ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ സിനിമയാണ് ‘പടക്കളം’. സുരാജ് വെഞ്ഞാറമൂട്, ഷറഫ് യു ധീന്‍, സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുണ്‍ അജിത്കുമാര്‍, അരുണ്‍ പ്രദീപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബ്ലാക്ക് കോമഡി ഫാന്റസി സിനിമ ഒടിടിയിലെത്തിയതോടെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നീ വ്യത്യാസമില്ലാതെ ഏവരും ആഘോഷമാക്കിയിരുന്നു. സിനിമയോളംതന്നെ കൈയടിയര്‍ഹിക്കുന്നതാണ് ഓരോ കഥാപാത്രങ്ങളും നര്‍മംചാലിച്ച അവരുടെ പ്രകടനങ്ങളും. സിനിമയില്‍ സാഫ് ബോയ് അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഫേവറേറ്റ് ആയി തുടരുന്നതും അതുകൊണ്ടുതന്നെ.

സ്വപ്രയത്നത്താല്‍ വെള്ളിത്തിരയില്‍ സ്വന്തമായൊരു ഇടം സൃഷ്ടിച്ച ആളാണ് സാഫ് ബോയ് എന്ന് അറിയപ്പെടുന്ന സഫ്വാന്‍. സോഷ്യല്‍മീഡിയ റീല്‍സുകളിലൂടെ പ്രത്യക്ഷപ്പെട്ട സാഫ് ബോയി ഇന്ന് ഒരുപിടി വിജയ സിനിമകളുടെ ഭാഗമാണ്. '18+ ജേര്‍ണി ഓഫ് ലൗ'ലെ രഞ്ജു, 'ഗുരുവായൂരമ്പലനടയിലെ' അനിരുദ്ധ്, ‘വാഴ’യിലെ ബി.സി. വിശ്വം, ‘പടക്കള’ത്തിലെ കണ്ണന്‍... ഹിറ്റടിച്ച് വെള്ളിത്തിരയില്‍ ചുവടുറപ്പിക്കുകയാണ് സാഫ് ബോയ്. തൊട്ടതെല്ലാം പൊന്നാക്കിയ സാഫ്ബോയ് ഗൃഹലക്ഷ്മി ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ സിനിമ നല്‍കിയ ഭാഗ്യങ്ങളെക്കുറിച്ചും സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

ഒടിടി റിലീസ് ആയതോടെ ‘പടക്കളം’ സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രതികരണമാണല്ലോ ലഭിക്കുന്നത്?

സിനിമയ്ക്ക് ഇപ്പോള്‍ വലിയ പ്രതികരണമാണ് കിട്ടുന്നത്. പ്രേക്ഷകര്‍ സിനിമ തീയേറ്ററില്‍ കണ്ടില്ലല്ലോ എന്ന സങ്കടമാണിപ്പോള്‍. തീയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണിത്. ഹൈമൊമെന്റ്‌സും തമാശകളുമൊക്കെയായി കൂട്ടുകാരും കുടുംബവുമൊക്കെയായി ചിരിച്ച് ആസ്വദിക്കാവുന്ന സിനിമ. വെക്കേഷനിലാണ് സിനിമ റിലീസിന് എത്തിയത്. അതുകൊണ്ട് സിനിമ പ്രൊമോഷന് കോളേജുകളില്‍ പോകാന്‍ സാധിച്ചില്ല. എങ്കിലും സാധിക്കാവുന്ന തരത്തിലെല്ലാം സിനിമ പ്രൊമോട്ട് ചെയ്തിരുന്നു. എന്നാല്‍ വിചാരിച്ച അത്രയും പ്രേക്ഷകര്‍ തീയേറ്ററില്‍ എത്തിയില്ല. പിന്നീട് ഒടിടിയില്‍ എത്തുമ്പോഴും സിനിമയ്ക്ക് കാണികളെ ലഭിക്കാതെയിരിക്കുമോ, ഇഷ്ടപ്പെടാതിരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ഒടിടിയില്‍ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ല . സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ പോയി കാണാമായിരുന്നു.

 

സിനിമ റിലീസ് ആകുന്ന വിവരം കൂടുതല്‍ ആളുകളിലേക്ക് എത്തിയില്ല എന്ന തോന്നലുണ്ടോ?

സിനിമാ പ്രൊമോഷന് പരിധികള്‍ ഉണ്ടായിരുന്നു. കോളേജില്‍ പ്രൊമോഷന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ യുവാക്കളിലേക്ക് സിനിമ എത്തുമായിരുന്നു. ബാഡ് ലക്ക് ആണ്. പടക്കളം റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് ഫെബ്രുവരിയിലായിരുന്നു. ആ സമയം മറ്റ് സിനിമകളും തീയേറ്ററില്‍ ഓടിയിരുന്നില്ല. പക്ഷെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ണമായില്ല. പിന്നീട് തുടരും സിനിമയുടെ സമയത്താണ് പടക്കളം റിലീസ് ആവുന്നത്. പടക്കളത്തിന്റെ പീക്ക് ടൈമിലെ ടിക്കറ്റ് വിപണി പോലും തുടരും സിനിമയുടെ അടുത്തെത്തിയില്ല. ദിലീപേട്ടന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും ടിക്കറ്റ് വില്‍പനയെ സ്വാധീനിച്ചു. എങ്കിലും സിനിമ ശ്രദ്ധിക്കപ്പെടാതെ പോയില്ലല്ലോ എന്ന കാര്യത്തില്‍ സമാധാനമുണ്ട്.

കണ്ണന്‍ എന്ന കഥാപാത്രം ജോക്കര്‍ വേഷത്തിലെത്തി കൈയടിക്കുന്ന രംഗം പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതേക്കുറിച്ച്?

യഥാര്‍ഥത്തില്‍ ഞാനല്ല, അരുണ്‍ അജിത്കുമാറായിരുന്നു ആ ജോക്കര്‍ വേഷം ചെയ്യേണ്ടിയിരുന്നത്. ആ രംഗത്തില്‍ ഞാനും അരുണ്‍ അജിത്കുമാറും ജോക്കര്‍ വേഷത്തില്‍ എത്തുന്നുണ്ട്. ഞങ്ങളുടെ കോസ്റ്റിയൂമുകള്‍ തമ്മില്‍ മാറിപ്പോവുകയായിരുന്നു. ആ രംഗം ഭംഗിയാക്കാന്‍ ജോക്കറിന്റെ ഐക്കോണിക് സീനുകള്‍ യൂട്യൂബില്‍ നോക്കിയപ്പോഴാണ് ആ ക്ലാപ്പിങ് സീന്‍ കണ്ടത്. സിനിമയിലെ ആ രംഗവുമായി ആ ക്ലാപ്പിങ് സീന്‍ യോജിക്കുന്നുമുണ്ട്. സംവിധായകന്‍ മനു സ്വരാജുമായി അക്കാര്യം ചര്‍ച്ച ചെയ്തപ്പോഴും പിന്തുണച്ചു. 

 

സിനിമ കൊണ്ടുതന്ന ഭാഗ്യം?

സിനിമയിലെത്തിയത് ഭാഗ്യമായാണ് കരുതുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന റീലുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയുമായി സാമ്യമില്ലാത്ത കഥാപാത്രങ്ങളാണ് അഭിനയിച്ച മൂന്ന് സിനിമകളിലൂടെയും ചെയ്യാനായത്. എനിക്ക് എളുപ്പത്തില്‍ ചെയ്ത് ഫലിപ്പിക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നത് ഹാസ്യമാണ്, സിറ്റുവേഷണല്‍ കോമഡികള്‍. എന്നാല്‍ എനിക്ക് ലഭിച്ച കഥാപാത്രങ്ങളിലൂടെ മറ്റ് ഭാവങ്ങളും ചെയ്യാനാവും എന്ന് മനസ്സിലായി. ‘വാഴ’ എന്ന സിനിമയില്‍ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന വിശ്വം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പുതിയ അനുഭവമായിരുന്നു. മുന്‍പൊരിക്കലും ഞാന്‍ ഇമോഷണല്‍ സീനുകള്‍ ചെയ്തിട്ടില്ല. എന്നാല്‍ അന്ന് ആ രംഗം എനിക്ക് പെട്ടന്ന് ചെയ്യാനായി. ഇങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാവും എന്ന് മനസ്സിലാക്കി ഓരോ സംവിധായകരാലും തിരഞ്ഞെടുക്കപ്പെടുന്നത് ഭാഗ്യമാണ്. റിലീസ് ആയ നാല് സിനിമകള്‍ക്കും ഭാഗ്യവശാല്‍ നല്ല റെസ്‌പോണ്‍സുകള്‍ ലഭിച്ചു. 

സെലക്ടീവ് ആണോ?

കഥാപാത്രം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുക. മുന്‍പ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യമില്ലാതിരിക്കാന്‍ ശ്രദ്ധിക്കും. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴേ നമുക്കും വളര്‍ച്ചയുണ്ടാവൂ. '18+' കഴിഞ്ഞപ്പോഴേക്കും നായക കഥാപാത്രം ചെയ്യാനുള്ള സ്‌ക്രിപ്റ്റുകളുമായി സമീപിച്ചിരുന്നു. വേണ്ടെന്നുവച്ചു. 'വാഴ' സിനിമയ്ക്ക് ശേഷം കുറെ സിനിമകളുടെ ഓഫറുകള്‍ വന്നിരുന്നു. 'നമ്മുടെ കരിയര്‍ സ്വയം നോക്കണം, സിനിമ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം' എന്നെല്ലാം വിപിന്‍ ചേട്ടന്‍ (സംവിധായകന്‍ വിപിന്‍ദാസ്) എപ്പോഴും പറയാറുണ്ട്. ഗുരുവായൂരമ്പലനടയില്‍ ഷൂട്ടിങ് കഴിയുമ്പോഴാണ് വിജയ് ബാബു സാര്‍ പടക്കളത്തിലേക്ക് വിളിക്കുന്നത്. നമ്മളെക്കൊണ്ട് ഒരു കഥാപാത്രം ചെയ്യാന്‍ സാധിക്കും എന്ന് സംവിധായകന് തോന്നുന്നതിലാണ് നമ്മുടെ വിജയം. 

റീല്‍സുകളിലൂടെ തുടക്കം, പിന്നീട് സിനിമ?

സിനിമയിലേക്കും റീല്‍സ്-യൂട്യൂബ് ലോകത്തേക്കും എത്തുന്നതിനുമുന്‍പ് ഞാന്‍ ക്രിക്കറ്റ് പ്ലെയറായിരുന്നു. ക്രിക്കറ്റായിരുന്നു എനിക്കെല്ലാം. കേരളത്തിനുവേണ്ടി മൂന്നു തവണ മത്സരിച്ചു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദം കഴിയുന്നതുവരെ ക്രിക്കറ്റ് അക്കാദമികളിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്കൊപ്പവുമായിരുന്നു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മികച്ച ക്രിക്കറ്റ് പരിശീലനം ലഭിക്കുന്ന അക്കാദമികള്‍ നോക്കി സ്‌കൂള്‍ മാറിക്കൊണ്ടിരുന്നു. അന്നൊന്നും അഭിനയവും ഞാനുമായി ഒരു ബന്ധവുമില്ല. കോവിഡ് വ്യാപിച്ചതോടെ സ്‌പോര്‍ട്‌സ് മേഖലയും ലോക്ക്ഡൗണില്‍പെട്ടു. എന്നും ക്രിക്കറ്റ് പരിശീലനങ്ങളും മാച്ചുകളുമായി നടന്ന ഞാന്‍ വീട്ടിലിരിപ്പ് തുടങ്ങി. ഒഴിവുസമയങ്ങളില്‍പോലും വെറുതെയിരിക്കാതെ പ്രാക്ടീസ് ചെയ്യുന്ന എനിക്ക് ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. മാനസിക സംഘര്‍ങ്ങളില്‍നിന്നും പുറത്തുകടക്കാമെന്ന വിചാരത്തിലാണ് ഓരോ വീഡിയോ കണ്ടന്റുകള്‍ ചെയ്യാന്‍ തുടങ്ങിയത്.

ഞാന്‍ വ്യത്യസ്ത ഭാഷകളിലുള്ള ധാരാളം സീരീസുകളും സിനിമകളും കാണാറുണ്ട്. അതിലെ ഓരോ ഭാഷാശൈലികളും പ്രയോഗങ്ങളും എനിക്ക് ഇഷ്ടമാണ്. അതെല്ലാം മനഃപാഠമാക്കും. ഒരുനാള്‍ അതുവെച്ച് വീഡിയോ ചെയ്താലോ എന്ന് തോന്നി. വ്യത്യസ്ത ഭാഷാശൈലികളിലെ ഫുട്‌ബോള്‍ കമന്ററി പോലുള്ള കണ്ടന്റുകളാണ് ആദ്യം ചെയ്തിരുന്നത്. അതില്‍ മടുപ്പ് വന്നതിനുശേഷം വേറേയും കണ്ടന്റുകള്‍ തയ്യാറാക്കി. മലപ്പുറം ശൈലിയില്‍ സംസാരിക്കുന്ന സൈനാത്ത എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് കണ്ടന്റുകള്‍ തയ്യാറാക്കി യൂട്യൂബില്‍ ഇട്ടു. ഇങ്ങനെ പലതരം കണ്ടന്റുകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ‘18+’ ന്റെ സംവിധായകന്‍ അരുണ്‍ ഡി ജോസും കള, ഇബിലീസ് എന്നിവയുടെ സംവിധായകനായ രോഹിത്തേട്ടനും (രോഹിത് വി.എസ്.) വിളിക്കുന്നത്. രോഹിത്തേട്ടന്‍ സംവിധാനം ചെയ്യുന്ന 'ടിക്കിടാക്ക'യാണ് എന്റെ ആദ്യ സിനിമ. ആസിഫലിയാണ് നായകന്‍. ആക്ഷനും ഫിക്ഷനും ഇടകലര്‍ന്ന സിനിമ. 2022 ഡിസംബറിലായിരുന്നു അതിന്റെ ഷൂട്ട് തുടങ്ങിയത്. ആസിഫലിക്ക് പരിക്കുപറ്റിയതോടെ ഷൂട്ട് മുടങ്ങി. അതിന്റെ ഷൂട്ട് ഉടനെ തുടങ്ങുന്നുണ്ട്. ആ സിനിമയില്‍ ഫങ്കി ആയ കമ്മലും മാലയും മൂക്കുത്തിയും ഇട്ടിട്ടുള്ള പ്രത്യേക കഥാപാത്രമാണ് എന്റേത്. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി വരുത്തുന്ന രൂപമാറ്റം രഹസ്യമായിരിക്കണം. അതിനാല്‍ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം കണ്ടന്റുകള്‍ തുടര്‍ന്ന് ചെയ്യാനായില്ല. പിന്നീട് 18+ ന്റെ ഷൂട്ട് തുടങ്ങി. അതുകഴിഞ്ഞുള്ള ഒരു വര്‍ഷം, ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പി.ആര്‍ ആയി ജോലി ചെയ്തു. ശേഷം ‘ഗുരുവായൂരമ്പലനടയില്‍’ ഷൂട്ടും തുടങ്ങി.

സാഫ് ബോയ് എന്ന പേരിനുപിന്നില്‍?

യഥാര്‍ഥ പേര് സഫ്വാന്‍ എന്നാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വലിയ ഫാനായിരുന്നു ഞാന്‍. അദ്ദേഹം ക്രിക്കറ്റ് കളിക്കുന്ന രീതികളെ ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. 2015 ല്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് ജഡ്ഡുബോയ് എന്നായിരുന്നു. അതില്‍നിന്നാണ് സാഫ് ബോയ് എന്ന് എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനും പേര് നല്‍കുന്നത്.

പ്രിയപ്പെട്ട സിനിമാസെറ്റ്?

കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി കോളേജിലായിരുന്നു ‘പടക്കളം’ സിനിമയുടെ ഷൂട്ടിങ്. എല്ലാം കോളേജിനുള്ളിലാണ് ചിത്രീകരിക്കുന്നത്. സിനിമയില്‍ എന്റെ കഥാപാത്രമായ കണ്ണന്റെ വീടായി കാണിക്കുന്നത് ഒരു ക്ലാസ് മുറിയാണ്. 58 ദിവസമായിരുന്നു ഷൂട്ടിങ്. എല്ലാവരുമായി വലിയ കണക്ഷനായി. ഏറ്റവും പ്രിയപ്പെട്ട സിനിമാ സെറ്റ് ‘18+’ ന്റെതാണ്. ഞങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയ സിനിമയായിരുന്നു അത്. സിനിമ എന്താണെന്ന് അറിയുന്നത് അതിലൂടെയാണ്. ‘18+’ ന്റെ ലൊക്കേഷന്‍ വളരെ രസമായിരുന്നു. സിനിമയുടെ ഷൂട്ടിങ് അധികവും വടകരയിലായിരുന്നു. ഞാന്‍, നെസ്ലിന്‍, അനു, മീനാക്ഷി, മാത്യൂ, ബിനുച്ചേട്ടന്‍ (ബിനു പപ്പു)... മുപ്പതിലധികം ദിവസം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അതിനിടെ മാത്യൂ ‘ലിയോ’യില്‍ അഭിനയിക്കാന്‍ പോയി. അവന്‍ തിരിച്ചെത്തിയ ശേഷം അവനോട് സെറ്റിലുണ്ടായ ഓരോ കഥകള്‍ പറയും. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വിഷമമായിരുന്നു. അതിനുശേഷം ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയിലാണ് അഭിനയിച്ചത്. വലിയൊരു പരിപാടിയുടെ ചെറിയൊരു ഭാഗമായിരുന്നു ഞാന്‍. കുറച്ചുപേടിയോടെയും ബഹുമാനത്തോടെയുമാണ് ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭയങ്കര സ്വാതന്ത്ര്യം തോന്നി. ഈ സിനിമയിലെ ആളുകള്‍തന്നെയാണ് ‘വാഴ’യിലും അഭിനയിച്ചത്. ഞങ്ങളെല്ലാം ഒരു കുടുംബംപോലെയായി.

പുതിയ സിനിമകള്‍, വിശേഷങ്ങള്‍?

 

‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ‘ഫാര്‍മ’ എന്ന വെബ്‌സീരീസ് റിലീസ് ചെയ്യാനുണ്ട്. ഞാനും ‘വാ’ഴ സിനിമയിലെ അമിത് മോഹന്‍ രാജേശ്വരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ സിനിമ 'ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ'യാണ് അടുത്ത പ്രൊജക്ട്.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi