ഒരുവർഷം കൊണ്ട് കുറച്ചത് 35 കിലോ, സഹായിച്ചത് റെഡ്ഡിറ്റ്; ചാറ്റ് ജിപിടിയും ഉപയോഗിക്കാം

ഭാരം കുറയ്ക്കാൻ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. ചിലർ ശാസ്ത്രീയമായാണ് ഭാരം കുറയ്ക്കുന്നത്. എന്നാൽ അങ്ങനെയല്ലാതെ ചെയ്യുന്നവരുമുണ്ട്. ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിൽ തന്നെ.
ഇപ്പോഴിതാ ഒരുവർഷംകൊണ്ട് 35 കിലോ ഭാരം കുറച്ച അനുഭവം പങ്കുവെക്കുകയാണ് ഷാവി ജെയ്ൻ എന്ന സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ. സാമൂഹമാധ്യമമായ റെഡ്ഡിറ്റിൽനിന്നാണ് ഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ ചില നിർദേശങ്ങൾ താൻ കണ്ടെത്തിയതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ഷാവി പറയുന്നു.
തന്റെ ഭക്ഷണക്രമം, വ്യായാമം, ദൈനംദിന ജീവിതശൈലി എന്നിവയിൽ സ്ഥിരത നിലനിർത്താൻ സഹായിച്ച ആ ലളിതമായ ശീലങ്ങളെക്കുറിച്ച് അവർ വെളിപ്പെടുത്തുന്നു. അവരുടെ അഭിപ്രായത്തിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഉപയോഗപ്രദമായ നിർദ്ദേശങ്ങളുടെ ഒരു 'സ്വർണ്ണഖനി'യാണ് റെഡ്ഡിറ്റ്. അതിൽനിന്ന് അവർ പിന്തുടരാൻ തീരുമാനിച്ച ചില ശീലങ്ങളുമുണ്ട്. അത് ജോലി എളുപ്പമാക്കും. അതേസമയം ആരോഗ്യപ്രദവുമാണെന്നാണ് അവരുടെ അഭിപ്രായം.
രണ്ടു നേരത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് പാകംചെയ്യാം
ഭക്ഷണം തയ്യാറാക്കുന്നത് എളുപ്പമാക്കാൻ ഷാവി നൽകുന്ന ഒരു നിർദ്ദേശമിങ്ങനെ. രണ്ടു നേരത്തേക്കുള്ള ഭക്ഷണം ഒന്നിച്ച് പാകം ചെയ്യുക. ഒന്ന് അന്നത്തെ അത്താഴത്തിനും (Dinner) മറ്റൊന്ന് പിറ്റേദിവസം ഉച്ചഭക്ഷണമായി കഴിക്കാനും ഉപയോഗിക്കാം. പ്രഭാതഭക്ഷണം ലളിതവും സ്ഥിരതയുള്ളതുമായി നിലനിർത്താനും അവർ നിർദ്ദേശിക്കുന്നു. ''എല്ലാ ദിവസവും ഒരേ പ്രഭാതഭക്ഷണം തന്നെ കഴിക്കുക (പ്രത്യേകിച്ച് ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഒന്ന്)'', ഭാരം കുറയ്ക്കാനുള്ള ഒരു വഴിയിതാണെന്ന് ഷാവി പറയുന്നു.
ദൈനംദിന ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുക
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെയും നെയ്യുടെയും അളവ് കഴിയുന്നത്ര കുറയ്ക്കണമെന്ന് ഷാവി നിർദ്ദേശിച്ചു. ''ഏതു വിഭവങ്ങളും പാചകം ചെയ്യുമ്പോൾ എണ്ണയോ നെയ്യോ ഒഴിവാക്കുക'', അവർ കുറിച്ചു. ആരോഗ്യകരവും പ്രോട്ടീൻ അടങ്ങിയതുമായ ലഘുഭക്ഷണങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കാനും അവർ നിർദ്ദേശിച്ചു. ''ഉപ്പിട്ട പനീർ, വറുത്ത കടല, പ്രോട്ടീൻ കുക്കികൾ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ പെട്ടെന്ന് കഴിക്കാനായി ഫ്രിഡ്ജിൽ എളുപ്പത്തിൽ കാണാവുന്നതും എടുക്കാവുന്നതുമായ രീതിയിൽ സൂക്ഷിക്കുക'', അവർ പറഞ്ഞു.
അത്താഴത്തിന് ശേഷമുള്ള നടത്തം
ജിമ്മിന് പുറത്തുള്ള ശാരീരിക ചലനങ്ങളുടെ പ്രാധാന്യവും ഷാവി എടുത്തുപറഞ്ഞു. ''അത്താഴത്തിന് ശേഷം നടക്കുക; കുറഞ്ഞത് 4,000 ചുവടുകളെങ്കിലും (Steps) നടക്കാൻ ലക്ഷ്യമിടുക'', അവർ പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തിൽ, ഒഴിവുസമയം ഉപയോഗിച്ച് ചേരുവകൾ നേരത്തെ തന്നെ ഒരുക്കിവെക്കാൻ അവർ നിർദ്ദേശിച്ചു. ''സാലഡുകൾക്കും മറ്റുമായുള്ള പച്ചക്കറികളും ബാക്കിയുള്ള ചേരുവകളും നേരത്തെ നുറുക്കിവെക്കാം. ഇതിനായി ഒഴിവുസമയം പ്രയോജനപ്പെടുത്തുക'', ഷാവി കുറിച്ചു.
സ്‌നാക്ക്‌സ് കൺമുന്നിൽനിന്ന് മാറ്റുക
വീട്ടിൽ ലഘുഭക്ഷണങ്ങൾ അഥവാ സ്‌നാക്ക്‌സ് വാങ്ങി ശേഖരിച്ചുവെക്കാതിരിക്കുക എന്നത് അവരുടെ പ്രായോഗികമായ നിർദ്ദേശങ്ങളിലൊന്നാണ്. ''വീട്ടിലെ സ്റ്റോറേജിലോ അലമാരയിലോ ലഘുഭക്ഷണങ്ങൾ സൂക്ഷിക്കുന്നത് നിർത്തുക. ശരിക്കും ആവശ്യമെന്നു തോന്നിയാൽ എപ്പോൾ വേണമെങ്കിലും അവ ഓർഡർ ചെയ്തുവരുത്താമെന്ന് സ്വയം പറയുക'', ഷാവി പറഞ്ഞു.
പകൽ സമയങ്ങളിൽ കലോറി വളരെ കുറഞ്ഞതോ ഒട്ടും കലോറി ഇല്ലാത്തതോ ആയ ഭക്ഷണപാനീയങ്ങൾ കൈവശം വെക്കാനും അവർ നിർദ്ദേശിക്കുന്നു.
കഴിക്കുന്ന ഭക്ഷണം ട്രാക്ക് ചെയ്യുക
കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയെന്നതും പ്രധാനമാണ്.
ഭക്ഷണത്തിന്റെ അളവും അതിലെ കലോറിയും കൃത്യമായി മനസ്സിലാക്കാൻ ഒരു 'ഫുഡ് സ്‌കെയിൽ' ഉപയോഗിക്കാൻ ഷാവി നിർദ്ദേശിച്ചു. ''ഒരു ഫുഡ് സ്‌കെയിൽ വാങ്ങുക, ഒപ്പം കലോറി കണക്കാക്കാൻ ചാറ്റ്ജിപിടി ഉപയോഗിക്കുക'', അവർ പറഞ്ഞു.
കൊതിപ്പിക്കുന്ന ഭക്ഷണങ്ങളെ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഒരു സന്തുലിതാവസ്ഥ കണ്ടെത്താനും അവർ ഉപദേശിച്ചു. ''അതിയായ ആഗ്രഹം തോന്നുമ്പോൾ ഇടയ്ക്കിടെ അത്തരം ഭക്ഷണങ്ങൾ അല്പം കഴിച്ചുകൊണ്ട് ആ ആഗ്രഹം ശമിപ്പിക്കാം'', ഷാവി കുറിച്ചു.
(ശ്രദ്ധിക്കുക: ഇത് പൊതുവായ വിവരങ്ങളുടെ പേരിൽ തയ്യാറാക്കിയതാണ്. ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് വിദഗ്ധ ഉപദേശം തേടിയശേഷം മാത്രം പ്രാവർത്തികമാക്കുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Influencer Shavi Jain lost 35 kg in one year by implementing practical lifestyle habits. Utilized Reddit as a goldmine for effective weight loss tips and routines., Recommended meal prepping, reducing oil usage, and walking 4,000 steps after dinner