മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ 50 ആണ്ടുകൾ. ജനാധിപത്യ ഇന്ത്യയിലെ വിവാദപൂർണമായ 21 മാസങ്ങൾ. ഇന്ത്യൻ സിനിമയെ സംബന്ധിച്ചും കെട്ട കാലമായിരുന്നുവത്. മാധ്യമ സെൻസർഷിപ്പിനൊപ്പം തന്നെ സിനിമയും ഇന്ദിരാ ഗാന്ധിയുടെ നിയന്ത്രണത്തിലായി. സെൻസർ ബോർഡിന്റെ പേരുംപറഞ്ഞ് പല സിനിമകൾക്കും കത്രികപ്പൂട്ട് വീണു.
പലതും പൂർണമായി നിരോധിക്കപ്പെട്ടു, ചിലത് ഭാഗികമായും. 'ആന്ധി' മുതൽ തുടങ്ങുന്നു ആ സിനിമകളുടെ ലിസ്റ്റ്. ആന്ധി, കിസ്സാ കുർസി കാ, നസ്ബന്ധി... ഒരുപാട് തിരിച്ചടികൾ ഏൽക്കേണ്ടിവന്ന സിനിമകൾ.
ഗുൽസാർ സംവിധാനം ചെയ്ത 'ആന്ധി' പുറത്തിറങ്ങുന്നത് 1975 ഫെബ്രുവരി 13-നാണ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്ന സമയം. സുചിത്ര സെൻ ആണ് നായികയായെത്തിയത്. ഇന്ദിരാ ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും ബന്ധത്തെക്കുറിച്ചാണ് സിനിമയെന്ന് അക്കാലത്ത് പരക്കെ പറഞ്ഞുകേട്ടിരുന്നു. എന്നാൽ, നായികയ്ക്ക് ഇന്ദിരയുടെ ലുക്ക് മാത്രം കൊടുക്കുകയായിരുന്നുവെന്ന് ഗുൽസാർ സമർഥിച്ചു. ഒരു വനിതാ രാഷ്ട്രീയനേതാവിന്റെ ജീവിതത്തിലൂടെയാണ് സിനിമ നീങ്ങുന്നത്.
ആദ്യം സിനിമയ്ക്ക് റിലീസിനുള്ള അനുമതി ലഭിച്ചു. സിനിമയുടെ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ തന്നെ വിവാദങ്ങളും തുടങ്ങി. പല മാധ്യമങ്ങളും കഥാപാത്രത്തിന് ഇന്ദിരയുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടി വാർത്തകൾ കൊടുത്തു. 'ഇന്ത്യൻ പ്രധാനമന്ത്രിയെ നിങ്ങൾക്ക് ഈ സിനിമയിൽ കാണാമെന്നായിരുന്നു' ഒരു മാസിക റിപ്പോർട്ട് ചെയ്തത്. റിലീസിനുശേഷം നായികയ്ക്ക്, ഇന്ദിരാ ഗാന്ധിയുമായുള്ള സാമ്യം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. ഇന്ദിര ധരിക്കുന്നതുപോലുള്ള സാരികളും നേർത്ത വെള്ള കലർന്ന ഹെയർസ്റ്റൈലും ഇത് അവർ തന്നെയെന്ന പ്രതീതിയുണ്ടാക്കി. സിനിമയിൽ നായിക മദ്യപിക്കുകയും പുകവലിക്കുന്നതുമുണ്ടായിരുന്നു. അതിനിടയിൽ ജൂൺ മാസത്തിൽ ഗുജറാത്തിൽ ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എതിരാളികൾ ഇത് ആയുധമാക്കി. 'ഇന്ദിരാ ഗാന്ധിയെ നിങ്ങൾക്ക് ആന്ധി'യിൽ കാണാമെന്നുപറഞ്ഞായിരുന്നു എതിർ പാർട്ടിക്കാരുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതോടെ വിവാദങ്ങളിലുലഞ്ഞു സിനിമ. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായിരിക്കുമെന്ന് പറഞ്ഞ് ആദ്യം സിനിമ നിരോധിച്ചു. സിനിമ റിലീസ് ചെയ്ത് 26 ആഴ്ചകളേ ആയിരുന്നുള്ളൂ. തൊട്ടുപിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ സിനിമ പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു.
നിർമാതാവ് ജെ.ഓം പ്രകാശ്, വാർത്താവിതരണപ്രക്ഷേപണ മന്ത്രി വി.സി.ശുക്ലയുമായി സംസാരിച്ചു. സിനിമ നിരോധിച്ചാൽ 40 ലക്ഷത്തിന്റെ നഷ്ടമുണ്ടാവുമെന്നും നിർമാതാവ് ബോധ്യപ്പെടുത്തി. അങ്ങനെ ചില മാറ്റങ്ങൾ ശുക്ല നിർദേശിച്ചു. 'ആന്ധി'യിൽ ചില സീനുകൾ വെട്ടിമാറ്റുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തു. നായിക ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിലേക്ക് നോക്കി, 'അവരാണ് എന്റെ മാതൃക' എന്നു പറയുന്ന സീനാണ് പ്രധാനമായും ഷൂട്ട് ചെയ്തത്. വി.സി.ശുക്ല പ്രധാനമായും നിർദേശിച്ച മാറ്റങ്ങളിലൊന്ന് ഇതായിരുന്നുവത്രേ.
എങ്കിലും സിനിമ നിരോധിക്കപ്പെട്ടു. പോസ്റ്ററുകളെല്ലാം നീക്കം ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും കോൺഗ്രസും പരാജയപ്പെടുകയും, ജനതാ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. അതിനുശേഷം സിനിമ തിയേറ്ററുകളിലൂടെയും ടിവിയിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയായിരുന്നു. സുചിത്ര സെന്നിന്റെ കരിയറിലെ ഏറ്റവും ഹിറ്റായി മാറിയിത്. ഒടുവിൽ ഗുൽസാർ തന്നെ തുറന്നുസമ്മതിച്ചു, ''ഇത് ഇന്ദിരാ ഗാന്ധിയെ മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ നിർമിച്ചത്''.സുചിത്ര സെന്നിന്റെ അവസാനസിനിമ എന്നൊരു പ്രത്യേകത കൂടിയുണ്ട് അതിന്.
കസേരയുടെ കഥ
അടുത്തത് അടുത്തത് അമ്രിത് നഹത സംവിധാനം ചെയ്ത 'കിസ്സാ കുർസി കാ' എന്ന സിനിമയാണ്. ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപഹാസ്യം എന്ന നിലയിൽ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1975-ലാണ് സിനിമ സെൻസർ ബോർഡിനുമുന്നിലെത്തുന്നത്. ബോർഡ് ഇത് റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. അവർ കേന്ദ്രസർക്കാരിനും. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർമാതാവിന് ഷോകോസ് നോട്ടീസ് അയച്ചു. 51 കാര്യങ്ങളിലാണ് കേന്ദ്ര മന്ത്രാലയം എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, സിനിമയിലുള്ളതെല്ലാം സാങ്കൽപികകഥാപാത്രങ്ങൾ മാത്രമാണെന്ന് നിർമാതാവും സംവിധായകനും മറുപടി നൽകി. അതുകൊണ്ടൊന്നും അവർ തൃപ്തരായില്ല. അപ്പോഴേക്കും അടിയന്തരാവസ്ഥ നിലവിൽ വന്നു. സിനിമ നിരോധിക്കപ്പെടുകയും ചെയ്തു.
അതോടെ സിനിമയുടെ എല്ലാ പ്രിന്റുകളും സെൻസർ ബോർഡ് ഓഫീസിൽ നിന്ന്, മറ്റൊരിടത്തേക്ക് കൊണ്ടുപോയി കത്തിച്ചുകളഞ്ഞു. തുടർന്നുവന്ന സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നെഗറ്റീവ് കത്തിച്ച സംഭവത്തിൽ സഞ്ജയ് ഗാന്ധിയും മന്ത്രി വി.സി ശുക്ലയും കുറ്റക്കാരാണെന്ന് ആ കമ്മീഷൻ കണ്ടെത്തി. 1979-ലാണ് കേസിൽ വിധി വന്നത്. കുറ്റക്കാരായ സഞ്ജയ് ഗാന്ധിക്കും വി.സി.ശുക്ലയ്ക്കും തടവുശിക്ഷയും ലഭിച്ചു. അതുപ്രകാരം സഞ്ജയ് ഗാന്ധി ഒരുമാസം തിഹാർ ജയിലിൽ കിടക്കേണ്ടി വന്നു. ശുക്ലയ്ക്ക് രണ്ടുവർഷം തടവായിരുന്നു ശിക്ഷ. എന്നാൽ, ഈ വിധി പിന്നീട് റദ്ദാക്കപ്പെട്ടു.
സിനിമയുടെ പ്രിന്റ് പൂർണമായും നശിപ്പിക്കപ്പെട്ടതിനാൽ, വീണ്ടും ഷൂട്ട് ചെയ്യേണ്ടിവന്നു. അതേ കഥയും ഏറെക്കുറെ അതേ താരങ്ങളെയും നിലനിർത്തി തന്നെയാണ് ഷൂട്ട് ചെയ്തത്. എന്നാൽ, ആ സിനിമയും സെൻസർ ബോർഡിന്റെ കത്തിക്കിരയായി. പലതും നീക്കംചെയ്യപ്പെട്ടു. ഒടുവിൽ 1978-ൽ റിലീസായി.
നിർബന്ധിത വന്ധ്യംകരണം
'നസ്ബന്ധി' (1978) എന്ന സിനിമയാണ് അടുത്തത്. ഇത് അടിയന്തരാവസ്ഥക്കാലത്തല്ല റിലീസ് ചെയ്തത്. എന്നാൽ, ആ കറുത്തനാളുകളിലെ ഒരു വിവാദതീരുമാനത്തെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചത്. 1975-ൽ സഞ്ജയ് ഗാന്ധി ആരംഭിച്ച നിർബന്ധിത വന്ധ്യംകരണ കാമ്പെയ്നിന്റെ ഭാഗമായി, 6.2 ദശലക്ഷത്തോളം പുരുഷൻമാരെ വന്ധ്യംകരണത്തിന് വിധേയരാക്കിയിരുന്നു. ഇതിനെക്കുറിച്ചുള്ള സിനിമയാണ് 'നസ്ബന്ധി'. പുറത്തിറങ്ങിയ ഉടനെ തന്നെ ഇതും നിരോധിക്കപ്പെട്ടു. അടുത്ത സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് നിരോധനം നീങ്ങുന്നത്. പിന്നീട് ടിവിയിലൂടെയും മറ്റുമാണ് സിനിമ ആളുകളിലേക്കെത്തിയത്. അധികം വൈകാതെ ഒരു കൾട്ട് പദവി നേടുകയും ചെയ്തു. ഇതിലെ ഒരു പാട്ട് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 'ഏക് ഭാരത് മേം ബൻ ഗയെ ജാലിയൻ വാലാ ബാഗ് ഹസാർ, ഗാന്ധി തേരെ ദേശ് മേം യേ കൈസാ അത്യാചാർ' എന്ന പാട്ട് കിഷോർ കുമാർ ആണ് പാടിയത്. അത് അക്കാലത്ത് രാജ്യം മുഴുവൻ അലയടിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 25 Jun 2025, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented