35 കിലോ കുറച്ചപ്പോൾ 50 കിലോ കൂട്ടേണ്ടി വന്നു, കലോറി കുറച്ചത് ശരീരത്തെ തകർത്തുവെന്നും വനിത

വണ്ണം കുറച്ച് ശരീരത്തിന്റെ രൂപം മാറ്റുന്നത് ഇന്നൊരു ട്രൻഡാണ്. വണ്ണം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വീഡിയോകളും അതിവേഗം വൈറലാവുകയും ചെയ്യും. എന്നാൽ യഥാർഥത്തിൽ ഈ ചിത്രങ്ങൾക്കു പുറകിൽ എന്താണ് സംഭവിക്കുന്നതെന്നത് വളരെ അപൂർവായേ നമ്മൾ അറിയാറുള്ളൂ. പെട്ടെന്നുള്ള ഡയറ്റുകളും കഠിനമായ വ്യായാമമുറകളും താത്കാലിക ഫലങ്ങൾ വാഗ്ദാനം ചെയ്തേക്കാമെങ്കിലും ദീർഘകാലത്തേക്ക് അതു ചിലപ്പോൾ പ്രശ്നങ്ങളുണ്ടാക്കിയേക്കും. കണ്ടന്റ് ക്രിയേറ്ററായ കാജൽ താൻ വണ്ണം കുറച്ചച്ചതിനെപ്പറ്റി നടത്തിയ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നതാണ്.
താൻ മുമ്പ് 35 കിലോ കുറച്ചെന്നും, എന്നാൽ ആരോഗ്യകരമല്ലാത്ത രീതികൾ സ്വീകരിച്ചതുകൊണ്ട് അടുത്ത പത്തുവർഷത്തിനിടെ 50 കിലോ കൂട്ടേണ്ടിവന്നെന്നും അവർ പറയുന്നു. ലക്ഷ്യത്തിലെത്തുക എന്നതിൽ മാത്രമായിരുന്നു അന്നൊക്കെ ശ്രദ്ധയെന്നും.
"ഞാൻ 35 കിലോ കുറച്ചു, 50 കിലോ തിരികെ കൂട്ടി. 10 വർഷം മുൻപ്, വണ്ണം കുറച്ച് 70 കിലോയിലെത്തുകയായിരുന്നു ലക്ഷ്യം. അന്ന് ഞാൻ ഏകദേശം 110-112 കിലോ ഭാരമുണ്ട്. ഏറ്റവും അനാരോഗ്യകരമായ രീതിയിലാണ് ഈ 35 കിലോ കുറച്ചത്. ഉദാഹരണത്തിന്, ഓരോ ദിവസവും ഏകദേശം 800 മുതൽ 1000 കലോറി മാത്രമാണ് കഴിച്ചത്. ദിവസവും ഏകദേശം രണ്ട് മണിക്കൂർ വ്യായാമം ചെയ്തു, തീരെ ഉറങ്ങിയിരുന്നില്ല. ഓരോ ദിവസവും അഞ്ച് മണിക്കൂർ മാത്രമായിരുന്നു ഉറക്കം."
കാജലിന് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞെങ്കിലും, അവർ പിന്തുടർന്ന രീതികളുടെ തീവ്രത കാരണം ശരീരവും മനസ്സും തളർന്നു. അവസാനം വണ്ണം കുറയ്ക്കാനുള്ള ചിന്ത തന്നെ ഉപേക്ഷിച്ചെന്നും കാജൽ പറയുന്നു. "ഞാൻ എല്ലാം തീവ്രമായി ചെയ്തതുകൊണ്ട്, വിപരീത ദിശയിലേക്ക് പോയി, വണ്ണം കുറയ്ക്കാനുള്ള ചിന്ത പോലും എന്നെ ചൊടിപ്പിച്ചു. എന്തു സംഭവിച്ചു എന്നുവെച്ചാൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഞാൻ ഈ വണ്ണം മുഴുവൻ വീണ്ടും കൂട്ടാൻ തുടങ്ങി, ഞാൻ 50 കിലോ തിരികെ കൂട്ടി"
ഫിറ്റ്നസ് യാത്ര തുടങ്ങുന്നവർ കുറുക്കുവഴികൾ ഒഴിവാക്കണമെന്നും ദീർഘകാല ജീവിതശൈലി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ആളുകൾക്ക് അവർ നൽകുന്ന ഉപദേശം. യാതൊരു തീവ്രതയിലേക്കും പോകേണ്ടതില്ല, സാവധാനം തുടങ്ങുകയും നിലനിർത്താൻ കഴിയുന്ന ശീലങ്ങൾ വളർത്തുകയും ചെയ്യുക-അവർ പറഞ്ഞു.
(ശ്രദ്ധിക്കുക: ഈ ലേഖനം സോഷ്യൽ മീഡിയയിൽ നിന്നുള്ള ഉള്ളടക്കത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പ്രൊഫഷണൽ ഉപദേശത്തിന് ഡോക്ടറുടെ സഹായം തേടുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Extreme calorie restriction (800-1000 kcal) is unsustainable and physically damaging., Rapid weight loss achieved through unhealthy methods often leads to long-term weight regain., Mental and physical burnout are common consequences of extreme fitness routines., Sustainable, slow-paced lifestyle changes are essential for long-term health., Professional medical guidance should always precede any restrictive diet plan.