തണുപ്പാണ്; അലര്‍ജിക്കാരും ആസ്തമയുള്ളവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

#ഡോ.സോഫിയ സലിം മാലിക്
പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും. അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. അലര്‍ജി, ആസ്ത്മ, സി.ഒ.പി.ഡി., ഐ.എല്‍.ഡി., ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങള്‍ ഉള്ളവര്‍ ഈ തണുപ്പുകാലത്ത്  പ്രത്യേകിച്ച് ശ്രദ്ധിക്കണം. 

ആസ്ത്മരോഗികള്‍ ശ്രദ്ധിക്കാന്‍
ആസ്ത്മരോഗമുള്ളവര്‍ ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എടുക്കുക. അത്യാവശ്യ അവസരങ്ങളില്‍ എടുക്കുവാനുള്ള reliever മരുന്നുകളും കൈയ്യില്‍ കരുതണം. കൃത്യമായ ഇന്‍ഹേലര്‍ ഉപയോഗം തണുപ്പുകാലത്തുള്ള ശ്വസന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും. COPD രോഗബാധിതര്‍, തണുപ്പുകാലത്ത് ഫ്‌ളൂ രോഗം ബാധിക്കാനും മറ്റു ശ്വാസകോശ അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുള്ളവരാണ്. അതുകൊണ്ട് COPD രോഗികളും ആസ്ത്മ രോഗികളെ പോലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഇന്‍ഹേലര്‍ മരുന്നുകള്‍ കൃത്യമായി എടുക്കേണ്ടതാണ്.

വ്യായാമം തുടരാം
മഞ്ഞുകാലത്ത് മുടങ്ങാതെ തുറസ്സായ സ്ഥലത്തു നിന്നും വ്യായാമം ചെയ്യുന്നവര്‍, തണുപ്പു കാരണം നടപ്പും ജോഗിങ്ങും മുടക്കാറുണ്ട്. ഇത് മെറ്റബോളിക് സംവിധാനം താളംതെറ്റിക്കുകയും വിശപ്പ് അധികമാക്കുകയും തന്‍മൂലം തൂക്കം വര്‍ദ്ധിക്കാനും കാരണമാകും. ശരീരഭാരം കൂടുന്നത് എപ്പോഴും ശ്വാസകോശരോഗങ്ങള്‍ അധികരിപ്പിക്കുകയും ദൈനംദിന ജീവിത ജോലികള്‍ പ്രയാസകരമാക്കുകയും ചെയ്യും. അതിനാല്‍ ക്രമമായ ഭക്ഷണശൈലി തുടരുകയും കാലാവസ്ഥ അനുസൃതമായി സമയം മാറ്റി വ്യായാമം തുടരുകയും ചെയ്യുക.

തണുപ്പുകാലത്ത് സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത കൂടുതലാണ്. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ തിരക്കുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്നത് മാറിനില്‍ക്കുന്നതാണ് ഉത്തമം. നല്ല വായു സഞ്ചാരമുള്ള മുറികളാണെന്ന് ഉറപ്പാക്കണം. അടുത്ത സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കാനും പരസ്പരം അകലം പാലിക്കാനും ശീലിക്കണം. മാസ്‌ക് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. പുകവലിയും മദ്യപാനവും വര്‍ജ്ജിക്കുകയും പുകവലിക്കുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം.

ആഹാരം തന്നെ മരുന്ന് 
സമീകൃത ആഹാരക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും. അതുപോലെ കൃത്യമായ അളവില്‍ ശുദ്ധജലം കുടിക്കേണ്ടതുമുണ്ട്.  ഫ്‌ളൂവിനും ന്യൂമോകോക്കല്‍ ബാക്ടീരിയക്കും പ്രതിരോധം നല്‍കുന്ന കുത്തിവയ്പ്പ് തീര്‍ച്ചയായും ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എടുത്തിരിക്കണം. നല്ല ശീലങ്ങള്‍ പാലിക്കുന്നതു വഴി തണുപ്പുകാലത്ത് ഉണ്ടായേക്കാവുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും ശ്വാസകോശരോഗങ്ങള്‍ ഉള്ളവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം.

യാത്ര ചെയ്യുമ്പോള്‍
അലര്‍ജിയുള്ളവര്‍ക്ക് തണുപ്പുകാലം അനുകൂലമല്ല. 
* തണുത്ത വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകും. അതുകൊണ്ട് അമിതമായി ശീതീകരിച്ചതും തണുപ്പുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. 
* അനിവാര്യമുള്ള യാത്രകള്‍ ചെയ്യുമ്പോള്‍ അലര്‍ജിക്കുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകളും കൈയ്യില്‍ കരുതുക.

(പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റാണ് ലേഖിക)
 

Content Highlights: winter health tips for allergy and asthma patients