നവജാതശിശുക്കളുടെ ആരോഗ്യം; മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

ഉയർന്ന നിലവാരമുള്ള സാർവത്രിക നവജാതശിശു ആരോഗ്യസംരക്ഷണം എല്ലാ നവജാത ശിശുക്കളുടെയും അവകാശമാണ്. നവജാതശിശുവിന് നല്ല പരിചരണം കിട്ടുന്നത് മൂലം, നവജാതശിശുമരണനിരക്ക് കുറയ്ക്കാനും കഴിയും.

ജനിച്ചയുടൻ
ജനനസമയത്തുള്ള താപനില നിയന്ത്രണം വളരെ അത്യാവശ്യമായ ഒന്നാണ്. അതിനായി കുഞ്ഞിനെ നന്നായി തുടച്ച്, ശരിയായി പൊതിയുക. അമ്മയുമായി ചർമസമ്പർക്കവും ആവശ്യമാണ്. മുലയൂട്ടൽ നേരത്തെ ആരംഭിക്കുകയും വേണം. കുഞ്ഞിനെ തൊടുന്നതിനുമുമ്പ് കൈ വൃത്തിയായി കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. എസി, ഹൈ സ്പീഡ് ഫാൻ എന്നിവ ഒഴിവാക്കുക. കുഞ്ഞിനെ അമ്മയുടെ അടുത്ത് കിടത്തുക.

കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ജനിച്ച ശേഷം ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ കുഞ്ഞിന് കുളിയുടെ ആവശ്യമില്ല. ആദ്യ ദിവസങ്ങളിൽ കുഞ്ഞിനെ തുടച്ചെടുത്താൽ മതിയാവും. വളരെ കുഞ്ഞാകുമ്പോൾ തന്നെ സോപ്പ് പോലുള്ളവ ഉപയോഗിച്ച് കുളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം കുഞ്ഞുങ്ങളുടെ ശരീരത്തിലുടനീളം ഒരു വെളുത്ത ആവരണമുണ്ടാകും. ഇത് എല്ലാ ബാക്ടീരിയകൾക്കെതിരെയും ഒരു സംരക്ഷിത പാളിയായി പ്രവർത്തിക്കുകയും കുഞ്ഞിന്റെ മൃദുലമായ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.

7-10 ദിവസത്തിനുള്ളിൽ, വെളുത്ത കോട്ടിങ് പതുക്കെ പുറംതൊലിയിൽനിന്ന് അടർന്നുപോകും. ഇതിനുശേഷം, നിങ്ങളുടെ കുഞ്ഞിനെ ശരിയായി കുളിപ്പിച്ച് തുടങ്ങാം. ദിവസവും ഉച്ചയോടു കൂടി ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഒപ്പിയെടുക്കുക.

2.5 കി.ഗ്രാം ഭാരത്തിൽ കൂടുതലുള്ള കുഞ്ഞുങ്ങളെ ദിവസവും കുളിപ്പിക്കാവുന്നതാണ്. രണ്ടാഴ്ചയ്ക്ക് ശേഷം എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമ്മുന്നത് നല്ലതാണ്. കുളിയുടെ ദൈർഘ്യം 5 മിനിറ്റിൽ കൂടരുത്. കുളിപ്പിച്ചതിനുശേഷം പൗഡർ ഇടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞിടരുത്.

മലമൂത്ര വിസർജ്ജനത്തിനു ശേഷമുള്ള വൃത്തിയാക്കൽ വളരെ പ്രധാനമാണ്. തുടയ്ക്കുന്നതിന് ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കിയ മൃദുവായ തുണി വേണം ഉപയോഗിക്കുവാൻ. പെൺകുട്ടികളെ മലം പോയ ശേഷം കഴുകുമ്പോൾ വെള്ളം മുന്നിൽ നിന്നു പിന്നോട്ടേ ഒഴിക്കാവൂ. മൂത്രമൊഴിച്ചു കഴിയുമ്പോൾ വെള്ളം വെറുതെ പിറകോട്ട് ഒഴിച്ചുവിട്ടാൽ മതി. മലം കഴുകിമാറ്റിയ ശേഷം സോപ്പുപയോഗിച്ചു കഴുകണം.

പൊക്കിൾക്കൊടിയുടെ പരിചരണം എങ്ങനെ?
സാധാരണഗതിയിൽ കുഞ്ഞുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ പൊക്കിൾത്തണ്ടു വേർപെടും. പരമാവധി 10 ദിവസം. പതിയെ അതു കരിയുകയും ചെയ്യും. പഴുപ്പ്, പഴുപ്പിന്റെ മണം, ചുവപ്പുനിറം തുടങ്ങിയവ ഒന്നുമില്ലെങ്കിൽ ഒരു മരുന്നിന്റെയും ആവശ്യമില്ല. രണ്ടാഴ്ച ആയിട്ടും കരിയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം.

പൊക്കിൾത്തണ്ടിലോ, പൊക്കിൾത്തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതുകൊണ്ടു കുഴപ്പമില്ല.പൊക്കിൾക്കൊടി വീണു കഴിഞ്ഞാൽ അണുബാധയുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ ഉപദേശപ്രകാരം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക.

പാൽ തികട്ടി വന്നാൽ
മുലപ്പാൽ തികട്ടി വരുന്നതു കുറെയൊക്കെ സ്വാഭാവികമാണ്. ഇതൊരു ആരോഗ്യപ്രശ്‌നമായി കാണേണ്ട. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേയ്ക്കു പോരുകയാണെങ്കിൽ പ്രശ്‌നങ്ങളുണ്ടാകാം. കുടിക്കുന്നതിലേറെ പാൽ പുറത്തേയ്ക്കുപോയാൽ കുഞ്ഞിനു ഭാരം വർധിക്കാത്ത അവസ്ഥ വരും.

ഡയപ്പർ ഉപയോഗം
തുണി ഉപയോഗിച്ച് തയാറാക്കിയ നാപ്കിനുകൾ തന്നെയാണ് നവജാതശിശുക്കളുടെ ശരീരത്തിനുസുഖകരം. അലർജി ഉണ്ടാകില്ല. നനയുന്നതു കാണുമ്പോൾ നമ്മൾ മാറ്റുകയും ചെയ്യുന്നു. രാത്രിയിൽ ഡിസ്‌പോസിബിൾ ഡയപ്പർ ഉപയോഗിക്കാം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവക്കുക, തടിക്കുക തുടങ്ങിയവ സംഭവിച്ചാൽ ഡോക്ടറെ സമീപിക്കുക.

ജനനസമയത്ത് ശ്രദ്ധിക്കുക

  • വിറ്റാമിൻ ഡി തുള്ളികൾ ദിവസവും ഒരു നേരം നൽകണം.
  • BCG, OPV, Hep.B വാക്സിനേഷൻ എന്നിവ ജനനസമയത്ത് നൽകണം.
  • ന്യൂബോൺ സ്‌ക്രീൻ ചെയ്യുക.
  • ആദ്യത്തെ 6 മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുക.
  • കെയർ ടേക്കർമാർ ശരിയായ ശുചിത്വം ഉറപ്പാക്കണം.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ പ്രത്യേകം ശ്രദ്ധിക്കാം

2.5 കിലോയ്ക്ക് താഴെയാണെങ്കിൽ കുളിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ഇൻഫെക്ഷൻ വരാതെ നല്ലവണ്ണം പൊതിഞ്ഞു സൂക്ഷിക്കുക
കണ്ണ്, ചെവി, തല, ഹൃദയം എന്നിവ സ്‌ക്രീൻ ചെയ്യുക

(വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നിയോന്റോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Essential newborn care guide: Premature baby health, hygiene, bathing, umbilical cord care, feeding, diapering, and vaccinations. Keep your baby safe & healthy