പാല്‍ കുടിച്ചാല്‍ മാറുമോ അള്‍സര്‍? അറിയാം അള്‍സറിന്റെ കാരണവും പോംവഴിയും

അറിയാം അള്‍സറിന്റെ കാരണവും 
പോംവഴിയും
അറിയാം അള്‍സറിന്റെ കാരണവും പോംവഴിയും

യറിനകത്തുണ്ടാകുന്ന വ്രണമാണ് പൊതുവെ അള്‍സര്‍ എന്ന് അറിയപ്പെടുന്നത്. ചെറുമുറിവോ ദ്വാരമോ ആയി ആരംഭിക്കുന്ന അള്‍സര്‍ പിന്നീട് ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. മാറിയ ആഹാരശീലങ്ങള്‍മൂലം ചെറുപ്പക്കാര്‍ക്കിടയില്‍ അള്‍സറും അനുബന്ധ പ്രശ്‌നങ്ങളും വര്‍ധിച്ചിട്ടുണ്ട്. നിത്യജീവിതത്തില്‍ വളരെ പ്രശ്‌നം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് ഇത്. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും നെഞ്ചെരിച്ചിലും എല്ലാം ആഹാരത്തോടുതന്നെയുള്ള വിരക്തിയിലേക്ക് നയിച്ചേക്കാം.

ഗ്യാസ്ട്രിക് അള്‍സര്‍ അഥവ ആമാശയത്തിലുള്ളത്, ചെറുകുടലിന്റെ ഭാഗത്തുള്ള ഡുവോഡിനല്‍ എന്നിങ്ങനെ അള്‍സര്‍ പൊതുവേ രണ്ടുവിധമാണ് കാണുന്നത്. 

ഈ ലക്ഷണങ്ങള്‍ അറിയാം
ഭക്ഷണം കഴിക്കാനുള്ള പ്രയാസം, കഴിച്ചശേഷം വയറ്റിലുള്ള വേദന, നെഞ്ചെരിച്ചില്‍, വയര്‍ വീര്‍ക്കല്‍ തുടങ്ങിയവ അള്‍സറിന്റെ ലക്ഷണങ്ങളാണ്. തലചുറ്റല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയും അള്‍സറിന്റെ ഭാഗമായി കണ്ടേക്കാം.  

കാരണങ്ങള്‍ പലത്
അള്‍സറുണ്ടാക്കുന്ന കാരണങ്ങള്‍ പലതാണ്. വേദനസംഹാരികളുടെ അമിതോപയോഗം, ആമാശയത്തിലെ ഹെലിക്കോ ബാക്ടര്‍ പൈലോറി ബാക്ടീരിയ മൂലമുള്ള അണുബാധ എന്നിവ അള്‍സറിലേക്ക് നയിക്കാം. 

എന്‍ഡോസ്‌കോപ്പിക് പരിശോധനവഴി അള്‍സര്‍ ഉണ്ടോയെന്ന് കണ്ടെത്താം. 

ചികിത്സയുണ്ട്

  • വയറ്റില്‍ ചെറിയതോതിലുള്ള പ്രയാസങ്ങള്‍ മാത്രമേ ഉള്ളൂ എങ്കില്‍ അന്റാസിഡുകളാണ് ചികിത്സയ്ക്കായി നിര്‍ദേശിക്കാറുള്ളത്. 
  • വേദനസംഹാരികള്‍ മൂലമുള്ള അള്‍സറാണെങ്കില്‍ പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം.
  • ഹെലിക്കോ ബാക്ടര്‍ പൈലോറി ബാക്ടീരിയ മൂലമുള്ള അണുബാധയാണെങ്കില്‍ ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും.  
  • ചികിത്സാ കാലയളവില്‍ അമിതമസാലകള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കരുത്. പുകവലി, മദ്യപാനം എന്നിവയും പാടില്ല. 

പാല്‍ കുടിച്ചാല്‍
രാത്രി കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് അള്‍സറിനെ ചെറുക്കും എന്ന് പ്രചാരമുണ്ട്. ഇത് തെറ്റാണ്. മാത്രമല്ല, പ്രായക്കൂടുതലുള്ളവര്‍ പാല്‍ കുടിക്കുന്നത് ഗ്യാസ്ട്രബിളിലേക്ക് നയിക്കുകയും ചെയ്യും. 

ആഹാരശീലങ്ങള്‍ മാറ്റാം
മരുന്നിനൊപ്പം ഭക്ഷണശീലങ്ങള്‍ മാറ്റുകയും ചെയ്താല്‍ അള്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. 

  • ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. 
  • ആഹാരത്തില്‍ മസാലകളും എരിവും കുറയ്ക്കണം. ചിപ്‌സ്, മിക്‌സ്ചര്‍ എന്നിവ ഒഴിവാക്കാം. 
  • രാത്രിഭക്ഷണം ഏറെ വൈകരുത്. 
  • മാനസികസമ്മര്‍ദം വയറിന് അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാം.
     

Content Highlights: stomach ulcer and its cure