മുട്ട പാചകം ചെയ്യുന്നതിന് മുന്‍പ് കഴുകേണ്ടതുണ്ടോ?

നമ്മുടെ അടുക്കളയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് മുട്ട. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെ ഉറവിടം കൂടിയാണ് ഇവ. എന്നാല്‍ മുട്ടയുടെ കാര്യത്തില്‍ പാലിക്കേണ്ട ശുചിത്വം പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. ഫാമുകളില്‍ നിന്നും നേരിട്ട് വരുന്ന മുട്ടകള്‍ അണുവിമുക്തമല്ല. അതുകൊണ്ടുതന്നെ ഈ മുട്ടകളുടെ പുറം തോടില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതകളേറെയാണ്. കടകളില്‍ നിന്ന് വാങ്ങുന്ന ചില പാക്ക്ഡ് മുട്ടകള്‍ വൃത്തിയാക്കിയും അണുവിമുക്തമാക്കിയും വരുന്നവയാണ്. അവ ശ്രദ്ധയോടെ നോക്കി വാങ്ങേണ്ടതാണ്.
മുട്ട കഴുകേണ്ടതിന്റെ ആവശ്യകത
ഫാമുകളില്‍ നിന്നും മറ്റും വാങ്ങുന്ന മുട്ടകളുടെ തോടുകളില്‍ ചെളി, പക്ഷിയുടെ തൂവലുകള്‍, കാഷ്ഠം എന്നിവ ഉണ്ടാകാം. മുട്ടയുടെ പുറം തോട് കട്ടിയുള്ളതാണെങ്കിലും അതില്‍ അനേകം സുഷിരങ്ങള്‍ ഉണ്ട്. ശരിയായ രീതിയില്‍ കഴുകിയില്ലെങ്കില്‍, ഈ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുന്നതിന് മുന്‍പ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകള്‍ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറയ്ക്കും.
ബാക്ടീരിയയെ ചെറുക്കാം
മുട്ടത്തോടില്‍ സാധാരണയായി കാണപ്പെടുന്ന പ്രധാന ബാക്ടീരിയകള്‍ സാല്‍മൊണല്ല (Salmonella), ഇ.കോളി (E. coli), കാംപിലോബാക്റ്റര്‍ (Campylobacter) എന്നിവയാണ്.
പക്ഷികളുടെ കാഷ്ഠം, മലിനമായ കൂടുകള്‍, മുട്ടകള്‍ ശേഖരിക്കുന്ന സമയത്തും കടകളിലേക്ക് കൊണ്ടുപോകുമ്പോഴുമുള്ള ശുചിത്വമില്ലായ്മ എന്നിവയാണ് ബാക്ടീരിയകള്‍ മുട്ടയിലെത്താനുളള പ്രധാന കാരണം. ഈ രോഗകാരികള്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന, വയറിളക്കം, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളും ഉണ്ടാക്കും.
പാക്ക്ഡ് മുട്ട
അണുവിമുക്തമാക്കല്‍, ഗ്രേഡിംഗ് എന്നിങ്ങനെ കര്‍ശനമായ ഗുണനിലവാര നടപടികളിലൂടെ പായ്ക്ക് ചെയ്ത മുട്ടകള്‍ താരതമ്യേന സുരക്ഷിതമായിരിക്കും. ഈ മുട്ടകള്‍ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുന്നതിനാല്‍ ബാക്ടീരിയകളുടെ വളര്‍ച്ച കുറവായിരിക്കും. അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ടകളിൽ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് മുട്ട പാചകം ചെയ്യും മുമ്പ് വൃത്തിയായി കഴുകണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover why washing eggs before cooking is crucial for food safety. Learn about bacteria risks and best practices for handling eggs in your kitchen.