രോഗം വന്നേക്കാം ഓമനമൃഗങ്ങളിൽ നിന്നും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Image/Shutterstock
Image/Shutterstock

വീട്ടുകാരുടെ അരുമകളാണ് വളർത്തുമൃഗങ്ങൾ. അവയെ ഒരുക്കുന്നതിനും വളർത്തുന്നതിനുമായി എത്ര തുക വേണമെങ്കിലും ചിലവഴിക്കാൻ ആളുകൾ തയ്യാറാണ്. വീട്ടുകാർക്കൊപ്പം, അവരിലൊരാളായി ജീവിക്കുന്ന ഈ വളർത്തുമൃഗങ്ങളിൽ നിന്ന് പകരുന്ന ചില അസുഖങ്ങളുണ്ട്. അവയെ ഓമനിക്കുന്നതിനിടയിൽ ഇതിനെക്കുറിച്ച് ആളുകൾ ഓർക്കാറില്ല. ചെറിയ അശ്രദ്ധപോലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾക്ക് കാരണമാകാം. ഇത്തരം രോഗങ്ങളെ സൂനോട്ടിക് (Zoonotic) രോഗങ്ങൾ എന്നാണ് വിളിക്കുന്നത്.

രോഗം വരുന്ന വഴി

രോഗമുള്ള മൃഗത്തിന്റെ ഉമിനീർ, രക്തം, മലം, മൂത്രം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗം പ്രധാനമായി മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോഴും രോഗബാധയുണ്ടാവാം.

  • മൃഗങ്ങളുടെ കൂട്, ബാക്കിയായ ആഹാരം, ശരീരസ്രവം കലർന്ന മണ്ണ് എന്നിവയിലൂടെയും രോഗം പകരാം.
  • രോഗമുള്ള മൃഗങ്ങളെ കടിച്ച കൊതുക്, ചെള്ള് എന്നിവ മനുഷ്യരെ കടിച്ചാലും രോഗബാധയുണ്ടാവാം.

ഈ രോഗങ്ങളെ കരുതാം

പേവിഷബാധ

മൃഗങ്ങളിൽ നിന്ന് പകരുന്ന പ്രധാന രോഗം. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലും സ്രവങ്ങളിലും കാണുന്ന വൈറസ്, മൃഗങ്ങൾ കടിക്കുമ്പോൾ മനുഷ്യരിലേക്ക് പകരും.

ചികിത്സ: പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പുകൾ കൃത്യമായ ഇടവേളകളിൽ സ്വീകരിക്കണം. മൃഗങ്ങളുടെ പല്ലോ നഖമോ കൊണ്ട് മുറിവുണ്ടായാൽ സോപ്പും വെള്ളവും ഉപയോഗിച്ച് പതിനഞ്ച് മിനിറ്റോളം കഴുകണം.

ബ്രൂസല്ലോസിസ്

ആട്, പശു, പന്നി, നായ എന്നീ മൃഗങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. കൂടിയും കുറഞ്ഞും നിൽക്കുന്ന പനി, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.

ചികിത്സ: മൃഗങ്ങളുമായി ഇടപഴകുമ്പോൾ ഗ്ലൗസ്, മാസ്‌ക്, ഏപ്രൺ എന്നിവ ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം.

വിരരോഗങ്ങൾ

നായകളിലും പൂച്ചകളിലും കന്നുകാലികളിലും കാണുന്ന പലതരം വിരരോഗങ്ങൾ മനുഷ്യരിലേക്ക് പടരാറുണ്ട്. ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

ചികിത്സ: മൃഗങ്ങളെ കൃത്യമായ ഇടവേളകളിൽ വിരയിളക്കണം. മൃഗങ്ങളുമായി ഇടപഴകിയ ശേഷം കൈകൾ വൃത്തിയായി കഴുകണം.
 

Image/Shutterstock


മുൻകരുതലെടുക്കാം

  • മൃഗങ്ങളെ പരിപാലിക്കുമ്പോൾ ഗ്ലൗസ് ധരിക്കണം. അവയ്ക്കുള്ള പാൽ, വെള്ളം എന്നിവ നന്നായി തളപ്പിച്ചുമാത്രം ഉപയോഗിക്കാം.
  • വളർത്തുമൃഗങ്ങളുടെ മലമൂത്രവിസർജ്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
  • മൃഗങ്ങൾക്ക് ആവശ്യമായ വാക്‌സിനുകൾ എടുക്കുക.
  • മൃഗങ്ങളുമായി ഇടപഴകുന്നവർ ടെറ്റനസ്, പേവിഷബാധ എന്നിവയ്‌ക്കെതിരായ കുത്തിവെപ്പെടുക്കണം.
  • രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യസഹായം തേടണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: How to Prevent Diseases Spread by Your Pets: A Complete Guide