ആഹാരരീതി മാറ്റിയതുകൊണ്ട് വെള്ളപ്പാണ്ട് തടയാനോ കുറയ്ക്കാനോ കഴിയില്ല,പാരമ്പര്യം ഒരു ഘടകമാണ്

ജൂണ്‍ 25 World Vitiligo Day/ ലോക വെള്ളപ്പാണ്ട് ദിനം ആയി ആചരിക്കുന്നു. അന്നാണ് മൈക്കിള്‍ ജാക്സണ്‍ എന്ന ലോക പ്രശസ്ത ഗായകന്‍ നമ്മെ വിട്ടുപോയതും. തൊലിയുടെ നിറമല്ല കഴിവും കഠിനാധ്വാനവുമാണ് പ്രധാനമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചയാളാണ് അദ്ദേഹം. (ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അഥര്‍വ്വവേദത്തില്‍ അതിനുള്ള മരുന്നുകളെ പറ്റിയും പറയുന്നു.)
എന്താണ് വെള്ളപ്പാണ്ട്?
തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്നു. നമ്മുടെ തന്നെ പ്രതിരോധശക്തി മെലനോസൈറ്റിനോട് പ്രതികരിക്കുന്നത് കൊണ്ടോ, കെമിക്കല്‍ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, ഗ്രോത്ത് ഫാക്ടറിന്റെ കുറവ് കൊണ്ടോ, ആന്റി ഓക്‌സിഡന്റിന്റെ കുറവ് കണ്ടോ ഇങ്ങനെ സംഭവിക്കാം. പാരമ്പര്യം ഒരു ഘടകമാണ്. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയത് കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്. രോഗം സ്പര്‍ശത്തിലൂടെ പകരില്ല.
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), Atopic dermatitis, Psoriasis, Lichen planus, DLE, Dry skin എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെ Diabetes, Thyroid diseases, Dyspepsia എന്നിവയും കാണാറുണ്ട്. ഈ രോഗത്തെ Vitiligo vulgaris, Segmental Vitiligo എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
ചികിത്സാവിധികള്‍
രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പലതരം ചികിത്സകളും മരുന്നുകളും ലഭ്യമാണ്.
1. പുറമേ പുരട്ടുന്ന മരുന്നുകള്‍
2. കഴിക്കുന്ന മരുന്നുകള്‍
സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വാരിതപ്പെടുത്തുന്ന മരുന്നുകള്‍.
3. ഫോട്ടോതെറാപ്പി-വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.
4. രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.
5. സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ epidermal autografts, Melanocyte Culture എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: World Vitiligo Day on June 25th. Learn about vitiligo, its causes, symptoms, and available treatments. Consult a dermatologist