രണ്ടുതവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടുകയും 500-ലേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത നടനാണ് അനുപം ഖേർ. അതിനൊപ്പം സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ട് സിനിമകൾക്കായി സംവിധായകന്റെ കുപ്പായവുമണിഞ്ഞു അനുപം. 'ഓം ജയ് ജഗദീഷ്', 'തൻവി ദ ഗ്രേറ്റ്' എന്നിവയാണ് ആ സിനിമകൾ.

To advertise here,

'തൻവി ദ ഗ്രേറ്റ്' നിർമിച്ചതും സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും അദ്ദേഹമാണ്. അതിനൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഓട്ടിസം ബാധിച്ചൊരു പെൺകുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. നല്ല വിഷയമാണ് സിനിമ കൈകാര്യം ചെയ്തതെങ്കിലും, ബോക്‌സോഫീസിൽ അത് കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല.

സിനിമ പരാജയപ്പെട്ടതിനെക്കുറിച്ച് തുറന്നുപറയുകയാണിപ്പോൾ അനുപം ഖേർ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആ പരാജയം തന്നെ ബാധിച്ചതിനെക്കുറിച്ചും അനുപം മനസ്സുതുറക്കുന്നത്. ''നാലുവർഷമാണ് ആ സിനിമയ്ക്കായി ഞാൻ മാറ്റിവെച്ചത്. ഒരുവർഷം എഴുതാനും പിന്നൊരു വർഷം അതിലെ സംഗീതത്തിനായും. 'തൻവി ദ ഗ്രേറ്റ്' റിലീസ് ചെയ്ത ദിവസം തന്നെയാണ് 'സയ്യാര'യുമിറങ്ങിയത്. അതോടെ ഞങ്ങളുടെ സിനിമ പൂർണമായും മങ്ങിപ്പോയി. ഇതെന്നെ വല്ലാതെ വിഷാദത്തിലാഴ്ത്തി. ഒരുപാട് സങ്കടം തോന്നി. ഇതിൽ തൻവിയായി അഭിനയിച്ച പുതുമുഖതാരത്തെയും അതിനൊപ്പം സിനിമയിൽ പ്രവർത്തിച്ച ബാക്കിയുള്ളവരെയും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു''.

സാമ്പത്തികബുദ്ധിമുട്ടുകളിലൂടെയാണ് സിനിമ തിയേറ്ററിലെത്തിയതെന്നും അദ്ദേഹം പറയുന്നു. ''റിലീസിനു കൃത്യം ഒരുമാസം മുമ്പ് കടുത്ത സാമ്പത്തികബുദ്ധിമുട്ട് നേരിട്ടു. സിനിമയ്ക്ക് പണമിറക്കാമെന്ന് പറഞ്ഞയാൾ മുങ്ങി. എന്റെ സുഹൃത്തുക്കളായ ഡോക്ടർമാരെയും അഭിഭാഷകരെയും ഞാൻ വിളിച്ചു. അവരാണെന്നെ സഹായിച്ചത്. കാൻ ഫെസ്റ്റിവലിലും ഇന്ത്യൻ രാഷ്ട്രപതിക്കുമുന്നിലും ചിത്രം പ്രദർശിപ്പിച്ചു''.

ഇങ്ങനെയൊക്കെ ചെയ്തിട്ടും ചിത്രത്തിന് കാര്യമായ ഗുണമൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. ''ലോകം കാണാൻ ആഗ്രഹിച്ച പ്രണയകഥ തിയേറ്ററിലെത്തിയതോടെ എല്ലാം മാറി. അങ്ങനെ 'തൻവി' പരാജയപ്പെട്ടു. അത് ഹൃദയഭേദകമായിരുന്നു''.

രവീന്ദ്രനാഥ ടാഗോറിന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയാണ് അനുപം ഖേറിന്റെ അടുത്ത റിലീസ്. അതിനൊപ്പം തെലുഗുവിൽ 'ദ ഇന്ത്യ ഹൗസ്' എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കുന്നു. ബാരിവലി, മേനെ ഗാന്ധി കോ നഹീ മാരാ, തേരെ സംഗ്, റാഞ്ചി ഡയറീസ് എന്നിവയാണ് അദ്ദേഹം നിർമിച്ച മറ്റു സിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi