പുതുതലമുറ സംഗീതസംവിധായകരില്‍ കഴിവുതെളിയിച്ച് ജനപ്രീതിനേടിയ കലാകാരനാണ് സുഷിന്‍ ശ്യാം. ആവേശം സിനിമയിലെ 'ഇല്ലൂമിനാറ്റി', രോമാഞ്ചത്തിലെ 'ആദരാഞ്ജലി', മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കുതന്ത്രം' തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് ഇദ്ദേഹം. കുറഞ്ഞകാലം കൊണ്ടു തന്നെ ഒരുപിടി ആരാധകരെ സൃഷ്ടിച്ച താരം ഇപ്പോള്‍ തനിക്കുണ്ടായ ഫാന്‍ബോയ് മൊമന്റ് പങ്കുവെച്ചിരിക്കുകയാണ്.

To advertise here,

ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ സുഷിന്‍ ശ്യാമിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതാണ് ആ സന്തോഷം.

റഹ്‌മാന്‍ ഫോളോ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സുഷിന്‍ തന്നെയാണ് ഈ വാര്‍ത്ത അറിയിച്ചത്. 'ഇതാണ് എന്റെ ആദ്യത്തെ യഥാര്‍ത്ഥ ഫാന്‍ബോയ് നിമിഷം. അങ്ങയുടെ നല്ല സന്ദേശത്തിന് ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ് സര്‍' എന്ന ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഹിന്ദി ചിത്രം 'രംഗ് ദേ ബസന്തി'യിലെ റഹ്‌മാന്റെ ഐക്കോണിക് ഗാനമായ 'റൂബറൂ' ആയിരുന്നു സ്റ്റോറിയുടെ പശ്ചാത്തലത്തില്‍. എപ്പോഴും റഹ്‌മാനെ തന്റെ ഏറ്റവും വലിയ പ്രചോദനമായി വിശേഷിപ്പിക്കുന്ന സുഷിന് ഈ സംഭവം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്ന നിമിഷമാണിത്.

കഴിഞ്ഞ വര്‍ഷം വിവാഹിതനായ സുഷിന്‍, 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആവേശം' എന്നീ സിനിമകളുടെ റിലീസിന് ശേഷം സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു. 'റേ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീതലോകത്തേക്ക് തന്റെ ആദ്യ ചുവടുവെപ്പ് നടത്തിയത്. ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ വളരെപ്പെട്ടെന്ന് വൈറലായിരുന്നു. 'ഇതാണ് റേ. സ്വതന്ത്ര സംഗീതത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പ്. റേ നിങ്ങള്‍ക്ക് എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എനിക്കിതൊരു തുടക്കമാണ്. എന്റെ ഒരു ഭാഗം' എന്നായിരുന്നു സുഷിന്‍ ഇതിന് അടിക്കുറിപ്പ് നല്‍കിയത്.

ഒരു ഇടവേളയിലാണെങ്കിലും, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ തീര്‍ച്ചയായും പ്രതീക്ഷയുയര്‍ത്തുന്നവയാണ്. ചിദംബരം സംവിധാനം ചെയ്ത്, 'ആവേശം' സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥയൊരുക്കുന്ന 'ബാലന്‍: ദി ബോയ്' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സുഷിന്‍ ഇപ്പോള്‍. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ സാങ്കേതിക പ്രവര്‍ത്തകരുമായി സംഗീതസംവിധായകന്‍ വീണ്ടും ഒന്നിക്കുന്നത് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശം വര്‍ദ്ധിപ്പിക്കുന്നു. ഫഹദ് ഫാസില്‍, നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി തുടങ്ങിയ വലിയ താരങ്ങള്‍ അഭിനയിക്കുന്ന സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ അടുത്ത പ്രോജക്ടായ 'ടോര്‍പ്പിഡോ'യിലും അദ്ദേഹം ജോലി ചെയ്യുമെന്ന് സൂചനയുണ്ട്. മറുവശത്ത്, എ.ആര്‍. റഹ്‌മാന് നിരവധി പ്രോജക്ടുകളുണ്ട്. രാം ചരണ്‍ നായകനാകുന്ന 'പെഡ്ഡി', രണ്‍ബീര്‍ കപൂര്‍, യാഷ്, സായ് പല്ലവി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന 'രാമായണം: പാര്‍ട്ട് 1' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം സംഗീതം നല്‍കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi