തണുപ്പാണ്; എണ്ണതേച്ചുള്ള കുളി ഒഴിവാക്കല്ലേ

തണുപ്പുകാലം തുടങ്ങിയാൽ ചർമത്തിന് എന്നും പ്രശ്നങ്ങളാണ്. ചുണ്ട് പൊട്ടുന്നു, ചർമം വരളുന്നു, കാൽപാദങ്ങൾ വിണ്ടുകീറുന്നു, മുടി പൊട്ടിപ്പോകുന്നു തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾ. ചർമസംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്.
തല കുളിക്കുമ്പോൾ
നീരിറക്കമുള്ളവരും കഫത്തിന്റെ പ്രയാസമനുഭവിക്കുന്നവരും തല കുളിക്കുമ്പോൾ ശ്രദ്ധിക്കണം.
- രാവിലെ കുളിക്കുന്നതാണ് നല്ലത്. വൈകിട്ടാണെങ്കിൽ വെയിലാറിയശേഷം കുളിക്കാം. വൈകീട്ട് കുളിച്ചശേഷം അല്പം രാസ്നാദിപ്പൊടി നെറുകയിൽ പുരട്ടാം.
- ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്.
- കുളിക്കുമ്പോൾ ചെറുചൂടുള്ള വെള്ളം അല്പം കവിൾകൊള്ളുന്നത് നീരിറക്കം പോലുള്ള പ്രയാസങ്ങൾ തടയാൻ നല്ലതാണ്.
- ആദ്യം തലകുളിച്ചശേഷമേ മേലുകഴുകാവൂ. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച് തലയിലൊഴിക്കാം.
എണ്ണതേച്ചുകുളിക്കാം
ഉചിതമായ തൈലങ്ങൾ തേച്ചുളള കുളിയിലൂടെ ഒരുവിധം ആരോഗ്യപ്രശ്നങ്ങളെ തടഞ്ഞുനിർത്താം. അന്തരീക്ഷം തണുപ്പുള്ളതായതിനാൽ ശരീരത്തിൽ തേക്കാനായി ഉഷ്ണവീര്യമുള്ള തൈലങ്ങൾ ഉപയോഗിക്കാം. പിണ്ഡതൈലം, നാൽപാമരാദി കേരം, ധന്വന്തംരം തുടങ്ങി ശരീരപ്രകൃതിക്ക് അനുസരിച്ചുള്ളവ വൈദ്യനിർദേശാനുസരണം ലഭിക്കും. ഇവ പത്തോ പതിനഞ്ചോ മിനിറ്റ് നേരം തേച്ചുപിടിപ്പിക്കാം. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.
ചുണ്ടും പാദങ്ങളും
തണുപ്പുകാലത്ത് ചുണ്ട് വരളുന്നതും വിണ്ടുകീറുന്നതും സാധാരണമാണ്. ലിപ് ബാം പുരട്ടുന്നത് ഈ പ്രശ്നം ഒരുപരിധിവരെ തടയും.
- ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കുന്ന ശീലം നല്ലതല്ല. ഇത് വരൾച്ച കൂട്ടാൻ ഇടയാക്കും.
- പകൽ പുറത്തിറങ്ങുന്നതിന് മുൻപ് മോയ്ചറൈസിങ് എഫക്ടുള്ള ലിപ് ബാം പുരട്ടാം.
- ശീതീകരിച്ച മുറിയിയിൽ ജോലിചെയ്യേണ്ടിവരുന്നവർക്കും ലിപ് ബാം പുരട്ടുന്നത് ഗുണംചെയ്യും.
- എണ്ണമയം കുറയുമ്പോഴാണ് പാദങ്ങൾ വിണ്ടുകീറാൻ തുടങ്ങുന്നത്. തണുപ്പുകാലത്ത് പാദങ്ങൾ ചൂടുവെള്ളംകൊണ്ട് കഴുകുന്ന ശീലം ഒഴിവാക്കാം.പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Combat dry skin, chapped lips, and hair breakage this winter