'മേനെ പ്യാർ കിയ' എന്ന ചിത്രത്തിലൂടെ സൽമാൻ ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാഗ്യശ്രീ. ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന താരം, പിന്നീട് കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ശേഷം കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സിനിമയിൽ നിന്ന് വിട്ടുനിന്നു. 'വെറൈറ്റി ഇന്ത്യ'ക്ക് നൽകിയ അഭിമുഖത്തിൽ, തൊണ്ണൂറുകളിലെയും ഇന്നത്തെയും സിനിമകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. ഇന്നത്തെ സിനിമകളിൽ അനാവശ്യമായ പ്രണയരംഗങ്ങൾ(intimate scenes) കാണിക്കുന്നതിനെതിരെയും അവർ പ്രതികരിച്ചു.
ഇന്നത്തെ സിനിമകളിൽ താൻ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഭാഗ്യശ്രീ ഇങ്ങനെ പറഞ്ഞു: "സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. തൊണ്ണൂറുകളിൽ അതായിരുന്നു ഏക വിനോദം, കുടുംബത്തിന് ഒരുമിച്ച് സമയം ചെലവഴിക്കാൻ ലഭിച്ചിരുന്ന ഒരേയൊരു മാർഗം. ഇന്ന് കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറി, ആളുകൾ കൂടുതൽ സ്വാർത്ഥരായി, സർഗ്ഗാത്മക കലകളുടെ മാധ്യമങ്ങൾ പലതായി വർധിച്ചു. അതിനാൽ തിരഞ്ഞെടുപ്പുകളും ധാരാളമാണ്."
"എങ്കിലും, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമായി മാറിയിരിക്കുന്നു. സിനിമകൾ വിവിധ തരം വിഭാഗങ്ങളായി തിരിഞ്ഞു കഴിഞ്ഞു. യഥാർത്ഥ്യബോധം (Realism) പുതിയ ട്രെൻഡാണെങ്കിലും, മാതാപിതാക്കൾക്കൊപ്പമോ കുട്ടികൾക്കൊപ്പമോ ഇരുന്ന് കാണുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള അടുപ്പം, സിനിമയിലെ പ്രണയരംഗങ്ങളിൽ കാണിക്കേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. സമൂഹത്തിന് വെല്ലുവിളി ഉയർത്താതെ തന്നെ കഥകൾക്ക് വൈവിധ്യപൂർണ്ണവും രസകരവുമായിരിക്കാൻ സാധിക്കും" അവർ കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിൽ കഥകൾ കൂടുതൽ പുരുഷാധിപത്യപരമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും, അത് വിവാഹശേഷം അഭിനയം തുടരാൻ നടിമാർക്ക് കുറഞ്ഞ അവസരങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ എന്നും അവർ പറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകൾ എന്ന ആശയം ഇപ്പോഴും സമൂഹത്തിന് താരതമ്യേന പുതിയതാണെങ്കിലും, കൂടുതൽ വിദ്യാസമ്പന്നരായ സ്ത്രീകൾ മുന്നോട്ട് വരുന്നതോടെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. വിവാഹശേഷം സ്ത്രീകൾ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരെയും അഭിനന്ദിച്ചു.
1989-ൽ 'മേനെ പ്യാർ കിയ'യിലൂടെ അരങ്ങേറി, ഒറ്റരാത്രികൊണ്ട് താരമായ ഭാഗ്യശ്രീ, പിന്നീട് 'പായൽ', 'ഘർ ആയ മേര പരദേശി', 'ഓങ്കാരം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ശേഷം കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിനിമാരംഗം വിട്ടു. 2003-ൽ 'മാ സന്തോഷി മാ' എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിലേക്ക് തിരിച്ചെത്തിയത്. 'തലൈവി', 'രാധേ ശ്യാം', 'ഛത്രപതി' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2023-ൽ 'സജിനി ഷിൻഡേ കാ വൈറൽ വീഡിയോ' എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ അവർക്ക് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു.
റിതേഷ് ദേശ്മുഖ് നായകനാകുന്ന 'രാജാ ശിവാജി' എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ഭാഗ്യശ്രീ. റിതേഷ് ദേശ്മുഖ് ടൈറ്റിൽ റോളിലെത്തുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ, മഹേഷ് മഞ്ജരേക്കർ, സച്ചിൻ ഖേദേകർ, ഫർദീൻ ഖാൻ, ജിതേന്ദ്ര ജോഷി, അമോൽ ഗുപ്തെ, ജെനീലിയ ദേശ്മുഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം മെയ് 1-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bhagyashree states that intimate scenes in modern films often feel unnecessary and uncomfortable to watch with family., She contrasts the 90s, when cinema was a primary family entertainment, with today's individualistic media consumption., The actress discusses her career from her debut in 'Maine Pyar Kiya' to her upcoming role in 'Raja Shivaji'.
Published: 27 Feb 2026, 11:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented