തൊഴില്‍ അന്വേഷിച്ചലയുന്ന സേതുവിനെ ചങ്ങാതി മാധവന്‍ സഹായിക്കാമെന്നേല്‍ക്കുന്നു. കള്ളന്മാരുടെ ശല്യമുള്ള തൊട്ടടുത്തെ ഹൗസിങ് കോളനിക്കാര്‍ ഒരു ഗൂര്‍ഖാ സെക്യൂരിറ്റിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന മാധവന്‍ സേതുവിനെ നേപ്പാളിയായ രാം സിങിന്റെ വേഷമണിയിക്കുന്നു. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിന്റെ (1986) കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

To advertise here,

ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് കോളനിയുടെ ഒത്ത നടുക്കുള്ള റോഡില്‍ സേതു പൊരിഞ്ഞ അഭ്യാസം നടത്തി ആളെക്കൂട്ടുന്നു. വട്ടനാണെന്ന് കരുതി അന്തിച്ചുകൂടിയ ജനത്തോട് അയാള്‍ പറയുന്നു:  

''മേം ഗൂര്‍ഖ ഹൂം... ഹേ... ഹൈ... ഹം...  ഭായിയോം ഓര്‍ ബഹനോം, പത്രത്തില്‍ യെ കോളനി കോ ഏക് ഗൂര്‍ഖ കി ആവശ്യകത ഹേ... മേനേ പടാ, ഇസ്ലിയെ മേം ആഗയി.''  

കോളനിക്കാര്‍ക്ക് മുന്നില്‍ ഈ മുറിഹിന്ദി പ്രസംഗിച്ച് ഭീം സിംങ് ചാര്‍ജെടുത്തു. മലയാള സിനിമയില്‍ ഹിന്ദി പറഞ്ഞ് ചിരിപ്പിച്ച് കടന്നുപോയ പല കഥാപാത്രങ്ങളുമുണ്ട്. അതില്‍ പ്രധാനിയാണ് ഭീം സിംങ് കാ ബേട്ടാ രാം സിങ്.

placeholder
1991-ല്‍ സത്യനും ശ്രീനിയും കൈകോര്‍ത്ത സന്ദേശത്തില്‍ ഹിന്ദി പറഞ്ഞ് ചിരിപ്പിച്ചത് ഇന്നസെന്റാണ്. അഖിലേന്ത്യാ നേതാവായ യശ്വന്ത് സഹായിയുടെ രൂപത്തില്‍. സഹായി നാരിയല്‍ പാനി ആവശ്യപ്പെട്ടപ്പോള്‍ ഐ.എന്‍.എസ്.പി പ്രാദേശിക നേതൃത്വം അടിമുടി പകച്ചു. വെള്ളമടിക്കാനാണെന്നു കരുതി പൊതുവാള്‍ ചോദിച്ചു; പക്ഷേ, സംഗതി അതല്ലായിരുന്നു.

നാരി സ്ത്രീയാണെന്ന് അണികളിലൊരുത്തന്റെ വിവര്‍ത്തനം കൂടിയാകുമ്പോള്‍ പൊതുവാള്‍ നിന്നങ്ങ് ദഹിക്കും. ''സ്ത്രീ നഹീ... സ്ത്രീ നഹീ''ന്ന് അയാള്‍ സഹായിയോട് കെഞ്ചി ബോധിപ്പിക്കുന്നു. അതുമല്ല സംഗതി എന്ന് മനസ്സിലാക്കുമ്പോള്‍ പൊതുവാള്‍ നിസ്സഹായനാകും- ''വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാര്‍ട്ടിയിലില്ലേ?'' 

നാരിയല്‍ പാനി ഇളനീരാണെന്ന് മനസ്സിലാക്കുന്നതും പാര്‍ട്ടിക്കാര്‍ കണ്ട തെങ്ങിലൊക്കെ വലിഞ്ഞുകയറും. ഇളനീര്‍ മധുരമൊന്നും സഹായിയെ തണുപ്പിക്കുന്നില്ല. മലയാളികളുടെ മണ്ടത്തരങ്ങള്‍ പൊറുക്കാനാകാതെ സഹായി പൊട്ടിത്തെറിക്കും.

''മേനേ സോച്ചാ കി കേരള്‍ മേം ബുദ്ധിമാന്‍ കാ ലോഗ് രഹ്താ ഹേ.  മഗര്‍ അഭി മാലൂം പടാ, മേനെ ഗലത് സംജാ ഹൂം ... സമ്പൂര്‍ണ സാച്ചരത. ബന്ദര്‍ ക ബച്ചേ.''

ഹിന്ദി പഠിച്ചിരുന്നെങ്കില്‍ കിലുക്കത്തിലെ (1991) നിശ്ചലിന് ഹോസ്പിറ്റല്‍ ബില്‍ പകുതിയെങ്കിലും കുറഞ്ഞു കിട്ടിയേനെ. ജോജിയെ അന്വേഷിച്ചെത്തുന്ന സമര്‍ ഖാനെ തന്റെ ഹിന്ദി അറിവില്ലായ്മ കൊണ്ട് പോരിന് വിളിച്ച് പൊരിഞ്ഞയടി മേടിച്ചുകൂട്ടുന്നുണ്ട് നിശ്ചല്‍. ''തും ഹംസേ ഝഗഡാ കരേംഗേ'', ''തൂ മേരാ ദുശ്മന്‍ ഹേ'' എന്നീ  ചോദ്യങ്ങള്‍ക്ക് ഉടനടി യെസ് എന്നാണ് നിശ്ചലിന്റെ മറുപടി. സമര്‍ഖാന്‍ അയാളെ പിടിച്ചു കുടയും, എന്നിട്ട് ജോജിയെവിടെ എന്ന് ഒരിക്കല്‍ക്കൂടി ചോദിക്കും. ''മുഝെ മാലൂം...'' എന്നതിനപ്പുറം പറയാനുള്ള ഹിന്ദി നിശ്ചലിനറിയില്ലല്ലോ. സമര്‍ഖാന്റെ ക്ഷമ വറ്റും. ''എനിക്ക് ഒന്നും അറിഞ്ഞൂടാന്ന് ഈ മറുതാനോട് പറഞ്ഞുകൊടുക്കെടാ'' എന്ന നിശ്ചലിന്റെ ദീന രോദനം മറക്കാനാകുമോ? 

''ഞാന്‍ ചപ്പാത്തി കഴിക്കാറില്ല. ചോറാണ് തിന്നണത്. അതുകൊണ്ട് എനിക്ക് ഹിന്ദിയറിയാനും പാടില്ല'' എന്നതാണ് പഞ്ചാബി ഹൗസിലെ രമണന്റെ പക്ഷം. കാണ കഴുകാനൊന്നും വിളിച്ചാല്‍ രമണന് വയ്യ. ''നഹീന്ന് പറഞ്ഞാല്‍ നഹീ പോടോ ഹേ...'' വിശന്നിട്ട് അലക്കാന്‍ പറ്റാതാകുമ്പോള്‍ രമണന്‍ അടുക്കളയിലേക്ക് ചെല്ലും. ചോറ് കിട്ടുമോ എന്നറിയാന്‍. ''തു ചോര്‍ ഹേ'' എന്ന ചോദ്യത്തിന് ''ഐ ആം ചോര്‍'' എന്ന് ഉത്തരം കൊടുക്കും. പിന്നെക്കിട്ടിയ അടിക്ക് കണക്കില്ല.  

  
''തും കുത്ത, മേം  കുത്ത ലവ് ഹേ...'' ജൂലിയെ മടക്കിക്കൊടുക്കാന്‍ പോവുന്ന മൂസ എന്ന മൂലംകുഴിയില്‍ സഹദേവന്റെ ഡയലോഗാണ്. മീന എന്ന നോര്‍ത്തിന്ത്യക്കാരി പെണ്‍കുട്ടിയെ പ്രണയിക്കാന്‍ സഹദേവന്‍ ഭാഷയില്ലാതെ വിയര്‍ക്കുകയാണ്. പക്ഷേ, വിട്ടുകൊടുക്കാന്‍ അയാള്‍ക്ക് മനസ്സില്ല. ഹിന്ദി സിനിമാപ്പേരുകള്‍ കൂട്ടിയിണക്കി സഹദേവന്‍ ഒരു പ്രണയഗാനം തന്നെ തീര്‍ക്കും. അവളുടെ പിറകെ നടക്കാന്‍. അവള്‍ക്ക് മലയാളം അറിയാമെന്ന തിരിച്ചറിവില്‍ അയാള്‍ ഒടുവില്‍ സ്തബ്ദനായിപ്പോവുന്നുണ്ട്.  

placeholder
2018-ല്‍ പുറത്തുവന്ന എന്റെ ഉമ്മാന്റെ പേര് എന്ന ജോസ് സെബാസ്റ്റിയന്‍ ചിത്രത്തില്‍ ടോവിനോയുടെ ഹമീദ് ലക്‌നൗവിലേക്ക് ട്രെയിന്‍ കയറുന്നത് ഹിന്ദി അറിയാതെയാണ്. കൂടെ അയിഷയുമുണ്ട്. ഭാഷാസഹായി പുസ്തകം കയ്യിലുള്ളതാണ് ഹമീദിന്റെ ധൈര്യം. അതില്‍ നോക്കി പിടിച്ചുനില്‍ക്കാമെന്നായിരുന്നു അതിമോഹം. അവിടെയെത്തുന്നതോടെ അതവസാനിച്ചു കിട്ടി. ഉമ്മയ്ക്കായുള്ള തിരച്ചില്‍ ഹമീദിനെ ഒരു കിടപ്പുരോഗിയുടെ അടുത്തെത്തിക്കുന്നു. ''അത്യാവശ്യ സമയത്ത് വായില്‍ ഹിന്ദി വരില്ലല്ലോ, പടച്ചോനെ...'' എന്ന സങ്കടം പറച്ചിലോടെ ഹമീദ് അറിയാവുന്ന ഹിന്ദിയിലങ്ങോട്ട് ചോദിക്കും. അയിഷയ്ക്ക് ചിരി പൊട്ടും. ദേഷ്യത്തോടെ ആയിഷയെ ഒന്ന് നോക്കി ഹമീദ് വീണ്ടും ചോദ്യത്തിലേക്ക് കടക്കുമ്പോഴേക്കും രോഗി ഗുരുതരാവസ്ഥയും കടന്ന് മരണത്തിലേക്ക്. ഹമീദ് അമ്പരക്കും. ഉത്തരമില്ല. പുറത്തേക്കോടും മുന്‍പ് ആയിഷയുടെ കമന്റ്-

placeholder
രാഷ്ട്രീയത്തിലെ സൂത്രക്കാരനായ മാമച്ചന്റെ കഥ പറഞ്ഞ വെള്ളിമൂങ്ങയിലുമുണ്ട് ചില ഹിന്ദി വര്‍ത്തമാനങ്ങള്‍. ശര്‍മാജിയോട് മാമച്ചന്‍ ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ പിറകില്‍ നില്‍ക്കുന്ന പാച്ചന്റെ മുഖം മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? അത്രയും കാലം ഇല്ലാതിരുന്ന ബഹുമാനം കാണാം. പാണ്ടിപ്പട സിനിമയില്‍ പാണ്ടി ദുരയുടെ മുന്നില്‍ ഭുവനചന്ദ്രന്‍ ആളാകുന്ന രംഗം. നഴ്സറിപ്പാട്ടുകളും കുട്ടികഥകളും കൊരുത്ത ഇംഗ്ലീഷ് പറഞ്ഞ് ഭുവന്‍ എല്ലാവരെയും ഞെട്ടിക്കും. പറയുന്ന അബദ്ധങ്ങള്‍ പിടിക്കപ്പെടില്ലെ ന്ന് ഉറപ്പാവുമ്പോള്‍ അയാള്‍ ഹിന്ദിയിലും ഒരു കൈ നോക്കും.  മീനമ്മയെ മുറിഹിന്ദി പറഞ്ഞു വിരട്ടി അണ്ണനെ പാട്ടിലാക്കും. 

അങ്ങനെ എത്രയോ സിനിമകള്‍, എത്രയോ കഥാപാത്രങ്ങള്‍, പല സാഹചര്യങ്ങളും സംഭാഷണങ്ങളും. മലയാള സിനിമയിലെ ഒരുപാട് മികച്ച ഹാസ്യരംഗങ്ങള്‍ക്ക് ഹിന്ദിയുടെ മധുരമുണ്ട്.