തിരിച്ചുവരാനാവാത്ത വിധം കടക്കെണിയില്‍പെട്ടുപോയ കഥകളുണ്ട് അമിതാഭ് ബച്ചന്. പലതവണ കരിയറില്‍ അദ്ദേഹം തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. നല്ല റോളുകള്‍ കിട്ടി, ഇനി മുന്നോട്ടുപോവാമെന്ന് കരുതുന്നിടത്തുവെച്ച് പരാജയത്തിലേക്ക് വീണുപോയ അനുഭവങ്ങള്‍. 

ആദ്യചിത്രമായ 'സാഥ് ഹിന്ദുസ്ഥാനി'ക്കുശേഷം ഒട്ടേറെ റോളുകള്‍ തേടിയെത്തിയെങ്കിലും, അതൊന്നും അമിതാഭ് ബച്ചനെ കാര്യമായി സഹായിച്ചില്ല. മൂന്നുവര്‍ഷത്തിനുശേഷം പുറത്തുവന്ന 'സഞ്ജീര്‍' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡിലിടം പിടിക്കുന്നത്. ബച്ചനെ ഒരു സൂപ്പര്‍സ്റ്റാറാക്കുന്നതും ആ സിനിമ തന്നെ. അതിനുതൊട്ട് പിന്നാലെ വന്ന 'ഷോലെ', 'ദീവാര്‍' എന്നീ സിനിമകളോടെ ഇന്ത്യന്‍സിനിമയുടെ 'ആംഗ്രി യങ്മാന്‍' ആയി മാറി ബിഗ് ബി. ശരിക്കുമൊരു 'വണ്‍മാന്‍ ഷോ' ആയി മാറി ബോളിവുഡ്. 

എന്നാല്‍, കാര്യങ്ങള്‍ തകിടംമറിയാന്‍ അധികം താമസമുണ്ടായില്ല. 1980-കളുടെയും 90-കളുടെയും മധ്യേ ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അതിനിടെയാണ് അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എ.ബി.സി.എല്‍)  തുടങ്ങുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തത്. സാമ്പത്തികമായി അദ്ദേഹം തകര്‍ന്നു, അതിനൊപ്പം കുറേ ആരോപണങ്ങളും വന്നു. 'അഗ്നീപഥ്', 'ഹം' പോലെയുള്ള വിജയചിത്രങ്ങള്‍ വന്നുവെങ്കിലും, അതിനേക്കാള്‍ മുകളില്‍ പരാജയങ്ങളിടം പിടിച്ചു. അമിതാഭ് ബച്ചന്റെ കവര്‍ വന്ന ഒരു മാസികയില്‍ കവര്‍ചിത്രത്തിനൊപ്പം അച്ചടിച്ചതിങ്ങനെ, 'Finished'. സൂപ്പര്‍സ്റ്റാറിന്റെ യുഗം അവസാനിച്ചെന്ന രീതിയിലായിരുന്നു അതിലെ ലേഖനവും. 

1996-ലെ മിസ് വേള്‍ഡ് മത്സരം സംഘടിപ്പിച്ചത് എ.ബി.സി.എല്‍ കമ്പനിയായിരുന്നു. പക്ഷേ, സ്വിം സ്യൂട്ട് റൗണ്ടിന്റെ പേരില്‍ ഒട്ടേറെ തിരിച്ചടികള്‍ മത്സരം നേരിട്ടു. അത് കമ്പനിയെ ബാധിച്ചു. കമ്പനി നിര്‍മിച്ച ഒട്ടേറെ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞു. 

കടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു, ഒടുവില്‍ 90 കോടിയിലെത്തി. ജുഹുവിലെ ഒരു വീടും മറ്റ് സമ്പാദ്യങ്ങളുമെല്ലാം വിറ്റു. ഒടുവില്‍ താമസിക്കുന്ന 'പ്രതീക്ഷ' എന്ന വീട് പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. എല്ലാ ദിവസവും കടക്കാര്‍ വീടിനുമുന്നില്‍ വന്ന് ഭീഷണിപ്പെടുത്താനും ചീത്തവിളിക്കാനും തുടങ്ങി. അതിനൊപ്പം 55 കേസുകളും ബച്ചന്റെ പേരില്‍വന്നു.  ശമ്പളം കൊടുക്കാനില്ലാത്തതിനാല്‍ ഡ്രൈവറെ വരെ ഒഴിവാക്കി.

എല്ലാ പ്രതീക്ഷയും തകര്‍ന്നപ്പോഴാണ്, ഒരു റോള്‍ തരണമെന്ന അഭ്യര്‍ഥനയുമായി അമിതാഭ്  യഷ് ചോപ്രയെ കാണാന്‍ പോകുന്നത്. അങ്ങനെ കിട്ടിയതാണ് 'മൊഹബ്ബത്തേന്‍'. അവിടുന്നങ്ങോട്ട് റോളുകള്‍ തുടരെയെത്തി. അതിനിടയില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' എന്ന ടിവി ഷോയിലും അദ്ദേഹമെത്തി. കടങ്ങള്‍ തീര്‍ക്കാനായി ദിവസവും 18 മണിക്കൂര്‍ വരെ ബിഗ് ബി ജോലി ചെയ്തു. കടങ്ങള്‍ തീര്‍ന്നപ്പോള്‍, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. 

അക്കാലത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഉന്നതപഠനത്തിനായി ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു അഭിഷേക്. അതെല്ലാം വിട്ട് അച്ഛനെ സഹായിക്കുന്നതിനായി അഭിഷേക് നാട്ടില്‍ തിരിച്ചെത്തി. പഠനം പകുതിവഴിയില്‍ നിര്‍ത്തിയിട്ടായിരുന്നു തിരിച്ചുവരവ്. ''അച്ഛനോട് പറയാതെയായിരുന്നു ആ തീരുമാനമെടുത്തത്. എന്റെ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണം പോലും എങ്ങനെ കിട്ടുമെന്നറിയാതെ ഞാനെങ്ങനെ അവിടെ നില്‍ക്കും? അത്ര മോശമായിരുന്നു അവസ്ഥ. ഒരുനേരത്തെ ഭക്ഷണത്തിനായി അദ്ദേഹത്തിന്റെ സ്റ്റാഫില്‍നിന്നാണ് പണം കടംവാങ്ങിയിരുന്നത്'', അഭിഷേക് ഓര്‍ക്കുന്നു.