ഒരിക്കലും പിരിയാത്ത സൗഹൃദത്തിന്റെ ഓർമപ്പെടുത്തലാണ്, 'യേ ദോസ്തി ഹം നഹീ തോടേംഗെ' എന്ന പാട്ട്. 1975-ൽ പുറത്തിറങ്ങിയ 'ഷോലെ'യിലെ ആ പാട്ടുസീനിൽ സിനിമയിലെ കഥാപാത്രങ്ങളായ വീരുവും ജയ്-യുമാണ് അഭിനയിക്കുന്നത്. അതിൽ കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു വസ്തുവുമുണ്ട്, വീരു ഓടിക്കുന്ന ബൈക്ക്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഓർമകളിലൊന്നാണ് 1942 BSA WM 20 ബൈക്ക്.

To advertise here,

ആ ബൈക്ക് ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. 'ഷോലെ' 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്ക് ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. ധർമേന്ദ്രയുടെ മരണവാർത്ത പുറത്തുവന്നതോടെ, അതൊരു സ്മാരകമായി മാറിയിരിക്കുകയാണ്. ജയ്-വീരു സഖ്യം പോലെ അമിതാഭ് ബച്ചൻ-ധർമേന്ദ്ര സൗഹൃദത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാവുന്നു ആ ഇരുചക്രവാഹനം. 

ഫിലിം ഫെസ്റ്റിവലിന്റെ ആദ്യദിവസം മുതൽ തന്നെ ബൈക്ക് അവിടെ ഒരു ഗ്ലാസ് കൂടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാനെത്തുന്ന ആളുകൾക്കിത് വെറുമൊരു 'സിനിമാ പ്രോപ്പർട്ടി' മാത്രമല്ല. ഒരു വമ്പൻ സിനിമയുടെ ഓർമപ്പെടുത്തൽ കൂടിയാണ്.

MYB3047 എന്ന നമ്പറുള്ള ബൈക്ക് പഴയ അതേ പ്രൗഢിയോടെ, യാതൊരു കേടുപാടുകളുമില്ലാതെയാണ് നിലനിൽക്കുന്നത്. ഇപ്പോഴും ഒരു പ്രശ്‌നവുമില്ലാതെ ഈ ബൈക്ക് ഓടിക്കാൻ പറ്റുമെന്നും അധികൃതർ പറയുന്നു.

സിംഗിൾ സീറ്റ് മോട്ടോർബൈക്കായിരുന്നുവത്. സിനിമയിൽ അതിന്റെ കൂടെ ഒരു സൈഡ് കാർ കൂടി പിടിപ്പിക്കുകയായിരുന്നു. യുദ്ധകാലത്ത് ഉപയോഗിക്കാനായി ഡിസൈൻ ചെയ്ത ബ്രിട്ടീഷ് മിലിറ്ററി മോട്ടോർ സൈക്കിളാണിത്. 1937-ലാണ് ഈ ശ്രേണിയിൽപ്പെട്ട ബൈക്ക് ആദ്യമായി നിർമിക്കുന്നത്. 1950-കളുടെ അവസാനമായപ്പോഴേക്കും നിർമാണം നിർത്തുകയും ചെയ്തു. ഈ വണ്ടിക്ക് 83 വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

കർണാടകത്തിലെ ഒരു കുടുംബത്തിന്റെതായിരുന്നു ഈ ബൈക്ക്. തലമുറകളിലൂടെ കടന്ന്, വാഹനം ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi