ട്രംപിന്റെ കൈകാലുകളിലെ വീക്കത്തിന് കാരണമിത്, സിരകളെ ബാധിക്കുന്ന രോഗത്തെപ്പറ്റി അറിയാം

ഡൊണാൾഡ് ട്രംപ് | AP
ഡൊണാൾഡ് ട്രംപ് | AP

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റാണ് താൻ എന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത് മാസങ്ങൾക്കുമുമ്പാണ്. രണ്ടാമതും പ്രസിഡന്റ് പദവിയിലേക്കെത്തുമ്പോഴുള്ള ആരോഗ്യപരിശോധനകൾക്ക് ശേഷമായിരുന്നു ട്രംപിന്റെ അവകാശവാദം. ഒരു നല്ല ഹൃദയവും, വളരെ നല്ലൊരു ആത്മാവും തനിക്കുണ്ടെന്ന് ആരോഗ്യത്തെപ്പറ്റി ട്രംപ് വാചാലനായി.

കൊളസ്ട്രോൾ നിയന്ത്രിക്കാൻ റോസുവാസ്റ്റാറ്റിൻ, എസെറ്റിമിബ് എന്നീ മരുന്നുകളും, ഹൃദയാരോഗ്യ സംരക്ഷണത്തിനായി ആസ്പിരിനും ഒരുതരം ചർമരോഗത്തിനായി മോമെറ്റസോൺ ക്രീമും പ്രസിഡന്റ് ഉപയോഗിക്കുന്നുണ്ടെന്ന് അന്നത്തെ ആരോഗ്യപരിശോധനയിൽ വെളിപ്പെട്ടിരുന്നു. തന്റെ നല്ല ആരോഗ്യത്തെക്കുറിച്ച് പതിവായി അദ്ദേഹം സംസാരിക്കാറുമുണ്ട്.

ഇതിനിടെ, ട്രംപിന്റെ കൈകളിലെ വീക്കവും പാടും ദിവസങ്ങൾക്കുമുമ്പാണ് മാധ്യമങ്ങളടക്കം ശ്രദ്ധിച്ചത്. പ്രായാധിക്യം കാരണം ട്രംപ് കാര്യമായ അസുഖങ്ങൾ നേരിടുന്നുണ്ടെന്ന അഭ്യൂഹം പിന്നാലെവന്നു. എന്നാൽ ഗുരുതരരോഗസാധ്യത തള്ളിക്കൊണ്ട്, ട്രംപിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന സിരകളെ ബാധിക്കുന്ന ഒരു അസുഖമുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 

ട്രംപിന്റെ കൈയിലെ പാട് മേക്കപ്പ് കൊണ്ട് മറച്ചിരിക്കുന്നു | AFP

79-കാരനായ ട്രംപിന്റെ കാലുകളിൽ നീർവീക്കം കണ്ടതോടെ ഡോക്ടറെ സമീപിച്ചു, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വെളിപ്പെടുത്തുകയും ചെയ്തു. ട്രംപിന്റെ കൈപ്പത്തിയുടെ പുറകിൽ കണ്ട പാടുകൾക്ക് സിരകളിലെ അസുഖവുമായി ബന്ധമില്ലെന്നും, ഇടയ്ക്കിടെയുള്ള ഹസ്തദാനം മൂലമുണ്ടായ ചതവാണതെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.

എന്താണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി?
70 വയസ്സിനു മുകളിലുള്ളവരിൽ സാധാരണയായി കാണുന്ന അവസ്ഥയാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസിയെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ക്യാപ്റ്റൻ സീൻ ബാർബബെല്ല മാധ്യമങ്ങളെ അറിയിച്ചു. കാലുകളിലെ സിരകൾക്ക് രക്തം ഹൃദയത്തിലേക്ക് തിരികെ പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി ഉണ്ടാകുന്നത്. ഇത് കാലുകളിൽ രക്തം കെട്ടിക്കിടക്കാൻ കാരണമാകുന്നു. സാധാരണയായി, കാലുകളിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗുരുത്വാകർഷണത്തിന് എതിരായാണ് നടക്കുന്നത്. പ്രായമായവരിൽ ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതായിരിക്കും, സിരകളിലെ വാൽവുകൾ ദുർബലമാകുന്നതാണ് കാരണം.

ലക്ഷണങ്ങൾ

  • കാലുകളിൽ രക്തം കെട്ടിക്കിടക്കുമ്പോൾ നീർവീക്കവും വേദനയുമുണ്ടാകാം
  • വേദനയും ചൊറിച്ചിലും
  • ചിലരിൽ, വേദനയേറിയ പേശിവലിവ്, കോച്ചിപ്പിടുത്തം, കാലിലെ വ്രണങ്ങൾ എന്നിവയ്ക്കും കാരണമാകും.
  • ചലനശേഷിയും ശാരീരികപ്രവർത്തനങ്ങളും കുറയ്ക്കാനിടയാക്കും.
  • വളരെ അപൂർവ്വമായി മാത്രമേ ജീവന് ഭീഷണിയാകാറുള്ളൂ.
  • ഗുരുതരമായ കേസുകളിൽ, ചർമ്മത്തിലെ മാറ്റങ്ങൾ, രക്തസ്രാവം, കാലുകളിൽ രക്തം കട്ടപിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിസ് എന്നിവയും ഉണ്ടാകാം.
  • മറ്റ് ഗുരുതരമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും, ഈ അവസ്ഥ മാത്രം ഗുരുതരമായ ഒന്നല്ല.
  • അമിതവണ്ണം, മുൻപ് രക്തം കട്ടപിടിച്ച ചരിത്രമുള്ളവർ, കൂടുതൽ നേരം നിന്ന് ജോലി ചെയ്യേണ്ടി വരുന്നവർ എന്നിവർക്കും ഇത് വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

ട്രംപിന്റെ ഡോക്ടർ പറഞ്ഞതെന്താണ്?
ഡീപ് വെയിൻ ത്രോംബോസിസിന്റെയോ ധമനികളെ ബാധിക്കുന്ന മറ്റ് രോഗങ്ങളുടെയോ ലക്ഷണങ്ങൾ ട്രംപിനില്ലെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർ സീൻ ബാർബബെല്ലയുടെ പ്രസ്താവന. ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും സാധാരണനിലയിലാണ്. വൃക്കസംബന്ധമായ തകരാറുകളില്ല. മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളുമില്ല.

കൈകളിലെ തടിപ്പിന്, ഇടയ്ക്കിടെയുള്ള ഹസ്തദാനം മൂലമുള്ള ചെറിയ മുറിവുകളും, ഹൃദ്രോഗങ്ങൾ തടയുന്നതിനായി ആസ്പിരിൻ ഉപയോഗിക്കുന്നതുമാവാം കാരണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Former US President Donald Trump, 79, diagnosed with chronic venous insufficiency, a common vein condition. White House physician confirms benign diagnosis.