ഡയാന രാജകുമാരിയുടെ മരണവാർത്ത തീവ്രദുഃഖം പടർത്തിയ പുലർകാലം. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ വേനൽക്കാലവസതി ബാൽമോറൽ കൊട്ടാരത്തിലായിരുന്നു (സ്കോട്ട്ലാൻഡ്) രാജകുടുംബാംഗങ്ങളെല്ലാം. ലണ്ടനിൽ തിരിച്ചെത്തിയശേഷം വൈകുന്നേരം അമ്മയെ കാണാമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളെണ്ണി ഒരേമുറിയിൽ ഉറങ്ങാൻകിടന്നതാണ് 15-കാരൻ വില്യമും 12-കാരൻ ഹാരിയും. ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തങ്ങളുടെ സമസ്യകൾ നിറഞ്ഞ ദാമ്പത്യത്തിന് വിവാഹമോചനത്തിലൂടെ വിരാമമിട്ടിട്ട് അന്നേക്ക് ഒരു കൊല്ലത്തോളമായിരുന്നു. ഇന്നലെകൾ ഡയാനയുമായി അകന്നുതീർക്കാൻ മിനക്കെട്ട ചാൾസ്, പക്ഷേ ഡയാനയ്ക്ക് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞതുതൊട്ട് അസ്വസ്ഥനായി. പിന്നാലെയെത്തിയ മരണവാർത്ത അക്ഷരാർഥത്തിൽ അദ്ദേഹത്തെ തളർത്തി. ചാൾസ് പൊട്ടിക്കരഞ്ഞു. മക്കളെ നന്നായി ഉറങ്ങാൻവിട്ട് ചാൾസ് കുറച്ചുസമയംകൂടി കാത്തിരുന്നു. പിന്നെ അരികിലെത്തി അമ്മയുടെ വിയോഗവാർത്ത അവരെ ധരിപ്പിച്ചു, ആശ്വസിപ്പിച്ചു. ഡയാനയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വിയോഗവാർത്ത ചാൾസിനെ തകർത്തുവെന്നത് കൊട്ടാരത്തിലെ സഹായികളടക്കമുള്ളവരെ അന്ന് ഞെട്ടിച്ചിരുന്നു. 
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥപറയുന്ന പീറ്റർ മോർഗൻറെ നെറ്റ്ഫ്ലിക്സ് സീരീസ് ‘ദി ക്രൗണി'ന്റെ ആറാമത്തെ സീസൺ പുറത്തുവന്നതോടെ ഡയാനയുടെ മരണം വീണ്ടും ചർച്ചയ്ക്കെത്തിയിരിക്കുകയാണ്. 

To advertise here,

ചാരുകസേരയിൽ തളർന്നിരുന്ന് കരഞ്ഞു
ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് വിദഗ്ധലേഖനങ്ങൾ മുമ്പും കാഴ്ചവെച്ചിട്ടുള്ള അമേരിക്കൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ക്രിസ്റ്റഫർ ആൻഡേഴ്സൺ, ചാൾസ് കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്. ഇപ്പോൾ ബ്രിട്ടന്റെ രാജാവായ ചാൾസിനെപ്പറ്റി ‘ദി കിങ്: ദി ലൈഫ് ഓഫ് ചാൾസ് തേർഡ്’ എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകം രചിച്ചിരുന്നു. വിവാഹമോചനത്തിൽ എത്തുംമുമ്പ് ചാൾസിന്റെയും ഡയാനയുടെയും ദാമ്പത്യം എത്രത്തോളം മോശമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്നിരുന്നാലും, ഡയാനയുടെ മരണമറിഞ്ഞപ്പോൾ ചാൾസ് വികാരാധീനനായി. ‘അദ്ദേഹം വേദനയോടെ നിലവിളിച്ചു. ഹൃദയത്തിൽ നിന്നുള്ളതായിരുന്നു ആ നിലവിളി. കൊട്ടാരം ജീവനക്കാർ ചാൾസിന്റെ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ അദ്ദേഹമൊരു ചാരുകസേരയിൽ തളർന്നിരുന്ന് കരയുന്നതുകണ്ടു. 'വേദനയുടെ അലർച്ച'യായിരുന്നു അത്’-ദൃക്സാക്ഷികളെ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു. 

ചാൾസിന്റെ വിഷമം ആളുകൾ മനസ്സിലാക്കുമെന്ന് കരുതുന്നില്ല
ഡയാനയുടെ മരണം ചാൾസിനുണ്ടാക്കിയ ആഘാതത്തെപ്പറ്റി ആളുകൾ മനസ്സിലാക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ആൻഡേഴ്സൺ പറയുന്നു. ‘ഡയാനയുടെ മൃതദേഹമേറ്റുവാങ്ങാൻ പാരിസിലെ ആശുപത്രിമുറിയിലെത്തിയ ചാൾസിനെ കണ്ട നഴ്സുമാരെ ഞാൻ ഇന്റർവ്യൂ ചെയ്തിരുന്നു, അവളുടെ ശരീരം കണ്ടപ്പോൾ, അദ്ദേഹം മുഖത്ത് അടിയേറ്റതുപോലെ കാണപ്പെട്ടു എന്നവർ പറഞ്ഞു. ചാൾസ് ബോധംകെട്ടു വീഴുമെന്നുപോലും അവർ ഭയപ്പെട്ടു, ഒപ്പം ചാൾസ് എന്തുമാത്രം വികാരാധീനനായിരുന്നുവെന്ന് കണ്ട് അവർ ആശ്ചര്യപ്പെടുകയും ചെയ്തു.’  
വിവാഹംകഴിഞ്ഞ് അധികനാൾ കഴിയുംമുമ്പേ ഡയാനയെ ജീവിതത്തിൽ നിന്ന് പറിച്ചുകളയാൻ ചാൾസ് ശ്രമംതുടങ്ങിയിരുന്നു എന്നതാണ് യാഥാർഥ്യം. രാജകീയ നിയമങ്ങളിൽ കുരുങ്ങി വിവാഹത്തിലെത്താതെ പോയ കമീല പാർക്കർ ബൗൾസുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ ചാൾസ് ഒരുക്കമായിരുന്നില്ല. അത് ഡയാനയുമായുള്ള ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ നിറച്ചു. പ്രണയത്തോടെ ചാൾസ് പലപ്പോഴും ഡയാനയെ ഒപ്പംകൂട്ടിയിരുന്നു. പക്ഷേ, ജീവിതത്തിൽ അവളെ ചേർത്തുനിർത്താൻ ചാൾസിനായില്ല. ഡയാനയുടെ വിശ്വപ്രസിദ്ധി ഒരു പരിധിവരെ ചാൾസിന് ഉൾക്കൊള്ളാനുമായിരുന്നില്ല. വിവാഹിതയും അമ്മയുമായ കമീലയുമായി കൂടുതൽ അടുത്ത് ചാൾസ് മുന്നോട്ടുപോയി. 

പാരിസിലെ മരണരാത്രി
ലോകത്തെവിടെപ്പോയാലും പാപ്പരാസികൾ പുറകെക്കൂടും. അതായിരുന്നു ഡയാനയുടെ ജീവിതം. അവരുടെ സൗന്ദര്യവും പ്രണയങ്ങളും ടാബ്ലോയ്ഡുകൾക്ക് ചൂടുള്ള വാർത്തകളായി. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും ഡയാനയ്ക്കായില്ല. 1997 ഓഗസ്റ്റ് 31-ന്, മരണദിവസം പാരിസിലും പാപ്പരാസികൾ അവർക്കു പുറകെയുണ്ടായിരുന്നു. സുഹൃത്തും ഈജിപ്ഷ്യൻ വ്യവസായിയുമായ ഇമാദ് മുഹമ്മദ് അൽ-ഫയീദിനൊപ്പം (ഡോഡി) പാരീസിലെ റിറ്റ്സ് ഹോട്ടലിലെത്തിയതായിരുന്നു ഡയാന. അവിടെവെച്ച് ഡോഡി ഡയാനയോട് വിവാഹാഭ്യർഥന നടത്തിയെന്നും ഡയാന അത് സ്നേഹപൂർവം നിരസിച്ചുവെന്നുമെല്ലാം മാധ്യമങ്ങള് റിപ്പോർട്ടുകളെഴുതി. അവിടെവെച്ച് ഇരുവരും ഒന്നിച്ചു ഭക്ഷണംകഴിച്ചശേഷം അർധരാത്രിയോടെ ഡോഡിയുടെ അപ്പാർട്ട്മെന്റിലേക്ക് തിരികെപ്പോവാൻ തീരുമാനിച്ചു. ആ ദിവസം മുഴുവൻ അവർക്കുപുറകെത്തന്നെയായിരുന്ന മാധ്യമങ്ങളെ മറികടക്കുക എളുപ്പമായിരുന്നില്ല. ഹോട്ടലിന്റെ മുൻവാതിലിൽ തമ്പടിച്ച ക്യാമറക്കണ്ണുകളെ വെട്ടിച്ച് ഏകദേശം 12:20 ഓടെ പിൻവാതിലിലൂടെ കാറിൽ കയറാൻ അവർ ശ്രമം നടത്തി. പാപ്പരാസികൾ മണത്തറിഞ്ഞ് അവിടെയുമെത്തി. പെട്ടെന്നുള്ള പരിഭ്രമത്തിൽ കാറിൽ കയറിയ ഡയാനയും ഡോഡിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാർ പുറപ്പെട്ടതും ഡയാനയെന്ന് ഉറക്കെവിളിച്ച് മോട്ടോർ സൈക്കിളിൽ ഒരുകൂട്ടം ഫോട്ടോഗ്രാഫർമാർ ക്രൂരമായി അവരെ പിന്തുടർന്നു. അവരിൽ നിന്ന് ഓടിപ്പോകാൻ ഡ്രൈവർ കാറിന്റെ വേഗത കൂട്ടി. അവർ സഞ്ചരിച്ച മെഴ്സിഡസ് എസ് 280 ഏകദേശം 12:25-ഓടെ അണ്ടർപാസിൽ പ്രവേശിക്കുകയും സെക്കൻഡുകൾക്കകം നിയന്ത്രണംവിട്ട് തുരങ്കത്തെ വിഭജിക്കുന്ന തൂണിലിടിക്കുകയും ചെയ്തു.12:27-ന്, അഗ്നിശമന സേനാംഗങ്ങൾക്ക് സന്ദേശംകിട്ടി. 12:40-ന് പോലീസും ഫയർഫോഴ്സുമെത്തി. അപ്പോഴേക്കും ഡ്രൈവർ ഹെൻറി പോളും ഡോഡിയും മരിച്ചിരുന്നു(പോൾ മദ്യപിച്ചിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്). അപ്പോഴും പാപ്പരാസികൾ ഫോട്ടോയെടുക്കുന്നത് തുടരുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പിന്നീട് മൊഴി നൽകി, സംഭവസ്ഥലത്ത് വെച്ച് ഏഴ് ഫോട്ടോഗ്രാഫർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

placeholder
ഡോഡിയും ഡയാനയും

‘36 കാരിയായ രാജകുമാരിക്ക് കാറപകടത്തിൽ മാരകമായി പരിക്കേറ്റു, അവരുടെ ആൺസുഹൃത്തും ഈജിപ്ഷ്യൻ വ്യവസായിയുമായ ഇമാദ് മുഹമ്മദ് അൽ-ഫയീദ് (41) സംഭവസ്ഥലത്തുതന്നെ മരിച്ചു’ എന്ന വാർത്തയാണ് ആദ്യം വന്നത്.  പാരിസ് സമയം പുലർച്ചെ 4 മണിയോടെ ഡയാനയുടെ മരണവും സ്ഥിരീകരിച്ചു. ബി.ബി.സി.യിൽ ദേശീയ ഗാനം ആലപിച്ചു, ഡയാനയുടെ പുഞ്ചിരി വിരിയുന്ന കറുത്ത ഫ്രെയിമിലുള്ള ഒരു ചിത്രം കാണിച്ച് ജനനസമയവും മരണസമയവും (1961-1997) രേഖപ്പെടുത്തി വാർത്ത വന്നു. പിറ്റേദിവസം ലണ്ടനിൽ മക്കളെ കാണാൻ പോകുന്നുവെന്നും അവർക്കൊപ്പം കുറച്ചുദിവസങ്ങൾ ചെലവിടുന്നുണ്ടെന്നും ‘ദി ഡെയ്ലി മെയിലി’ന്റെ റോയൽ റിപ്പോർട്ടറും ബ്രിട്ടീഷ് പത്രത്തിലെ തന്റെ ഉറ്റസുഹൃത്തുമായ റിച്ചാർഡ് കേയോട് ഡയാന പറഞ്ഞിരുന്നു. ഒപ്പം നവംബറോടെ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എല്ലായിപ്പോഴും താനാഗ്രഹിച്ചതുപോലെ മാധ്യമങ്ങളുടെ നടുവിലല്ലാതെ ഒരു സ്വകാര്യവ്യക്തിയായി ജീവിക്കണമെന്നും. 

placeholder
ഡയാനയുടെ മരണത്തോടെ സ്പെൻസർ കുടുംബം ഏറെ രോഷാകുലരായി. മാധ്യമങ്ങൾ അവളെ അവസാനം കൊല്ലുമെന്ന് താനെപ്പോഴും ഭയപ്പെട്ടിരുന്നെന്ന് ഏക സഹോദരൻ ചാൾസ് പറയുകയുണ്ടായി. ‘അവളുടെ മരണത്തിൽ അവർ നേരിട്ട് കൈകോർത്തെന്ന് എനിക്ക് സങ്കൽപ്പിക്കാനാവുന്നില്ല. അത്യാഗ്രഹികളും നിർദയരുമായ വ്യക്തികളെ പ്രോത്സാഹിപ്പിച്ച്, അവളെ ഫോട്ടോകൾക്കായി ചൂഷണം ചെയ്യാൻ പണം നൽകിയ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥരുടെയും എഡിറ്റർമാരുടെയും കൈകളിൽ രക്തം പുരണ്ടിട്ടുണ്ട്.’ 

മൃതദേഹം വഹിച്ചത് രാജ്ഞിയുടെ ജെറ്റ്; നിർബന്ധിച്ചത് ചാൾസ്
പാരിസിൽ നിന്ന് ഡയാനയുടെ മൃതദേഹം കൊണ്ടുവരാൻ ബ്രിട്ടീഷ് രാജ്ഞിയുടെ ജെറ്റ് പുറപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു. രാജകുടുംബത്തിൽ നിന്ന് വിവാഹബന്ധം വേർപെടുത്തി പുറത്തുപോയ വ്യക്തിയാണ് ഡയാന, അതുകൊണ്ടുതന്നെ രാജ്ഞിയുടെ ജെറ്റ് വിട്ടുനൽകാൻ എലിസബത്തിന് താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ചാൾസ് തന്നെയാണ് രാജ്ഞിക്കുമുമ്പിൽ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. അതിനുവേണ്ടി തർക്കിക്കുകപോലും ചെയ്തെന്നും മാധ്യമങ്ങളെഴുതി. ജീവിതത്തിൽ ഒരിക്കൽപോലും ഡയാനയ്ക്കുവേണ്ടി ചെയ്യാത്തത്രയും ശക്തമായാണ് അദ്ദേഹമന്ന് സംസാരിച്ചതെന്ന് ‘ഡയാന 7 ഡേയ്സി’ൽ മാധ്യമപ്രവർത്തകനായ റിച്ചാർഡ് കേ പറയുന്നു. 

placeholder
ഡയാനയുടെ രണ്ട് സഹോദരിമാരായ ലേഡി ജെയ്ൻ ഫെലോസ്, ലേഡി സാറാ മക്വോർകോഡേൽ എന്നിവരെയും ഒപ്പംകൂട്ടിയാണ് ചാൾസ് പാരിസിലേക്ക് പോയത്. ശവപ്പെട്ടിയിൽ കിടത്തി ഡയാനയെ തിരികെക്കൊണ്ടുവരൽ ചാൾസിനെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടകരമായ ദൗത്യംതന്നെയായിരുന്നു. ലണ്ടനുപുറത്തുള്ള റോയൽ എയർഫോഴ്സ് ബേസിൽ തൊടുന്നതിന് വളരെ മുമ്പുതന്നെ, ഡയാനയുടെ വിയോഗത്തിന്റെ ദുഃഖം രാജ്യത്തെ വിഴുങ്ങിയിരുന്നു. വിവാഹമോചനത്തോടെ ഡയാനയ്ക്ക് ‘ഹെർ റോയൽ ഹൈനസ്’ എന്ന് വിളിക്കപ്പെടാനുള്ള അവകാശം നഷ്ടമായി, ആന്തരിക കുടുംബത്തിന്റെ ഭാഗമല്ലാത്തതിനാൽ രാജകീയ ശവസംസ്കാരത്തിനും അർഹതയില്ല. എന്നാൽ ബ്രിട്ടന്റെ ഭാവി രാജാവിന്റെ അമ്മയെന്ന നിലയിൽ, മൃതദേഹം രാജകീയ വിമാനത്തിൽ കൊണ്ടുവരണമെന്നും അർഹിക്കുന്ന യാത്രയയപ്പ് അവർക്ക് നൽകണമെന്നും ചാൾസിന് നിർബന്ധമായിരുന്നു. ഡയാനയുടെ  സംസ്കാരം 1997 സെപ്റ്റംബർ 6-ന് നടന്നു. ഡയാനയുടെ മരണവിവരത്തോട് ഏതാനും ആഴ്ചകളോളം ബ്രിട്ടീഷ് രാജകുടുംബം നിശ്ശബ്ദത പാലിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കി.  'അവർ ജനങ്ങളുടെ രാജകുമാരിയായിരുന്നു, നമ്മുടെ ഹൃദയങ്ങളിലും നമ്മുടെ ഓർമ്മകളിലും എന്നന്നേക്കുമായി നിലനിൽക്കും' എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പ്രതികരണം.   

placeholder
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച കാലം ഡയാനയും ചാൾസും ഏറ്റവും അടുപ്പം സൂക്ഷിച്ച നാളുകളായിരുന്നെന്ന് ആൻഡേഴ്സൺ പറയുന്നു. പക്ഷേ, രണ്ടാമത്തെ കുട്ടി ആണാണെന്ന് അറിഞ്ഞപ്പോഴുള്ള ചാൾസിന്റെ പ്രതികരണം ഡയാനയെ വേദനിപ്പിച്ചു.  മുറിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും അമ്പരപ്പിച്ച് ചാൾസ് അവജ്ഞയോടെ പറഞ്ഞു, ‘ഓ, ദൈവമേ, ഇതൊരു ആൺകുട്ടിയാണ്. ചുവന്നമുടിയുമാണ്”. ഡയാനയുടെ മാനസികാരോഗ്യത്തെ ഇത് വളരെയേറെ ബാധിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്ന ഡയാനയുടെ ഓഡിയോ ക്ലിപ്പുകൾ പിന്നീട് പുറത്തുവന്നു. ഡയാനയുടെ കുടുംബമായ സ്പെൻസർ കുടുംബത്തിന്റെ പാരമ്പര്യമാണ് ചുവന്നമുടിയെന്ന് ചാൾസ് വിശ്വസിച്ചു. ഒരു പെൺകുട്ടിയെയാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് ചാൾസ് പിന്നെയും പലതവണ പറഞ്ഞു. ഹാരിയുടെ ജനനത്തിനു മുമ്പുള്ള സമയം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുപ്പം നിറഞ്ഞ ദിവസങ്ങളായിരുന്നെന്ന് ഡയാന തുറന്നുപറഞ്ഞിട്ടുണ്ട്. ഓഡിയോ റെക്കോർഡിങ്ങുകളെ അടിസ്ഥാനമാക്കി ഒരു പുതിയ ഡോക്യുമെന്ററി അടുത്തവർഷം പുറത്തിറങ്ങാനിരിക്കുകയാണ്. അവരനുഭവിച്ച മാനസികാരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യം, രണ്ടാനമ്മ റെയ്ൻ സ്പെൻസറുമായുള്ള ബന്ധം എന്നിവ വിശദീകരിക്കുന്ന ഡോക്യുമെന്ററിക്ക് ‘ഡയാന: ദി റെസ്റ്റ് ഓഫ് ഹെർ സ്റ്റോറി’ എന്നാണ് പേരിട്ടിരിക്കുന്നത്. 

(കടപ്പാട്: ദി ക്രൗൺ, time.com)