കൊഴുപ്പിനെ വലിച്ചെടുത്ത് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ ലൈപ്പോസക്ഷന്

എന്തൊരു തടിയാണ് ഇത്? ഏത് റേഷന്‍ കടയില്‍ നിന്നാണ് അരിവാങ്ങുന്നത്? രാവിലെ എഴുന്നേറ്റ് ഓടണം കേട്ടോ, മടിപിടിച്ചിരിക്കുന്നത് കൊണ്ടാണ് വയര്‍ ചാടുന്നത്... അമിതവണ്ണത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതോടൊപ്പം മാനസികമായി കൂടി തളര്‍ത്തിക്കളയുന്ന ഇത്തരം ബോഡിഷെയിമിങ് അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കുറച്ചിട്ടും ഫലമില്ലാത്തതിനാല്‍ പട്ടിണിപോലും കിടക്കുന്നവരുണ്ട് കൂട്ടത്തില്‍. എന്നിട്ടും വണ്ണം കുറയാത്ത അവസ്ഥ. ഡയറ്റിങ്ങും വ്യായാമവും കൊണ്ടും വയറ് കുറയാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാണ് ലൈപ്പോസക്ഷന്‍ എന്ന നൂതന ചികിത്സാരീതി. ജീവിതശൈലി നിയന്ത്രണവും, വ്യായാമവും, ഭക്ഷണക്രമീകരണവുമൊന്നും ഫലപ്രദമാകാത്തവര്‍ക്കാണ് ഈ ചികിത്സാരീതി നിര്‍ദ്ദേശിക്കപ്പെടുന്നത്. അമിതവണ്ണം കുറയ്ക്കുക, കുടവയര്‍ കുറയ്ക്കുക, സ്തനങ്ങളുടെ അമിത വലിപ്പം കുറയ്ക്കുക തുടങ്ങിയ നേട്ടങ്ങള്‍ ഇത്തരം ശസ്ത്രക്രിയകളിലൂടെ സാധ്യമാക്കാനാവും.
കൊഴുപ്പിനെ വലിച്ചെടുത്ത് അമിതവണ്ണത്തെ ഇല്ലാതാക്കുന്ന രീതിയാണ് ലൈപ്പോസക്ഷന്‍. പ്രശസ്തരായ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധനാണ് ഈ ചികിത്സ ചെയ്യുന്നത്. അമിതമായ കൊഴുപ്പ് വലിച്ചെടുത്ത് കളയുമ്പോള്‍ സ്വാഭാവികമായും ശരീരത്തിന്റെ വണ്ണം കുറയുകയും ആകാരഭംഗി ലഭിക്കുകയും ചെയ്യും. പുരുഷന്മാരിലെ സ്തനങ്ങളുടെ അമിത വളര്‍ച്ച (GYNECOMASTIA) യ്ക്കുള്ള ചികിത്സക്കും മന്ത്പോലുള്ള അസുഖം ബാധിച്ചവരിലെ ശരീരഭാഗങ്ങളുടെ അമിതമായ വലുപ്പം കുറയ്ക്കാനും ലൈപ്പോസക്ഷന്‍ സഹായകരമാകാറുണ്ട്. കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടിയ ഭാഗങ്ങളെ തിരിച്ചറിഞ്ഞശേഷം ശരീരഭാഗത്ത് വളരെ ചെറിയ കീ ഹോള്‍ സുഷിരങ്ങള്‍ സൃഷ്ടിച്ച് അവിടെ കൊഴുപ്പിനെ ദ്രാവകരൂപത്തിലേക്ക് മാറ്റാനുള്ള മരുന്നുകള്‍ കുത്തിവെക്കുകയാണ് പ്രാഥമിക ഘട്ടം. ദ്രാവക രൂപത്തിലായ കൊഴുപ്പ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പമ്പ് ഉപയോഗിച്ച് ഫലപ്രദമായി വലിച്ചെടുക്കുന്നു. അഞ്ച് ലിറ്റര്‍ കൊഴുപ്പ് വരെ ഒരു സമയം നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നേട്ടങ്ങള്‍
- അമിതമായി ചാടിയ വയര്‍ ഇല്ലാതാകുന്നതോടൊപ്പം ശരീരത്തിന് മികച്ച ആകാരഭംഗി ലഭ്യമാകുന്നു.
- ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നീക്കം ചെയ്യാന്‍ സാധിക്കാത്ത കൊഴുപ്പ് കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നു.
- ശരീരത്തിന്റെ ക്രമരഹിതമായ അവസ്ഥമൂലം ഉണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകളെ അതിജീവിക്കാനും ആത്മവിശ്വാസം ആര്‍ജിക്കാനും സാധിക്കുന്നു.
- താരതമ്യേന സങ്കീര്‍ണ്ണതകള്‍ കുറവാണ്.
- ദൈനംദിന ജീവിതത്തിലേക്ക് അതിവേഗത്തിലുള്ള മടങ്ങിവരവ്.
ആര്‍ക്കൊക്കെ ലൈപ്പോസക്ഷന്‍ നിര്‍വ്വഹിക്കാം?
എല്ലാവര്‍ക്കും അനുയോജ്യമായ പ്രൊസീജ്യര്‍ അല്ല ഇത്. അമിതഭാരം കുറയ്ക്കുക എന്നതിലുപരി അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്ത് ശരീരത്തിന്റെ ആകാരവടിവ് ക്രമീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിധേയനാകുന്ന വ്യക്തിയെ ഡോക്ടര്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമാണ് ലൈപ്പോസക്ഷന് അനുയോജ്യനാണോ അല്ലയോ എന്ന് നിര്‍ദ്ദേശിക്കുകയുള്ളൂ.
Content Highlights: the benefits of liposuction