അനുഭവങ്ങള്‍കൊണ്ടും ജീവിതപരിസരംകൊണ്ടും വ്യത്യസ്തനാണ് വിനായകന്‍.സിനിമയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും താനൊരു സിനിമാക്കരനല്ലായെന്ന് പ്രഖ്യാപിക്കുന്നു,മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലെ ഫയര്‍ ഡാന്‍സറില്‍ നിന്ന്  രജനികാന്തിന്റെ വില്ലനായി ഉയര്‍ന്ന സിനിമാജീവിതമാണ് വിനായകന്റേത്. ''ഞാന്‍ പൂര്‍ണമായും ഒരു നടനല്ല,സിനിമയിലെത്തി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ മുഖം ആദ്യമായൊരു പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് അവഗണനകള്‍ സഹിച്ചാണ് ഇവിടംവരെയെത്തിയത്. മാധ്യമങ്ങള്‍  നല്‍കുന്ന പബ്ലിസിറ്റി ഇന്നെനിക്ക് വേണ്ട. ജീവിതത്തില്‍ അഭിനയിക്കാനറിയില്ല.''-വിനായകനുമായി മുഖാമുഖം

സിനിമകളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്..? 

കഥ പൂര്‍ണമായും കേള്‍ക്കുന്ന പതിവില്ല. വ്യക്തികളെ വിശ്വസിച്ച് പ്രോജക്ടുകളിലേക്ക് ഇറങ്ങുകയാണ് പതിവ്.  ഒരാള്‍ കഥപറയുമ്പോള്‍ അയാള്‍ സിനിമചെയ്യാന്‍ പ്രാപ്തനായ വ്യക്തിയാണോ എന്നുമാത്രമാണ് ചിന്തിക്കുക. തിരക്കഥ വായിച്ചുനോക്കാറില്ല. 

തിരക്കഥയില്‍ കാര്യമില്ലെന്നാണോ?

എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. എഴുതിവെച്ചതില്‍ വിശ്വാസമില്ല. ഒരു മഴവന്നാല്‍ മാറിപ്പോകുന്ന സീനുകളാണ് പലപ്പോഴും തിരക്കഥയായി ഉയര്‍ത്തിക്കാണിക്കുന്നത്. അങ്ങനെ അല്ലാത്ത സിനിമകളും ഉണ്ട്. ചിലര്‍ കഥയെയും കഥാപാത്രത്തെയും കുറിച്ച് വിവരിച്ചശേഷം സീന്‍ എടുക്കാന്‍ തുടങ്ങും. സംഭാഷണങ്ങള്‍ അവസരത്തിനൊത്ത് അവിടെവെച്ച് നല്‍കേണ്ടിയിരിക്കും. കമ്മട്ടിപ്പാടം ചെയ്യുമ്പോള്‍ രാജീവ് അധികമൊന്നും സംസാരിക്കില്ല. ഒരു ബേസിക് കണ്ടന്റ് മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെവെച്ച് ചെയ്യുകയായിരുന്നു. പ്രണയമീനുകളുടെ കടല്‍ പൂര്‍ണമായും കമല്‍സാറിന്റെ സിനിമയാണ്. ഓരോ സംഭാഷണവും രംഗവും എങ്ങനെ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ഇങ്ങനെ രണ്ടുരീതിയിലും അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ല. സംവിധായകന്‍ എന്തുവേണമോ അത് നല്‍കാനാണ് ശ്രമിക്കുക. 

അഭിനയത്തിനിടെ ഒരുപാട് അപകടങ്ങള്‍ നേരിടേണ്ടിവന്ന നടനാണ് താങ്കള്‍,എന്നിട്ടും സാഹസികരംഗങ്ങളുമായി ഇന്നും മുന്നോട്ടുപോകുന്നു...

ഈ അടയാളം കണ്ടോ... (കണ്ണിനുമുകളില്‍  കരിഞ്ഞുണങ്ങിയ മുറിവിന്റെ പാട്  ചൂണ്ടിക്കാണിച്ചുകൊണ്ട്)
 വെടിയുണ്ട വന്നിടിച്ചതാണ് കണ്ണിനുനേരെയായിരുന്നു പാഞ്ഞുവന്നത് മാറിക്കളഞ്ഞതുകൊണ്ട് നെറ്റിയില്‍ തട്ടിയെന്നേയുള്ളു. ബാച്ച്‌ലര്‍ പാര്‍ട്ടി ചിത്രത്തിന്റെ സെറ്റില്‍വെച്ച് സംഭവിച്ചതാണ്. ആട് ടുവിലെ  ഡൂഡ് കഥാപാത്രത്തിന്റെ ''ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്'' എന്ന പഞ്ച് ഡയലോഗ്  ഓര്‍മയില്ലേ... സംഭാഷണത്തിനുമുന്‍പ് ഹോട്ടല്‍ കത്തിക്കുന്ന രംഗമാണ്. ബോംബ് എക്‌സ്‌പേര്‍ട്ട് എല്ലാം  സെറ്റ്‌ചെയ്ത്  സ്ഥലം മാര്‍ക്ക്‌ചെയ്തു.  ഒരു കുഴപ്പവുമില്ല അവിടെ നില്‍ക്കാമെന്ന് പറഞ്ഞു. ക്യാമറാമാനാണ് പറഞ്ഞത് അല്‍പ്പം കൂടി മുന്നിലേക്ക് നില്‍ക്കാം റിസ്‌ക് എടുക്കണ്ടായെന്ന്. അതുകേട്ടാണ് സ്ഥലം മാറി അല്‍പ്പം കൂടി നീങ്ങിനിന്നത്. അങ്ങനെയൊരു തീരുമാനം അപ്പോള്‍ എടുത്തില്ലായിരുന്നെങ്കില്‍ തീക്കുള്ളില്‍പെട്ടുപോകുമായിരുന്നു. മാറിനിന്നിട്ടുപോലും തീ ശരീരത്തിനടത്തുവരെയെത്തി. കൃത്യമായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തിരിച്ചറിയാത്തവരാണ് പലകാര്യങ്ങളും ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാനെത്തുന്നവര്‍ ഒരു പരീക്ഷണവസ്തുവാണെന്നാണ് പലരുടെയും വിചാരം.മുന്‍പൊരു തമിഴ് സിനിമയ്ക്കുവേണ്ടി മധുരക്ഷേത്രത്തിന്റെ മുകളില്‍നിന്ന് കയര്‍കെട്ടി താഴേക്ക് ചാടിയിട്ടുണ്ട്,തെലുങ്ക് സിനിമയ്ക്കായി ആറുമണിക്കുര്‍ തലകീഴായി തൂങ്ങിക്കിടന്നു.
ഇല്ലായ്മകളുമായി പടവെട്ടിയാണ് ഇവിടെവരെയെത്തിയത്.

മീഡിയകളോട് ഒരകലം സൂക്ഷിക്കാന്‍ വിനായകന്‍ എന്നും ശ്രമിക്കാറുണ്ട്, എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്കുനേരെ മുഖംതിരിക്കുന്നത്.

ഒരുപാട് പ്രയാസങ്ങളും കഷ്ടതകളും താണ്ടിയാണ് ഞാന്‍ മുന്നോട്ടുവന്നത്. അന്നൊന്നും എനിക്ക് സഹായം നല്‍കാത്ത മാധ്യമങ്ങള്‍ ഞാന്‍ ആളായശേഷം എന്റെ കൂടെ വരുന്നത് എന്തിനാണ്. സഹായം പ്രതീക്ഷിച്ച ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. അന്നൊന്നും ആരും ഇരിക്കാനൊരു കസേരപോലും തന്നില്ല. ജീവിതത്തിലുണ്ടായ പല അനുഭവങ്ങളും കനത്തതാണ്. അതെല്ലാമാണ് എന്നെ ഇത്തരത്തിലാക്കിയത്. ഇപ്പോള്‍ ഞാന്‍ പറയുന്ന കമന്റിനും എന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ഒരുപാട് ലൈക്കുകളും ഷെയറുകളും കിട്ടുന്നുണ്ട്. എനിക്ക് പറയാനുള്ളത് എന്റെ ചാനല്‍വഴിതന്നെ പറയാന്‍ എനിക്കറിയാം. ശ്രദ്ധിക്കപ്പെടുന്നതുവരെ എന്നെക്കുറിച്ച് ഒരു പത്രവും ചാനലും ഒന്നും എഴുതിയില്ല. ഇനിയിപ്പോള്‍ എനിക്കതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. 

വിനായകന്‍ സിനിമാനടനാണ്, പക്ഷേ, സിനിമകള്‍ കാണാറില്ലെന്ന് കേട്ടിട്ടുണ്ട്...

ഞാന്‍ പൂര്‍ണമായൊരു സിനിമാനടനല്ലെന്ന് പറഞ്ഞല്ലോ... എന്റെ ലക്ഷ്യം മറ്റുപലതുമാണ്. ഇരുപതുവര്‍ഷത്തിനിടയില്‍ വന്ന മനസ്സില്‍ നില്‍ക്കുന്ന അഞ്ച് സിനിമ പെട്ടെന്ന് പറയാനാകുമോ? ഇല്ല, അല്ലേ? അതുതന്നെയാണ് കുഴപ്പം. 1980കളും തൊണ്ണൂറിന്റെ തുടക്കവുമെല്ലാം സിനിമകളുടെ സുവര്‍ണകാലമായിരുന്നു. അന്ന്  ഞാനും സിനിമ കണ്ടിട്ടുണ്ട്. ഇന്ന് കാണാന്‍കൊള്ളാവുന്ന സിനിമകള്‍ ഇറങ്ങുന്നില്ല. അഭിനയിക്കാന്‍തുടങ്ങിയതോടെ സിനിമ കാണല്‍ പൂര്‍ണമായും നിര്‍ത്തി. വെറുതേ കളയാന്‍ സമയമില്ല എന്നതുതന്നെയാണ് കാരണം.

മലയാളത്തില്‍ പ്രഗല്ഭരായ സംവിധായകരും നല്ല എഴുത്തുകാരും ഉണ്ട്, എന്നിട്ടുമെന്തുകൊണ്ടാണ് ഇരുപതുവര്‍ഷത്തിനിടയില്‍ വിനായകന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമകള്‍ പിറക്കാതിരിക്കുന്നതെന്ന് ആലോചിട്ടുണ്ടോ?

അതിനുള്ള ഉത്തരം എന്റെ കൈയിലുണ്ട്. പക്ഷേ, ആ ഉത്തരം എന്റെത് മാത്രമാണ്. മാധ്യമങ്ങളോട് പറയാനുള്ളതല്ല.

വിനായകന്‍ പ്രതിഫലം കോടികളാക്കി എന്നൊക്കെ വാര്‍ത്തകളുണ്ട്...

അതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളല്ലേ... നിങ്ങളുടെ ആരുടെയെങ്കിലും ശമ്പളത്തെക്കുറിച്ച് ഞാന്‍ ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലല്ലോ. പിന്നെ എന്തിനാണ് തിരിച്ചൊരന്വേഷണം. അത്തരം വാചകങ്ങള്‍ തലക്കെട്ടുകളാകുമ്പോള്‍  സോഷ്യല്‍ മീഡിയകളില്‍ ക്ലിക്ക് പതിനായിരത്തിന് മുകളില്‍ പെട്ടെന്ന് കിട്ടും. അതുതന്നെയാണ് ഇത്തരം വാര്‍ത്തകളുടെ പ്രാധാന്യം.

കമ്മട്ടിപ്പാടത്തില്‍ പാടിയ പാട്ട് വലിയ ജനപ്രിയത കൈവരിച്ചിരുന്നു. പിന്നീടെന്താണ് അത്തരം വഴിയിലേക്കിറങ്ങാതിരുന്നത്.

സിനിമാപ്പാട്ടുണ്ടാക്കുകയെന്നത് എന്റെ ജോലിയല്ല. അന്ന് അങ്ങനെ ചെയ്തു, അത് സ്വീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, ആത്യന്തികമായി ഞാനൊരു പാട്ടുകാരനല്ല. അതുകൊണ്ട് ശ്രമിക്കുന്നില്ല.