാട്ടില്‍ കോണ്‍ഫിഡന്‍സ് വന്നുതുടങ്ങുന്നത്. അവിടെ വെച്ച് പിയാനോയും കമ്പോസിങ്ങുമെല്ലാം പഠിച്ചു. അന്നേ ട്യൂണുകള്‍ മനസ്സിലുണ്ട്. എന്നാല്‍, അതെങ്ങനെ പാട്ടാക്കി മാറ്റണമെന്ന് അറിയില്ലായിരുന്നു. പഠിത്തം കഴിഞ്ഞ് എങ്ങനെയെങ്കിലും പാട്ടിലേക്ക് കയറണം എന്നതായിരുന്നു പ്ലാന്‍. ബിരുദംകൂടി പൂര്‍ത്തിയാക്കിയശേഷം പാട്ട് നോക്കാമെന്ന് അപ്പ പറഞ്ഞു. അങ്ങനെ രാജഗിരി എഞ്ചിനീയറിങ് കോേളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. അവിടെവച്ച് മനസ്സിലുണ്ടായിരുന്ന ട്യൂണുകളെല്ലാം ഒരുമിപ്പിച്ച് സുഹൃത്തായ അര്‍ജുനൊപ്പം പാട്ടുകളുണ്ടാക്കി. ശേഷം വിനീത് ശ്രീനിവാസനിലേക്ക് എത്തി. അങ്ങനെയാണ് 'മലയാളി' എന്ന ആല്‍ബം പിറക്കുന്നത്. മിന്നലഴകേ മിന്നുമഴകേ തുടങ്ങി അതിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.

അമേരിക്കന്‍ ജീവിതത്തെപ്പറ്റി?

ഞാന്‍ അമേരിക്കയില്‍ സംഗീതത്തില്‍ ഉപരിപഠനത്തിനായി ആലോചിച്ചപ്പോള്‍ ശ്രീനി അങ്കിളാണ് (ശ്രീനിവാസന്‍) വഴികാട്ടാന്‍ രണ്ടുപേരെ പരിചയപ്പെടുത്തിതന്നത്. പരീക്ഷകള്‍ വിജയിച്ച് ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെത്തി. പഠനശേഷം ഡിസ്നിയില്‍ ജോലി ലഭിച്ചു. സിനിമാ സംഗീതത്തില്‍ ഏറ്റവും പ്രധാനം ഒരു മെലഡി അല്ലെങ്കില്‍ ഐഡിയക്ക് എങ്ങനെ ഓര്‍ക്കസ്ട്ര ലൈവായി എഴുതാമെന്നതാണ്. ജോണ്‍ കാര്‍ലി അക്ലാന്റേ എന്ന ഇറ്റാലിയന്‍ പ്രൊഫസറാണ് അതെന്നെ പഠിപ്പിച്ചത്. പിന്നീട് വീഡിയോ ഗെയിമുകളില്‍ വര്‍ക്ക് ചെയ്തുതുടങ്ങി. അത് പുതിയൊരു പഠനമായിരുന്നു. ഇടവേളകളില്‍ നാട്ടിലെ സുഹൃത്തുക്കളുടെ ഹ്രസ്വചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം ചെയ്തു. ആ സമയത്ത് സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചേട്ടന്‍ സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, കോണ്‍ഫിഡന്‍സ് ഇല്ലാത്തതിനാല്‍ ഏറ്റെടുത്തില്ല. അപ്പോഴേക്കും അമേരിക്കന്‍ ജീവിതം ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

തീരുമാനം മാറ്റുന്നത് എപ്പോഴാണ്?

സുഹൃത്തുക്കളായ ശ്രീജിത്തും സുജിത്തും പുതിയൊരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും ഞാന്‍ വരണമെന്നും പറഞ്ഞു. പിന്മാറാന്‍ നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. ഗ്രീന്‍കാര്‍ഡിനുള്ള അപേക്ഷ കൊടുത്തുനില്‍ക്കുകയാണ്. നാട്ടില്‍ എന്റെ വിവാഹം നോക്കുകയാണ്. അപ്പയോട് സംസാരിച്ചപ്പോള്‍ ലീവെടുത്ത് വന്ന് ട്രൈ ചെയ്തുനോക്കാന്‍ പറഞ്ഞു. അങ്ങനെ ആറുമാസത്തെ അവധിയെടുത്ത് വന്നു. നിരാശനായിരുന്നു ഞാന്‍. ചെന്നൈയിലെ ആദ്യകാലം കഷ്ടപ്പാടായിരുന്നു. സുരക്ഷിതജീവിതം വിട്ടെറിഞ്ഞത് വെറുതേയായോ എന്ന തോന്നല്‍ വേട്ടയാടി. മെല്ലെ ഓക്കെയാക്കി. മണപ്പാക്കത്ത് ഒരു വില്ല എടുത്ത് രണ്ടാം നിലയില്‍ സ്റ്റുഡിയോ സെറ്റ് ചെയ്തു. അതേവര്‍ഷം വിവാഹം. അന്നയും ഞാനും ചെന്നൈയില്‍ താമസം തുടങ്ങി. അന്ന് ഒരുവര്‍ഷം രണ്ടു സിനിമയൊക്കെയാണ് കിട്ടുന്നത്. സഞ്ജീവ് സംവിധാനംചെയ്ത 'താക്ക താക്ക' എന്ന തമിഴ് ചിത്രത്തിനായിരുന്നു ആദ്യം സംഗീതം ചെയ്തത്. പിന്നാലെ ജീന്‍ മാര്‍ക്കോസ് സംവിധാനംചെയ്ത 'ഏയ്ഞ്ചല്‍സ്' എന്ന മലയാള സിനിമ ചെയ്തു.

'രണം'വഴിത്തിരിവായിരുന്നോ...?

റഹ്‌മാന്‍ സാറിന് 'റോജ'യെന്നപോലെ ഓരോ സംഗീതസംവിധായകനും ഒരു സിനിമയുണ്ടാകും. എന്റെ ആദ്യ അഞ്ചു സിനിമകളും പരാജയങ്ങളായിരുന്നു. 'മണ്‍സൂണ്‍ മാംഗോസ്'എന്ന സിനിമ ചെയ്യുമ്പോഴാണ് 'രണ'ത്തിലേക്ക് വിളിക്കുന്നത്. അപ്പോഴാണ് ഞാന്‍ ചെയ്ത'ധ്രുവങ്ങള്‍ പതിനാറ്' തമിഴ്നാട്ടിലും 'ക്വീന്‍' മലയാളത്തിലും ഒരേസമയം വിജയിക്കുന്നത്. പിന്നാലെ 'രണ'ത്തിലൂടെയാണ് ഇന്‍ഡസ്ട്രി എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നാലെ ജോഷിസാറിന്റെ പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി, ഇഷ്‌ക് തുടങ്ങി മികച്ച സിനിമകള്‍ തേടിയെത്തി. എന്റെ എല്ലാ ഇഷ്ടങ്ങളും ചേര്‍ത്തുവച്ചതാണ് 'രണ'ത്തിലെ പാട്ട്.

ആ കരിയര്‍ ബ്രെയ്ക്കിനെപ്പറ്റി ?

പൃഥ്വിയാണ് 'അയ്യപ്പനും കോശിയും' എന്ന സിനിമയെക്കുറിച്ച് ആദ്യം എന്നോട് പറയുന്നത്. പിന്നീട് സച്ചിയേട്ടന്‍ കഥ കേള്‍ക്കാന്‍ വിളിച്ചു. ഇതൊരു ഗംഭീരസിനിമയാകും എന്ന് മനസ്സിലായി. എന്നാല്‍, കോമേഴ്സ്യലി ഇത്ര വലിയ വിജയമാകുമെന്ന് വിചാരിച്ചിരുന്നില്ല. സച്ചിയേട്ടനെന്ന ക്രാഫ്റ്റ്മാന്റെ അടയാളപ്പെടുത്തലായിരുന്നു ആ സിനിമ.ശരിക്കും നമ്മുടെ ജനറേഷനിലെ പദ്മരാജനായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ ഗോത്ര ഗാന സംഘത്തെ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ഒരുപാട് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു. അവര്‍ക്കൊരു ലീഡ് ഗായികയുണ്ടായിരുന്നു, നഞ്ചിയമ്മ. അവരെ മാറ്റിനിര്‍ത്തി ഒറ്റയ്ക്ക് ഞാന്‍ കുറെ പാടിച്ചുനോക്കി. അതില്‍ 'ദൈവമകളേ' എന്ന പാട്ട് അവര്‍ പാടിയപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. ഞാന്‍ സച്ചിയേട്ടനെ വിളിച്ചു. ഒരു മാജിക്കല്‍ സാധനം കിട്ടിയിട്ടുണ്ടെന്നും പക്ഷേ സിനിമയിലെവിടെയും ഉപയോഗിക്കാനാവില്ലെന്നും പറഞ്ഞു.

സച്ചിയേട്ടന്‍ വന്ന് പാട്ടുകേട്ട് വാവിട്ടുകരഞ്ഞു. എന്നിട്ട് പറഞ്ഞു: ''ഇതാടാ എന്റെ കണ്ണമ്മ. പോലീസ് കണ്ണമ്മയെ വിലങ്ങുവെച്ച് കൊണ്ടുപോകുമ്പോള്‍ ഈ പാട്ട് നീ സ്‌കോറായി ഇടണം.''അതുപോലെ ഞാന്‍ ചെയ്തു. അതാ സീനിന്റെ മൂഡ് മാറ്റി.

"ലോക’യിലെ സംഗീതത്തെ കുറിച്ച് ?

'ലോക' യെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ തന്നെ ഏറെ എക്‌സൈറ്റഡ് ആയിരുന്നു. കാരണം തുടര്‍പാര്‍ട്ടുകളുള്ള ഒരു മികച്ച യൂണിവേഴ്‌സ്. ശരിക്കും അതിലേക്ക് കടക്കുന്ന ആദ്യവാതിലാണ് ലോക, പാര്‍ട്ട് വണ്‍ ചന്ദ്ര. മലയാളത്തിലെ വലിയ താരങ്ങളാണ് തുടര്‍ന്നുവരുന്ന സിനിമകളില്‍ നായകന്മാരാകുന്നത്. മികച്ച രീതിയില്‍ ഷൂട്ട് ചെയ്ത സിനിമയ്ക്ക് അത്ര തന്നെ മികച്ച സ്‌കോറിങ് നല്‍കാനാണ് ശ്രമിച്ചത്. അല്‍പം പോപ്പും ഫോക്കും എല്ലാം ഒരുപോലെ മിക്‌സ് ചെയ്യാന്‍ സാധിച്ചു. മികച്ച പ്രതികരണമാണ് ആദ്യ ദിനങ്ങളില്‍ തന്നെ കിട്ടുന്നത്. സന്തോഷമുണ്ട്.

'തുടരും' സിനിമയിലെ ചേലുള്ള സംഗീതത്തിലേക്കുള്ള വഴി?

ലാലേട്ടന്റെ സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നൊരു നിരാശ ഉള്ളിലുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തരുണിന്റെ 'തുടരും' സിനിമയുടെ അനൗണ്‍സ്മെന്റ് കേള്‍ക്കുന്നത്. അങ്ങോട്ട് കയറി ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിക്കാനാകില്ല. 'ഓപ്പറേഷന്‍ ജാവ' കഴിഞ്ഞുള്ള തരുണിന്റെ പടം സംഗീതം ചെയ്തത് ഞാനല്ല. എന്നെത്തന്നെ വിളിക്കുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ നിര്‍മാതാവ് രഞ്ജിത്തേട്ടന്‍ വിളിച്ചു. ''ഇങ്ങനെയൊരു പടമുണ്ട്, ചെയ്യാന്‍ താത്പര്യമുണ്ടോ?'' എന്ന് ചോദിച്ചപ്പോള്‍ ''എപ്പം ചെയ്തൂന്ന് ചോദിച്ചാ മതീല്ലേ...'' എന്നാണ് ഞാന്‍ പറഞ്ഞത്. തരുണ്‍-ലാലേട്ടന്‍-ശോഭന പടം ഒരു ഡ്രാമയാവാനേ സാധ്യതയുള്ളൂ എന്നായിരുന്നു എന്റെ മനസ്സില്‍. പക്ഷേ, കഥ കേട്ടപ്പോഴാണ് ഐറ്റം വേറെയാണെന്ന് മനസ്സിലായത്. എന്നിലര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

'മിന്നല്‍വള' തരംഗമാണല്ലോ...

സിദ്ദ് ശ്രീറാമിനൊപ്പം എന്റെ നാലാമത്തെ പാട്ടാണിത്. എല്ലാ പാട്ടും ഹിറ്റാണ്. ഇഷ്‌കിലെ 'പറയുവാന്‍ ഇതാദ്യമായി' എന്ന പാട്ടാണ് ആദ്യമായി ഞങ്ങള്‍ ഒരുമിച്ചത്. ഈ പാട്ട് സിദ്ദിനെക്കൊണ്ട് പാടിക്കാം എന്ന്പറഞ്ഞപ്പോള്‍ സംവിധായകനും മറ്റുള്ളവരും പുളിങ്കുന്നത്ത് നടക്കുന്ന റൊമാന്റിക് സോങ്ങല്ലേ, മലയാളി മതി എന്ന് പറഞ്ഞു. വേറെ രണ്ട് ഗായകരെക്കൊണ്ട് പാടിച്ച ശേഷമാണ് സിദ്ദിനെ വിളിച്ചത്. അമേരിക്കയിലിരുന്നാണ് സിദ്ദ് പാടിയത്.അത് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടമായി.കൈതപ്രം സാറിന്റെ വരികളാണ്.

എനിക്ക് വാക്കുകളുടെ കാര്യത്തില്‍ ചില നിര്‍ബന്ധങ്ങളുണ്ട്. എഴുതിയ വാക്ക് മാറ്റാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് ഇഷ്ടമാകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ, അദ്ദേഹം കൂളായിരുന്നു. ഒന്നരമണിക്കൂര്‍കൊണ്ട് പാട്ടെഴുതിത്തന്നു. ആ പാട്ട് കേറിക്കൊളുത്തി.

 

പൃഥ്വിയുമായുള്ള കെമിസ്ട്രി?

'മിന്നലഴകേ' എന്ന പാട്ട് ചെയ്തപ്പോള്‍ത്തൊട്ട് പൃഥ്വിയെ പരിചയമുണ്ട്. സംഗീതം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പൃഥ്വിയുടെ സിനിമകളാണ് എന്നെ കൂടുതലായി തേടിവന്നത്. യാദൃച്ഛികമായി സംഭവിക്കുന്നതാണ്. രണം, അയ്യപ്പനും കോശിയും, കുരുതി, ഭ്രമം, ജനഗണമന, കടുവ തുടങ്ങി തുടരെ പൃഥ്വി നായകനായ സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. 'വിലായത്ത് ബുദ്ധ'യും എന്നിലേക്കെത്തി.

ത്രില്ലറുകളോട് ഇഷ്ടക്കൂടുതലുണ്ടോ?

ഞാന്‍ തുടങ്ങിയതുതന്നെ 'ഏയ്ഞ്ചല്‍സ്' എന്ന ത്രില്ലര്‍ സിനിമയിലാണ്. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടമാണ്. ധ്രുവങ്ങള്‍ പതിനാറ്, പോര്‍ തൊഴില്‍, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഫൊറെന്‍സിക്, ഓപ്പറേഷന്‍ ജാവ, ജനഗണമന തുടങ്ങി ഒരുപാട് നല്ല ത്രില്ലര്‍ സിനിമകള്‍ ചെയ്തു.

പാട്ടും പശ്ചാത്തല സംഗീതവും ഒരാള്‍ ചെയ്യുന്നതാണോ നല്ലത് ?

സിനിമയുടെ മ്യൂസിക്കല്‍ ഡിഎന്‍എ കാത്തുസൂക്ഷിക്കണമെങ്കില്‍ പശ്ചാത്തല സംഗീതവും പാട്ടുകളും ഒരാള്‍ ചെയ്യുന്നതാണ് നല്ലത്. അപ്പോള്‍ അതിനൊരു സൗന്ദര്യം കിട്ടും. പശ്ചാത്തലസംഗീതം എനിക്ക് കുറച്ചുകൂടി എളുപ്പമാണ്. അത് ടെക്നിക്കല്‍ വര്‍ക്കാണ്. പക്ഷേ, പാട്ടൊരു മാജിക്കാണ്.

 

റാപ്പ് പാട്ടുകാരെയും ജേക്സ് സിനിമകളില്‍ കൊണ്ടുവരാറുണ്ട്...

 

പാട്ട് ഉണ്ടാക്കുമ്പോള്‍ത്തന്നെ ഒരു ഗായകന്‍ എന്റെ മനസ്സില്‍വരും. അപ്പോള്‍ത്തന്നെ അയാളെ വിളിക്കും. വേടനും ബേബി ജീനും അതുല്‍ നറുകരയും തുടങ്ങി പുതിയ ജനറേഷനിലെ കുട്ടികളെല്ലാംതന്നെ നന്നായി സഹകരിക്കുന്നവരാണ്. വേടന്റെ അറസ്റ്റും മറ്റ് പ്രശ്‌നങ്ങളും കത്തിനില്‍ക്കുന്ന സമയത്താണ് വേടന്‍ എന്റെ സ്റ്റുഡിയോയില്‍വന്ന് 'നരിവേട്ട'യിലെ പാട്ടുപാടിയത്. ഇവര്‍ക്കെല്ലാം സ്വന്തമായി വലിയൊരു ഫാന്‍ബേസുണ്ട്. അവരൊക്കെ ഇവരെ സിനിമയില്‍ക്കാണാനും ഇവരുടെ സിനിമാപാട്ട് കേള്‍ക്കാനും ആഗ്രഹിക്കുന്നുണ്ട്. അവരിലേക്കെല്ലാം ഈ പാട്ടും സിനിമയും എത്തും. “ലോക”യില്‍ ജ്യോതി നൂറാനെ കൊണ്ടുവന്നതും അങ്ങനെയാണ്. മുസ്ഹിന്‍ എഴുതിയ ആ പാട്ടിന് വ്യത്യസ്തമായ ഒരുശബ്ദം വന്നാല്‍ നന്നാകുമെന്ന് തോന്നി. അത് ശരിയായി, പാട്ട് വലിയ ഹിറ്റായി.

ജേക്സിന് സംഗീതം എന്താണ് ?

എന്റെ എല്ലാം സംഗീതമാണ്. എന്റെ ഫോക്കസ് വര്‍ക്കിലാണ്. ഇപ്പോള്‍ എനിക്കായും കുറച്ചുസമയം മാറ്റിവയ്ക്കുന്നുണ്ട്. 2022-ല്‍ 17 സിനിമചെയ്തിട്ടുണ്ട്. ഓരോ സിനിമയ്ക്കും കഴിവിന്റെ മാക്സിമം നല്‍കാനാണ് ശ്രമിക്കുന്നത്. 'ഏയ്ഞ്ചല്‍സി'ലെ ജേക്സില്‍നിന്ന് ഇന്നിലേക്ക് എത്തുമ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറ്റുന്നുണ്ട്, ഇഷ്ടമുള്ള പാട്ടുകള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിക്കാണുന്നു.

പുതിയ സിനിമകള്‍..?

'വിലായത്ത് ബുദ്ധ', 'പള്ളിച്ചട്ടമ്പി', 'അയാം ഗെയിം', 'പാതിരാത്രി' എന്നീ സിനിമകളാണ് മലയാളത്തില്‍ ഇപ്പോള്‍ ചെയ്യുന്നത്.