കല്‍ക്കി 2898 എഡി-യുടെ രണ്ടാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഉണ്ടാവില്ലെന്ന് അറിയിച്ച് പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ്. ട്വിറ്ററിലൂടെയാണ് അവര്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. ദീപിക പദുകോണിന്റെ ആരാധകര്‍ക്ക് ഇതൊരു ദുഃഖവാര്‍ത്തയാണ്. ട്വീറ്റിന് അല്പം പരിഹാസച്ചുവയുണ്ടായിരുന്നു. കഥാപാത്രത്തോട് പൂര്‍ണ്ണമായ പ്രതിബദ്ധത ദീപിക വാഗ്ദാനം ചെയ്തില്ലെന്ന് ആരോപിക്കുന്നത് പോലെയായിരുന്നു അത്.

'കല്‍ക്കി2898എഡിയുടെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഒരുപാട് ആലോചനകള്‍ക്ക് ശേഷം, ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആദ്യ സിനിമയുടെ നീണ്ട യാത്രയ്ക്കിടയിലും, ഒരു കൂട്ടായ പ്രവര്‍ത്തനം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കല്‍ക്കി2898എഡി പോലുള്ള ഒരു സിനിമ ആ പ്രതിബദ്ധതയും അതിലധികവും അര്‍ഹിക്കുന്നു. അവരുടെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എല്ലാ ആശംസകളും നേരുന്നു.' എന്നാണ് അവര്‍ കുറിച്ചത്.

പ്രതിഫലത്തില്‍ 25 ശതമാനം വര്‍ദ്ധനവും, 7 മണിക്കൂര്‍ മാത്രം ജോലി എന്ന ആവശ്യവുമാണ് നടിയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം എന്നാണ് ബോളിവുഡ് ഹംഗാമയുടെ സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍മാതാക്കള്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.

'സിനിമയുടെ ആദ്യ ഭാഗത്തിന് ലഭിച്ച പ്രതിഫലത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവ് ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടു. അതുമാത്രമല്ല, ഒരു ദിവസം വെറും 7 മണിക്കൂര്‍ മാത്രമേ ഷൂട്ടിങ്ങില്‍ പങ്കെടുക്കൂ എന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. ഇതൊരു വിഎഫ്എക്‌സ് പ്രാധാന്യമുള്ള സിനിമയായതിനാല്‍, ഇത്രയും കുറഞ്ഞ സമയത്തെ ഷൂട്ടിങ് ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്നു. കൂടുതല്‍ സമയം ഷൂട്ട് ചെയ്യുന്നതിന് പകരമായി വിശ്രമിക്കാന്‍ ദീപികയ്ക്ക് ആഡംബര വാനിറ്റി നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചെങ്കിലും അവര്‍ അത് നിരസിച്ചു. എന്നാല്‍ ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ അവരും അവരുടെ ടീമും തയ്യാറായില്ല,'' നിര്‍മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ദീപിക 25 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷൂട്ടിങ് സമയത്തുടനീളം തന്റെ ടീമിന് പഞ്ചനക്ഷത്ര താമസസൗകര്യവും ഭക്ഷണത്തിനുള്ള പണവും നടി ആവശ്യപ്പെട്ടിരുന്നു. പ്രതിഫലത്തിനു പുറമേ, നടിയുടെ കൂടെയുള്ളവരുടെ ചെലവ് നിര്‍മ്മാതാക്കള്‍ എന്തിന് വഹിക്കണം? ഇത് പല ഹിന്ദി നിര്‍മ്മാതാക്കളും നേരിടുന്ന ഒരു പ്രശ്‌നമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കല്‍ക്കി 2898 എഡി-യില്‍ ദീപികയോടൊപ്പം പ്രധാന നടന്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, ദിഷ പഠാനി എന്നിവരും അഭിനയിച്ചിരുന്നു. സിനിമയില്‍ ദീപികയ്ക്ക് ഒരു സുപ്രധാന വേഷമാണുണ്ടായിരുന്നത്, രണ്ടാം ഭാഗത്തിലും അവര്‍ അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായെത്തിയത്. ആരാധകരുടെ ആശയക്കുഴപ്പം നിറഞ്ഞ പ്രതികരണങ്ങള്‍ കൊണ്ട് പോസ്റ്റ് നിറഞ്ഞു.

'ദീപികയുടെ ആരാധകരില്‍ നിന്നുള്ള പ്രത്യാഘാതം നേരിടാന്‍ നാഗ് അശ്വിന്‍ തയ്യാറായിരിക്കണം' ഒരാള്‍ എഴുതി. 'ഇത് പ്രഭാസിന്റെയോ സ്പിരിറ്റിന്റെയോ സ്വാധീനമാണെന്ന് ഞാന്‍ കരുതുന്നില്ല, മറ്റെന്തെങ്കിലും കാരണമായിരിക്കാം' മറ്റൊരാള്‍ ഊഹിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, സഹതാരമായ പ്രഭാസിന്റെ 'സ്പിരിറ്റ്' എന്ന സിനിമയില്‍ നിന്നും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക പിന്മാറിയിരുന്നു.

ദീപികയുടെ കഥാപാത്രത്തിനായി ആരാധകര്‍ മറ്റ് നടിമാരുടെ പേരുകളും നിര്‍ദ്ദേശിക്കുന്നുണ്ട്. 'സുമതിയായി കീര്‍ത്തി സുരേഷിനെ അഭിനയിപ്പിക്കൂ' എന്നും 'ലോക സിനിമയിലെ കല്യാണി പ്രിയദര്‍ശന്‍ മതി' എന്ന് ആളുകള്‍ പ്രതികരിച്ചു. 'അവര്‍ ഈ ഫ്രാഞ്ചൈസിയുടെ ഭാഗമല്ലാത്തതില്‍ സന്തോഷമുണ്ട്. അവര്‍ അഭിനയിച്ച ഒരു സീനിലും സത്യത്തില്‍ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഏതാനും മിനിറ്റുകള്‍ സ്‌ക്രീനില്‍ ഉണ്ടായിരുന്ന മൃണാള്‍ താക്കൂറിന് പോലും ഇതിലും നല്ല ഭാവപ്രകടനങ്ങള്‍ ഉണ്ടായിരുന്നു.' എന്നും കമന്റുകളുണ്ടായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi