കാരറ്റ് കഴിച്ചാൽ കണ്ണിന്റെ കാഴ്ച കൂടുമോ? കണ്ണിന്റെ ആരോഗ്യത്തിന് കാരറ്റ് നല്ലതാണ്!

കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കാരറ്റ് കഴിച്ചാൽ മതിയെന്ന് പണ്ടുമുതലേ പറഞ്ഞുകേൾക്കുന്നൊരു കാര്യമാണ്. എന്നാൽ, അതിലെത്രത്തോളം സത്യമുണ്ട്?
രണ്ടാം ലോകമഹായുദ്ധകാലത്ത്, ശത്രുവിമാനങ്ങളെ ലക്ഷ്യമിടാൻ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സ് റഡാർ ഉപയോഗിച്ചുതുടങ്ങി. എന്നാൽ റഡാർ ആണുപയോഗിക്കുന്നതെന്ന് ആരും അറിയാതിരിക്കാനായി, പൈലറ്റുമാർ കാരറ്റ് ആണ് കഴിക്കുന്നതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പൈലറ്റുമാരുടെ മികച്ച കാഴ്ചശക്തിക്ക്, പ്രത്യേകിച്ച് രാത്രിയിലെ, കാരണം അവർ കഴിക്കുന്ന കാരറ്റാണെന്നാണ് പറയപ്പെട്ടിരുന്നത്.
കാരറ്റ് കഴിക്കുന്നതും രാത്രിയിലെ കാഴ്ചശക്തി മെച്ചപ്പെടുന്നതും തമ്മിലുള്ള ബന്ധം അക്കാലത്ത് പെരുപ്പിച്ചു കാണിക്കപ്പെടുകയും ചെയ്തു; ഈ ധാരണ ഇന്നും നിലനിൽക്കുന്നു. കാരറ്റ് കാഴ്ചാശക്തി കൂട്ടുമോ എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ അതിൽ കണ്ണിന് ഗുണകരമായ ചില ഘടകങ്ങളുണ്ട്.
കാരറ്റിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ ആന്റിഓക്സിഡന്റുകളാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബീറ്റാ കരോട്ടിനാണ് പല സസ്യങ്ങൾക്കും ഓറഞ്ച്, ചുവപ്പ് നിറം നൽകുന്നത്. ഓറഞ്ച് കാരറ്റിൽ ബീറ്റാ കരോട്ടിൻ കൂടുതലാണ്. ശരീരം ഇതിനെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. കോർണിയയുടെ ആരോഗ്യം നിലനിർത്തുന്നതിനും റെറ്റിനയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്.
ദഹനം മെച്ചപ്പെടുത്താനും കാരറ്റ് നല്ലതാണ്. കാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും കാരറ്റ് നല്ലതാണെന്ന് പറയപ്പെടുന്നു. കാരറ്റിന് 'ഗ്ലൈസെമിക് ഇൻഡക്സ്' കുറവാണ്. അതായത്, കാരറ്റ് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ ഉയരാൻ സാധ്യതയില്ല. ഓറഞ്ച് കാരറ്റിൽ 'ലൈക്കോപീൻ' എന്ന ആന്റിഓക്സിഡന്റ് ധാരാളമുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Examines the popular myth that eating carrots drastically improves night vision., Traces the myth back to World War II British Royal Air Force propaganda., Highlights actual eye health benefits of beta-carotene and vitamin A found in carrots., Outlines additional health benefits including digestion, blood sugar regulation, and heart health.