ശരീരം ഫിറ്റാണെന്ന് കരുതി ഹൃദയത്തെ മറക്കരുത്; പെട്ടെന്നുള്ള ഹൃദയാഘാതത്തിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

AIനിർമിതചിത്രം
AIനിർമിതചിത്രം

കാണാൻ ചെറുപ്പം. ശരീരത്തിൽ മസിലുകൾ. ദിവസവും ജിമ്മിൽ പോകുന്നു. ഭക്ഷണത്തിലും ശ്രദ്ധയുണ്ട്. ഇങ്ങനെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നുവെന്ന് കരുതുന്ന ഒരാൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു… 'ശരീരം ഫിറ്റായ ഒരാൾക്ക് എങ്ങനെയാണ് പെട്ടെന്ന് ഹൃദയാഘാതം വരുന്നത്?' ഈ ചോദ്യം പലരെയും ആശങ്കപ്പെടുത്താറുണ്ട്. ഹൃദയാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ശരീരത്തിന്റെ പുറംകാഴ്ച മാത്രം നോക്കിയാൽ പോരാ. ശരീരത്തിനുള്ളിൽ നിശബ്ദമായി വളരുന്ന ചില ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുകയും ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണമെന്നാണ് വിദഗ്ധർ പറയുന്നത്. 

1. ശരീരം നൽകുന്ന നിശബ്ദ സൂചനകൾ അവഗണിക്കരുത്
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവ തുടക്കത്തിൽ വലിയ മുന്നറിയിപ്പുകൾ നൽകണമെന്നില്ല. പലപ്പോഴും ഇവ നിശബ്ദമായാണ് ശരീരത്തിൽ വളരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തുന്നത് പ്രധാനമാണ്. കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ പ്രത്യേകിച്ചും പരിശോധനകൾക്ക് പ്രാധാന്യം നൽകണം. പുറത്തുനിന്ന് ആരോഗ്യവാനായി തോന്നുന്നതുകൊണ്ട് മാത്രം ശരീരത്തിനുള്ളിലെ ആരോഗ്യസ്ഥിതി മികച്ചതാണെന്ന് ഉറപ്പിക്കാനാകില്ല.

2. ഫിറ്റ്‌നസ് ലക്ഷ്യങ്ങളും ഒന്ന് പുനഃപരിശോധിക്കാം
ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുന്നതും ശരീരത്തിൽ വലിയ മസിലുകൾ ഉണ്ടാക്കുന്നതും മാത്രം ഹൃദയം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നില്ല. അമിതമായ ഭാരോദ്വഹനത്തിനൊപ്പം ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന കാർഡിയോ വ്യായാമങ്ങൾക്കും പ്രാധാന്യം നൽകണം.

ഏകദേശം 40 മിനിറ്റ് വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിങ് തുടങ്ങിയവ ദിവസേനയുള്ള ഫിറ്റ്‌നസ് റൂട്ടീനിൽ ഉൾപ്പെടുത്താം. വ്യായാമത്തിന്റെ അളവിനേക്കാൾ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള സമതുലിതമായ വ്യായാമരീതിയാണ് പ്രധാനം.

3. ഭക്ഷണത്തിലും ജീവിതശൈലിയിലും ചെറിയ മാറ്റങ്ങൾ വരുത്താം
ഫാസ്റ്റ് ഫുഡ്, പേസ്ട്രികൾ, സമോസ, പക്കോഡ തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവാക്കുന്നത് ഒഴിവാക്കുക. അനാരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം കുറച്ച് ഭക്ഷണത്തിൽ ആരോഗ്യകരമായ എണ്ണകൾ തിരഞ്ഞെടുക്കാം. കടുകെണ്ണ, ഒലിവ് ഓയിൽ, സൺഫ്‌ലവർ ഓയിൽ തുടങ്ങിയവ ഉപയോഗിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഭക്ഷണം മാത്രമല്ല, പുകവലിയും ഹൃദയത്തിന് വലിയ ഭീഷണിയാണ്. പരോക്ഷ പുകവലി അഥവാ സെക്കൻഡ് ഹാൻഡ് സ്‌മോക്കിങ്ങും ഹൃദയാഘാത സാധ്യത വർധിപ്പിക്കാം. അതുകൊണ്ട് പുകവലിക്കുന്നവർ അത് ഉപേക്ഷിക്കുന്നതും പുകവലിക്കുന്നവരുടെ സമീപത്ത് കഴിയുന്നവർ പുക ഒഴിവാക്കുന്നതും പ്രധാനമാണ്.

4. സമ്മർദം നിസാരമായി കാണരുത്
ജോലിത്തിരക്ക്, മാനസിക സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയവയ്‌ക്കൊപ്പം നഗരങ്ങളിലെ വായുമലിനീകരണവും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദിവസേനയുള്ള മാനസിക സമ്മർദം കുറയ്ക്കാൻ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കാം. മനസ്സിനെ ശാന്തമാക്കുന്ന ചെറിയ ശീലങ്ങൾ പോലും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.

5. ഡോക്ടർ നിർദേശിച്ച മരുന്നുകൾ സ്വയം നിർത്തരുത്
കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ സ്വന്തം തീരുമാനപ്രകാരം അത് നിർത്തരുത്. മരുന്ന് കഴിക്കുന്നത് നിർത്തിയാൽ കൊളസ്‌ട്രോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. മരുന്നിന്റെ ആവശ്യമില്ലെന്ന് തോന്നിയാലും അത് നിർത്തുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിക്കണം.

6. അടിയന്തര സാഹചര്യത്തിൽ ആദ്യ 30 മിനിറ്റ് നിർണായകം
നെഞ്ചിൽ അസ്വസ്ഥത, വേദന, അമിതമായ വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളെ 'ഗ്യാസ്' ആണെന്ന് കരുതി അവഗണിക്കരുത്. ഹൃദയാഘാതത്തിന്റെ സാധ്യതയുണ്ടെങ്കിൽ വൈകാതെ ആശുപത്രിയിലെത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

സ്വയം ഏതെങ്കിലും അടിയന്തര മരുന്ന് കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രക്തസമ്മർദം അപകടകരമായി കുറയാൻ സാധ്യതയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത്. ഹൃദയത്തെ സംരക്ഷിക്കാൻ വലിയ മാറ്റങ്ങൾ മാത്രം ആവശ്യമില്ല. ദിവസേനയുള്ള ഭക്ഷണശീലം, വ്യായാമം, പുകവലി ഒഴിവാക്കൽ, സമ്മർദനിയന്ത്രണം, കൃത്യമായ ആരോഗ്യപരിശോധനകൾ തുടങ്ങിയ ചെറിയ കാര്യങ്ങളിൽ നിന്നാണ് ഹൃദയപരിചരണം തുടങ്ങുന്നത്. ഫിറ്റായി കാണപ്പെടുന്നു എന്നതുകൊണ്ട് മാത്രം ഹൃദയം സുരക്ഷിതമാണെന്ന് കരുതരുത്. ശരീരത്തിനുള്ളിൽ നിശബ്ദമായി നടക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുക എന്നതാണ് പ്രധാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi