ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വന്‍ വിജയങ്ങളിലൊന്നാണ് ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത്, മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച ‘ഡിസ്‌ക്കോ ഡാന്‍സര്‍.’ 1982-ല്‍ പുറത്തിറങ്ങിയ സിനിമ സോവിയറ്റ് യൂണിയനിലും മധ്യേഷ്യയിലും കിഴക്കന്‍ യൂറോപ്പിലും ഒരുപോലെ തരംഗമായി. മുംബൈയിലെ ഒരു ചേരിയില്‍ നിന്നും പ്രശസ്തിയിലേക്കും പ്രതാപത്തിലേക്കും ഉയര്‍ന്നുവരുന്ന ജിമ്മിയുടെ കഥയാണ് സിനിമ. മിഥുന്‍ ചക്രവര്‍ത്തി ജിമ്മിയായപ്പോള്‍ കിം യശ്പാല്‍ നായികയായ റീത്ത ഒബ്റോയിയായി വേഷമിട്ടു.
ഇന്ത്യന്‍ റിലീസ് കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം 1984-ലാണ് ‘ഡിസ്‌ക്കോ ഡാന്‍സര്‍’ സോവിയറ്റ് യൂണിയനില്‍ റിലീസ് ചെയ്യുന്നത്. ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലമാണ്. കടുത്ത അമേരിക്കന്‍ വിരോധം കാരണം സോവിയറ്റ് യൂണിയന്‍ ഹോളിവുഡ് തീര്‍ത്തും ബഹിഷ്‌കരിച്ചിരുന്നു. അക്കാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ക്ക് അവിടെ വന്‍ സ്വീകാര്യത ലഭിച്ചു.

‘ഡിസ്‌ക്കോ ഡാന്‍സര്‍’ സോവിയറ്റ് യൂണിയന്‍ പ്രേക്ഷകരുടെ പ്രിയ സിനിമയായി. സോവിയറ്റ് യൂണിയനില്‍ അക്കൊല്ലം ഇറങ്ങിയതില്‍ ഏറ്റവും പണം വാരിയ സിനിമയായി അത് മാറി. സിനിമയിലെ ബാപ്പി ലാഹിരി ഒരുക്കിയ ഗാനങ്ങള്‍ക്കെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘ജിമ്മി ജിമ്മി ആജാ ആജാ’ എന്ന ഗാനം സോവിയറ്റ് യൂണിയനിലെ ക്ലബ്ബുകള്‍ തോറും മുഴങ്ങി.
സിനിമയിറങ്ങി രണ്ടുവര്‍ഷം പിന്നിട്ടപ്പോഴായിരുന്നു സോവിയറ്റ് യൂണിയന്‍ നേതാവ് ഗോര്‍ബച്ചേവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. അന്ന് രാജീവ് ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ഗോര്‍ബച്ചേവിനെ വരവേറ്റ രാജീവ് ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’ എന്നുപറഞ്ഞ് അമിതാഭ് ബച്ചനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. എന്നാല്‍ ‘എന്റെ മകള്‍ക്ക് മിഥുന്‍ ചക്രവര്‍ത്തിയെ അറിയൂ’ എന്നായിരുന്നു ഗോര്‍ബച്ചേവിന്റെ മറുപടി. അത്രയധികമായിരുന്നു സിനിമയുടെയും ‘ജിമ്മി ജിമ്മി’ എന്ന ഗാനത്തിന്റെയും പ്രശസ്തി.

എട്ട് ഗാനങ്ങളാണ് ‘ഡിസ്‌ക്കോ ഡാന്‍സര്‍’ ചിത്രത്തിനായി ബാപ്പി ലാഹിരി ഒരുക്കിയത്. അന്‍ജാന്‍, കൈസര്‍ ഫാറൂഖ് എന്നിവര്‍ വരികളെഴുതിയ ഗാനങ്ങള്‍ എട്ട് ഗായകരാണ് ആലപിച്ചിട്ടുള്ളത്. ഒരു മില്യണ്‍ കോപ്പികള്‍ വിറ്റുപോയി ഇന്ത്യന്‍ മ്യൂസിക് അസോസിയേഷന്റെ പ്ലാറ്റിനം ബഹുമതി നേടിയ ആല്‍ബമാണ് ഡിസ്‌ക്കോ ഡാന്‍സറിന്റേത്. ചൈനയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടാനും ഈ ഗാനങ്ങളിലൂടെ ബപ്പിക്ക് സാധിച്ചു.
ഒറ്റ സിനിമയിലൂടെ മിഥുന്‍ ചക്രവര്‍ത്തി സോവിയറ്റ് യൂണിയനില്‍ ഹീറോയായി. അദ്ദേഹത്തിന്റെ ഡാന്‍സ് അവര്‍ കയ്യടികളോടെ ഏറ്റെടുത്തു. ഇപ്പോള്‍ കാര്യമായ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കിലും ഏറ്റവും ആസ്തിയുള്ള നടന്മാരുടെ പട്ടികയില്‍ അദ്ദേഹമുണ്ട്. 400 കോടിയോളം ആസ്തിയുണ്ട് അദ്ദേഹത്തിന്. ഹോട്ടല്‍ വ്യവസായമാണ് ആദ്ദേഹത്തിന്റെ മുഖ്യമേഖല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ : https://mbi.page.link/grihalakshmi
Content Highlights: Discover the incredible story of Disco Dancer, a Bollywood film that became a massive hit in the Soviet Union, captivating audiences with its music and dance
Published: 16 Jun 2025, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented