അവയവദാതാവിന്റെ വ്യക്തിത്വമോ ഓർമകളോ, ഹൃദയമാറ്റത്തിലൂടെ മറ്റൊരാളിലേക്ക് കൈമാറുമോ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

ഇന്ന് ലോക അവയവദാന ദിനം(World Organ Donation Day). അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിനും, ദാതാക്കളെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുന്നതിനും, അവയവ ദാനത്തിനുള്ള പ്രതിജ്ഞയിൽ ഒപ്പുവെക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ഓഗസ്റ്റ് 13-ന് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. അവയവദാനവുമായി ബന്ധപ്പെട്ടുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളറിയാം.

ഏതൊക്കെ അവയവങ്ങൾ മാറ്റിവയ്ക്കാൻ പറ്റും?

പ്രധാനമായും വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ എന്നിവ മാറ്റിവയ്ക്കാൻ കഴിയും. കൂടാതെ കോർണിയ, ത്വക്ക്, അസ്ഥി, ഹൃദയവാൽവ്, ടെൻഡോൺ തുടങ്ങിയ ടിഷ്യൂകളും ദാനം ചെയ്യാനും മാറ്റിവയ്ക്കാനും കഴിയും.

ജീവിച്ചിരിക്കുന്ന ഒരാൾക്ക് സാധാരണയായി ഒരു വൃക്കയോ കരളിന്റെ ഒരു ഭാഗമോ ദാനം ചെയ്യാം. മരിച്ചശേഷം ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ തുടങ്ങിയ പല അവയവങ്ങളും ദാനം ചെയ്യാൻ സാധിക്കും.

അവയവമാറ്റത്തിനുശേഷം ജീവിതത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
അവയവമാറ്റത്തിനുശേഷം ജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ലക്ഷ്യം. എന്നാൽ ആന്റി-റിജക്ഷൻ മരുന്നുകൾ (immunosuppressants) കൃത്യമായി കഴിക്കുക എന്നത് ജീവിതകാലം മുഴുവൻ പ്രധാനമാണ്.

  • മരുന്നുകൾ ഒരു ഡോസും സ്വമേധയാ നിർത്തരുത്.
  • കൃത്യമായ ഫോളോ അപ്പ്, രക്തപരിശോധനകൾ എന്നിവ വേണം.
  • അണുബാധകളുണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം.
  • ബിപി, പ്രമേഹം, കൊളസ്‌ട്രോൾ, അമിതവണ്ണം എന്നിവ നിയന്ത്രിക്കണം.
  • പുകവലി, ലഹരി എന്നിവ ഒഴിവാക്കണം.
  • സമീകൃതമായ ആഹാരം ശീലമാക്കണം.
  • സ്ഥിരമായ വ്യായാമം പൊതുവെ പ്രോത്സാഹിപ്പിക്കുന്നു.

അതിനുശേഷമുള്ള ജീവിതരീതിയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അതിനുശേഷം ലഘുവായ വ്യായാമങ്ങളിലേർപ്പെടാം. തുടക്കത്തിൽ നടത്തം പോലുള്ളവയാണ് നല്ലത്. അതുകഴിഞ്ഞ് പേശീബലം വർദ്ധിപ്പിക്കുന്ന വ്യായാമം, എയ്റോബിക് വ്യായാമം എന്നിവയും ഉൾപ്പെടുത്താം. ആരോഗ്യസ്ഥിതി  സ്ഥിരമാണെങ്കിൽ സാധാരണമായി ലൈംഗികജീവിതത്തിലേക്ക് മടങ്ങാം. ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു അതിന്റെ കൃത്യമായ സമയം. അവയവം മാറ്റിവെയ്ക്കൽ കഴിഞ്ഞ് ശരീരം സ്ഥിരത കൈവരിക്കുകയും ഗ്രാഫ്റ്റ് ഫംഗ്ഷൻ നല്ല നിലയിൽ തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഗർഭധാരണം ആലോചിക്കേണ്ടത്. പലപ്പോഴും ഏകദേശം 1-2 വർഷം കാത്തിരിക്കാൻ നിർദേശിക്കാറുണ്ട്. ചില ആന്റി-റിജക്ഷൻ മരുന്നുകൾ ഗർഭധാരണത്തിന് അനുയോജ്യമല്ലാത്തതിനാൽ, ചില മരുന്നുകൾ മാറ്റേണ്ടിവരാം. അത് ഡോക്ടറാണ് നിർദേശിക്കുന്നത്.

ജീവിതശൈലീരോഗങ്ങളുള്ളവരുടെ അവയവങ്ങൾ മാറ്റിവയ്ക്കാൻ കഴിയുമോ?
കഴിയും. പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതവണ്ണം (Obesity) തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ ഉണ്ടെന്നത് അവയവദാനത്തിന് വിലക്കാവുന്നില്ല. എന്നാൽ, നൽകുന്ന അവയവത്തിന്റെ ഗുണനിലവാരവും സ്വീകരിക്കുന്നയാളുടെ സുരക്ഷയും തീർച്ചയായും വിലയിരുത്തിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. അനിയന്ത്രിതമായ ഡയബറ്റിസ് (Uncontrolled Diabetes) അല്ലെങ്കിൽ ഗുരുതരമായ വാസ്‌കുലാർ ഡിസീസ് എന്നിവയുള്ള ഒരാളുടെ കിഡ്‌നി, ദാനത്തിന് അനുയോജ്യമാകണമെന്നില്ല. അതുപോലെ അവയവം സ്വീകരിക്കുന്നയാളിലും പ്രമേഹം, ഒബീസിറ്റി, ഹൈപ്പർടെൻഷൻ എന്നിവ അവയവം മാറ്റിവെയ്ക്കലിന്റെ വിജയത്തെ ബാധിക്കാവുന്നതിനാൽ ഇതെല്ലാം കൃത്യമായി നിയന്ത്രിക്കണം.

അവയവമാറ്റത്തിൽ എന്തൊക്കെ അപകടസാധ്യതകളാണുള്ളത്?
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള രക്തസ്രാവം, അണുബാധ, ത്രോംബോസിസ്, അനസ്തീഷ്യയുമായി ബന്ധപ്പെട്ടുള്ള സങ്കീർണതകൾ, മാറ്റിവെച്ച അവയവത്തിന്റെ പ്രവർത്തനം വൈകുന്നത്, മാറ്റിവെച്ച അവയവത്തെ ആ ശരീരം നിരസിക്കുന്നത് എന്നിവയാണ് പ്രധാനപ്രശ്‌നങ്ങൾ. ആന്റി-റിജക്ഷൻ മരുന്നുകളുടെ പാർശ്വഫലങ്ങൾ, പ്രമേഹം, ഹൈപ്പർടെൻഷൻ, വൃക്കരോഗം എന്നിവയും ചില അപകടസാധ്യതകൾ തന്നെയാണ്. എന്നാൽ, പ്രത്യേകശ്രദ്ധ നൽകുന്നതിലൂടെ ഇവയിൽ പലതും മുൻകൂട്ടി തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയും.

അവയവം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ശരീരത്തെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം?
ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. 'എനിക്ക് അവയവദാനം നടത്തണം' എന്ന ചിന്തയോടെ മാത്രം പ്രത്യേക ഭക്ഷണമോ മരുന്നുകളോ കഴിക്കേണ്ടതില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. പുകവലി, അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കണം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കുകയും വേണം. അമിതവണ്ണം ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. അനാവശ്യമായ മരുന്നുകളും സപ്ലിമെന്റുകളും ഒഴിവാക്കുക.

അവയവങ്ങൾ എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാം?
അവയവങ്ങൾക്കനുസരിച്ച് ഈ സമയം മാറും. എന്നാലും ഏകദേശസമയം ഇങ്ങനെയാണ്: ഹൃദയം (4-6 മണിക്കൂർ), ശ്വാസകോശം (6-8 മണിക്കൂർ), കരൾ (8-12 മണിക്കൂർ), വൃക്ക (24-36 മണിക്കൂർ), പാൻക്രിയാസ്(12-18 മണിക്കൂർ), ചെറുകുടൽ (6-12 മണിക്കൂർ).

ഹൃദയം മാറ്റിവെച്ച ഒരാൾക്ക് 'മറ്റൊരാളുടെ ഹൃദയമാണ് എന്റെയുള്ളിൽ' എന്ന ചിന്ത മനസ്സിലുണ്ടാവും. അതിനെത്തുടർന്നുണ്ടാവുന്ന മാനസികമായ പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം?
അവയവം മാറ്റിവെച്ച ചിലരിൽ ഉത്കണ്ഠ, വിഷാദം, കുറ്റബോധം (survivors guilt), ശരീരത്തെക്കുറിച്ചുള്ള ആശങ്കകൾ (body-image concerns) എന്നിവയുണ്ടാകാം. 'ഈ ഹൃദയം ആരുടേതായിരുന്നു?', 'ആ വ്യക്തിയുടെ സ്വഭാവം എനിക്ക് വന്നോ?' തുടങ്ങിയ ചിന്തകളുമുണ്ടായേക്കാം. എന്നാൽ, അവയവദാതാവിന്റെ വ്യക്തിത്വമോ ഓർമകളോ ഹൃദയത്തിലൂടെ അവയവം സ്വീകരിക്കുന്നയാളിലേക്ക് കൈമാറുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ഇത്തരം ചിന്തകൾ തുടർച്ചയായി മാനസികസംഘർഷങ്ങളുണ്ടാക്കുകയോ ദൈനംദിനജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സഹായം തേടുന്നത് ഉചിതമാണ്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാന്റ് കൺസൾട്ടന്റാണ് ലേഖകൻ)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: World Organ Donation Day is observed globally on August 13 to raise awareness and honor donors. Major organs like kidneys, liver, heart, lungs, and tissues like corneas can be transplanted.