മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച് ധ്രുവ് വിക്രം നായകനായെത്തുന്ന ചിത്രമാണ് ബെെസൺ. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബർ 17-നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ കബഡി കളിക്കാരന്റെ വേഷത്തിലെത്തുന്ന ധ്രുവ് റിലീസിന്റെ ആവേശത്തിലാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിനായി താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് താരം തുറന്നുപറയുകയുണ്ടായി.

"എൻ്റെ ജീവിതത്തിലെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ഈ സിനിമയ്ക്കായാണ് ഞാൻ ചെലവഴിച്ചത്. ഞങ്ങൾ ഷൂട്ട് ചെയ്ത തിരുനെൽവേലിയിലെ ആളുകളുമായി ഒരുപാട് സമയം ചെലവഴിച്ചു. ഞാൻ കബഡി കളിച്ചു, കൃഷി ചെയ്തു, മാസങ്ങളോളം അവിടുത്തെ ആളുകളുടെ ദൈനംദിന ജീവിതത്തിൽ പങ്കാളിയായി. അതായിരുന്നു എൻ്റെ വർക്ക്‌ഷോപ്പ്. ഈ സിനിമയ്ക്കായി ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, തിയേറ്ററിൽ അമ്മയുടെയും അച്ഛൻ്റെയും കൈകളിൽ മുറുകെ പിടിച്ച് പരിഭ്രമത്തോടെയായിരിക്കും ഞാൻ സിനിമ കാണുക’’- ധ്രുവ് പറഞ്ഞു.

ഇത്രയും കഠിനമായ വേഷം ചെയ്യാൻ ധ്രുവിന് കഴിയുമോ എന്ന് മാരി സെൽവരാജിന് ആശങ്കയുണ്ടായിരുന്നു. പരിശീലനം പൂർത്തിയാക്കി, താൻ തയ്യാറാണെന്ന് തോന്നിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

"ഈ സിനിമയ്ക്ക് ഒരു സാമൂഹിക പ്രമേയമുണ്ട്, പക്ഷേ അതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ എനിക്കാവില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകനാണ് മാരി സെൽവരാജ്. ആഴ്ചകളോളം നീണ്ട എൻ്റെ പരിശീലനത്തിനിടയിൽ അദ്ദേഹവും എൻ്റെ കൂടെ കബഡി കളിച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും കൈ ഒടിഞ്ഞെങ്കിലും പിന്മാറിയില്ല. എല്ലാവരും അദ്ദേഹത്തോടൊപ്പം ഒരിക്കലെങ്കിലും പ്രവർത്തിക്കണമെന്നാണ് ഞാൻ കരുതുന്നത്.’’

സൂപ്പർഹിറ്റ് തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ റീമേക്കിലൂടെ 2019-ൽ തമിഴിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മികച്ച അവസരങ്ങളൊന്നും ധ്രുവിനെ തേടിയെത്തിയില്ല. ബൈസൺ ധ്രുവിൻ്റെ മൂന്നാമത്തെ ചിത്രമാണ്. അതിനെക്കുറിച്ച്  ധ്രുവിന്റെ മറുപടി ഇങ്ങനെയായിരുന്നു

"ആദിത്യ വർമ്മ ചെയ്തതിൽ എനിക്ക് ഖേദമില്ല, പക്ഷേ അത് അർജുൻ റെഡ്ഡിയുടെ കൃത്യമായ റീമേക്ക് ആയിരുന്നു. എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എൻ്റെ അഭിനയം മാത്രമായിരുന്നു വ്യത്യാസം. എൻ്റെ അച്ഛൻ്റെ സിനിമയായ 'മഹാനി'ൽ ഞാൻ ഒരു ചെറിയ വേഷമാണ് ചെയ്തത്, അത് നേരിട്ടുള്ള ഒടിടി റിലീസുമായിരുന്നു. 'ബൈസണിൽ' സിനിമയുടെ പൂർണ്ണ ഉത്തരവാദിത്തം എൻ്റെ ചുമലിലാണ്, ഞാനാണ് നായകൻ. ഈ കഥാപാത്രത്തിനായി ഞാൻ വർഷങ്ങളോളം പരിശീലനത്തിനും കഠിനാധ്വാനത്തിനുമായി നീക്കിവെച്ചു. അതിനാൽ, ഈ ചിത്രം എൻ്റെ അരങ്ങേറ്റം പോലെയാണ്. എൻ്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു വശം തെളിയിക്കാൻ പറ്റിയ സിനിമ 'ബൈസൺ' ആണെന്ന് ഞാൻ കരുതുന്നു."

തൻ്റെ ജീവിതത്തിൽ അച്ഛന് വലിയ പ്രാധാന്യമുണ്ടെന്നും കരിയറിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം താങ്ങായെന്നും ധ്രുവ് വ്യക്തമാക്കി.

‘’എന്റെ സിനിമ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കരിയറിന് 'ബൈസൺ' വളരെ നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് മാതാപിതാക്കൾ ഞാനീ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത്. 'ബൈസണി'ലൂടെ അവർക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഞാൻ പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല, അതുകൊണ്ട് അവരെയെപ്പോഴും സ്കൂളിലേക്ക് വിളിപ്പിക്കുമായിരുന്നു."

ധ്രുവിനൊപ്പം അനുപമയും രജീഷ വിജയനും ലാലും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ‘തെന്നാട്’ എന്ന ഗാനം സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi