മാതാപിതാക്കളുടെ തിരക്കില്‍ കുട്ടികളെ ഒഴിവാക്കാനുള്ള വഴിയല്ല; പ്ലാന്‍ ചെയ്യാം അവധിക്കാലം

പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

വധിക്കാലം എന്നാല്‍ പഠനമെല്ലാം മാറ്റിവെച്ച് വിശ്രമിക്കാനും സന്തോഷിക്കാനുമുള്ള സമയമാണ്. നീന്താന്‍, സൈക്കിൾ ചവിട്ടാന്‍... അങ്ങനെ പലകാര്യങ്ങള്‍ എല്ലാം പഠിക്കുന്നതും അവധിക്കാലത്താണ്. അച്ഛനും അമ്മയും ജോലിക്കുപോകുന്ന വീടുകളാണ് ഇന്ന് ഏറെയും. അവധിക്കാലമായാല്‍ കുട്ടികളെ എന്തുചെയ്യുമെന്ന ആശങ്കയും പല മാതാപിതാക്കള്‍ക്കുമുണ്ട്. അവരെ വീട്ടില്‍ ഒറ്റയ്ക്കാക്കുന്നത് പലപ്പോഴും സുരക്ഷിതവുമല്ല. അവധിക്കാല ക്യാമ്പുകളും ക്ലാസുകളുമൊക്കെയാണ് ഇതിന് പരിഹാരമായി മാതാപിതാക്കള്‍ കണ്ടെത്തുക. ഏത് വഴിയായാലും സുരക്ഷിതവും സന്തോഷകരവുമായ അവധിക്കാലമൊരുക്കാന്‍ നമുക്ക് കഴിയണം. മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയിലും കുട്ടികള്‍ക്ക് അവധിക്കാലം ആഘോഷമാക്കാന്‍ കുറച്ചുനേരം മാറ്റിവെക്കാം. എന്നാല്‍ ആ തിരക്കില്‍ കുട്ടികളെ ഒഴിവാക്കാനുള്ള ഇടമല്ല ഇവയൊന്നും. ഡിജിറ്റല്‍ ലോകത്തിന്റെ വെളിച്ചമില്ലാതെ പുറംലോകം കാണാന്‍ ഈ അവധിക്കാലത്ത് കുട്ടികളെ പ്രാപ്തരാക്കാം.

അവധിക്കാലം ആഘോഷമാക്കാം

  1. 60 ദിവസത്തോളമുണ്ട് അവധിക്കാലം. ഈ സമയത്ത് സ്‌ക്രീന്‍ അഡിക്ഷന് സാധ്യതയേറെയാണ്. അവധിക്കാലമായാല്‍ കുട്ടികളുടെ ദിനചര്യകളും മാറും. ഉറങ്ങുന്ന സമയവും, ഭക്ഷണസമയവും കളിക്കുന്ന നേരവുമെല്ലാം തെറ്റും. ജോലിക്കു പോകുന്ന മാതാപിതാക്കള്‍ക്ക് ഇതും വലിയ തലവേദനയാവും. ഇതിനെല്ലാം പരിഹാരമാണ് അവധിക്കാല ക്യാമ്പുകളും ക്ലാസുകളും. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളില്‍ നിന്നുള്ള മോചനം, സ്‌ക്രീന്‍ ടൈം കുറയ്ക്കാം, ദിനചര്യകള്‍ മുടങ്ങില്ല, കുട്ടിയെ വീട്ടിലൊറ്റയ്ക്കാക്കി പോകേണ്ടി വരുന്നതിന്റെ ടെന്‍ഷന്‍ ഒഴിവാക്കാം... ഇങ്ങനെ നിരവധി ഗുണങ്ങള്‍ ക്യാമ്പുകള്‍ക്കുണ്ട്.  
  2. വീട്ടില്‍ നിന്ന് മാറിനില്‍ക്കാനും അച്ഛനമ്മമാരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ക്യാമ്പുകളിലൂടെ കുട്ടികള്‍ക്ക് പഠിക്കാനാവും. കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ഏറെ സഹായകമാണ് അവധിക്കാല ക്യാമ്പുകള്‍. ഓണ്‍ലൈനായുള്ള ക്ലാസുകളൊക്കെ ഒഴിവാക്കി കുട്ടികളെ പൂര്‍ണമായും പുറംലോകത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കാം. സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, സോഷ്യല്‍ ആക്ടിവിറ്റീസ്... എന്നിങ്ങെ കുട്ടികള്‍ക്ക് ഏറെ താല്‍പര്യമുള്ള മേഖലയേതാണോ അതിലേക്ക് അവരെ അയക്കാന്‍ ശ്രദ്ധിക്കാം.  
  3. നിര്‍ബന്ധിച്ചോ വഴക്കുപറഞ്ഞോ അയക്കേണ്ട ഇടങ്ങളല്ല അവധിക്കാല ക്ലാസുകളും ക്യാമ്പുകളും. കുട്ടികള്‍ക്ക് സന്തോഷിക്കാനുള്ള ഇടങ്ങളാണ്. കൂടെയുള്ള കുട്ടികളുമായോ ഉത്തരവാദിത്തപ്പെട്ടവരുമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍, അസൗകര്യങ്ങള്‍ എന്നിവയുണ്ടായാല്‍ അവ പരിഗണിക്കുകയും പരിഹരിക്കുകയും വേണം. ക്യാമ്പുകള്‍ സുരക്ഷിതമാണോ അംഗീകൃതമാണോ എന്നെല്ലാം ഉറപ്പാക്കണം. ഭക്ഷണം, വെള്ളം, താമസം എന്നിവയെല്ലാം വൃത്തിയുള്ളതും ആരോഗ്യകരമാണെന്നും ഉറപ്പാക്കണം. ഓരോ ദിവസവും വൈകുന്നേരം കുട്ടിയോട് ക്യാമ്പിലെ വിശേഷങ്ങള്‍ തിരക്കണം. അവര്‍ പറയുന്ന ഓരോ ചെറിയ കാര്യത്തിനും ചെവികൊടുക്കാം. അവിടെ പഠിച്ച ഒരു പാട്ടോ ഡാന്‍സോ അവര്‍ അത്ര ഇഷ്ടത്തോടെ നമുക്കുമുന്നില്‍ അവതരിപ്പിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാം
  4. നമ്മുടെ കുട്ടികളില്‍ പലര്‍ക്കും അവരുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി വേണ്ടതിനേക്കാള്‍ 30 ശതമാനം ഭാരം കൂടുതലുണ്ടെന്നാണ് വിദഗ്ധപഠനങ്ങള്‍. അതിനാല്‍ തന്നെ അവധിക്കാലത്ത് യോഗ, നൃത്തം, നീന്തല്‍ പോലുള്ളവ ശീലിപ്പിക്കാം. ജങ്ക്ഫുഡുകളുടെ അമിത ഉപയോഗം അവധിക്കാലത്ത് കുട്ടികളില്‍ കൂടാറുണ്ട്. അവര്‍ പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കണം. വറുത്ത പലഹാരങ്ങള്‍ക്ക് പകരം ജ്യൂസുകള്‍, പഴവര്‍ഗ്ഗങ്ങള്‍, ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എന്നിവ നല്‍കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
  5. ഡിജിറ്റല്‍ ലോകത്ത് അവര്‍ കാണുന്നതും കേള്‍ക്കുന്നതുമെന്താണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളില്‍ സമയം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ വയ്ക്കാം. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കാം. 
  6. അവധിക്കാലത്ത് പുതുതായി ലഭിക്കുന്ന കൂട്ടുകാരെപ്പറ്റി അറിയന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ക്യാമ്പില്‍നിന്നോ ക്ലാസില്‍നിന്നോ ചുറ്റുവട്ടത്തുനിന്നോ ഇനി സോഷ്യല്‍ മീഡിയയില്‍നിന്നോ പുതിയ സൗഹൃദങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അവരാരെന്ന് അറിയാന്‍ ശ്രമിക്കാം. ലഹരി പോലുള്ള ചതിക്കുഴികളില്‍ കുട്ടികള്‍ വീഴാതിരിക്കാന്‍ ഇത് സഹായിക്കും. 
  7. അവധിക്കാലത്ത് കുട്ടികള്‍ക്കൊപ്പം ചെറുയാത്രകള്‍ പോവുക. ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ പോവുക എന്നിങ്ങനെ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം സമയം കണ്ടെത്തണം. 
  8. കായികവിനോദങ്ങള്‍, കളികള്‍ എന്നിവയ്ക്കിടെ പരിക്കേല്‍ക്കാനുള്ള സാധ്യതകളുണ്ട്. ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് കുട്ടികളോട് പറയാം. ഇനി പരിക്കുപറ്റുകയോ മറ്റോ ചെയ്താല്‍ അവരെ ശകാരിക്കുന്നതിന് പകരം സ്‌നേഹപൂര്‍വം പറഞ്ഞുമനസ്സിലാക്കാം. അടുത്തുള്ള കുട്ടികളുമൊത്ത് കളിക്കാന്‍ പോകുമ്പോള്‍ റോഡുകള്‍, മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധം നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ കളികളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. നിമയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ (പൊതുമുതല്‍ നശിപ്പിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക) ഏര്‍പ്പെടുന്നില്ലെന്നതും ഉറപ്പാക്കണം. കൗമാരക്കാരായ കുട്ടികളില്‍ പലരും മുതിര്‍ന്നവരറിയാതെ യാത്രകള്‍ പോവുകയും അപകടങ്ങളില്‍പെടുകയുമൊക്കെ ചെയ്യുന്നത് പതിവ് വാര്‍ത്തകളാണ്.  കുട്ടികള ബോധവത്ക്കരിക്കുക. അപകടങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. 


തയ്യാറാക്കിയത്: റോസ് മരിയ വിന്‍സെന്റ്

കടപ്പാട്: ഡോ. ഗംഗാ കൈലാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ

 

Content Highlights: how you can make the summer vacation useful for your kids