കൈമുട്ടിനെ കുടുക്കുന്ന ടെന്നിസ് എൽബോ

സദ്യയ്ക്ക് നാലു കൂട്ടം കറികൾ എന്നതുപോലെ, ഇന്നത്തെ കാലത്ത് മരുന്നു കഴിപ്പും നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പല ആരോഗ്യപ്രശ്‌നങ്ങളും കൃത്യമായ വിശ്രമം നൽകിയാൽ തന്നെ ഭേദമാക്കാവുന്നതാണ്. ആഹാരം, വെള്ളം, വെളിച്ചം എന്നിവ മനുഷ്യന് അത്യാവശ്യമായ ഘടകങ്ങളാണെന്നും ഓർക്കണം. പേശീ-അസ്ഥി സംബന്ധമായ പല വേദനകളും നീർവീക്കമായി മാറാറുണ്ട്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് വിശ്രമം, ലഘുവായ വ്യായാമം, തണുപ്പോ ചൂടോ ഏൽപ്പിച്ചുള്ള ചികിത്സ എന്നിവ നൽകി ഇതൊഴിവാക്കാം. കൈമുട്ടിലെ സന്ധിവേദന അഥവാ ടെന്നീസ് എൽബോയും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്താണ് ടെന്നീസ് എൽബോ
കൈമുട്ടിലെ സ്‌നായുക്കൾ അമിതമായി ഉപയോഗിക്കുന്നത് മൂലം അവിടെയുണ്ടാകുന്ന പരിക്കോ നീർവീക്കമോ ആണ് ഈ അവസ്ഥയ്ക്ക് കാരണം. പേര് സൂചിപ്പിക്കുന്നത് പോലെ ടെന്നീസ് കളിക്കാർക്കിടയിൽ ഇത് സാധാരണമാണെങ്കിലും, കൈമുട്ടിന് ആവർത്തിച്ച് ആയാസം നൽകുന്ന ജോലികൾ ചെയ്യുന്ന ആർക്കും ഈ പ്രശ്‌നം വരാം.
കൈത്തണ്ടയിലെ പേശികളെ കൈമുട്ടുമായി ബന്ധിപ്പിക്കുന്ന സ്‌നായുക്കൾക്ക് അമിത സമ്മർദ്ദം ഏൽക്കുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത്. കൈകൾ മുന്നോട്ട് നീട്ടി വശങ്ങളിൽ ചേർത്തുപിടിക്കുമ്പോൾ, കൈമുട്ടിന്റെ പുറംഭാഗത്താണ് ഈ വീക്കം ഉണ്ടാകുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പത്തിൽ ഒൻപത് പേർക്കും കായികവിനോദങ്ങൾ അല്ലാത്ത കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്.
പ്രധാന ലക്ഷണങ്ങൾ
- കൈമുട്ടിന്റെ പുറംഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ വേദന.
- കൈമുട്ടിന് അനുഭവപ്പെടുന്ന തരിപ്പും ചലനശേഷിക്കുറവും.
- നീർവീക്കം.
- പിടിത്തം ദുർബലമാകുക (ഉദാഹരണത്തിന്: പേനയോ മറ്റ് ഉപകരണങ്ങളോ പിടിക്കാൻ പ്രയാസം തോന്നുക).
- മുനയുള്ള വേദനയോ എരിച്ചിലോ അനുഭവപ്പെടാം.
- കൈ മടക്കുമ്പോഴോ വാതിൽപ്പിടി തിരിക്കുമ്പോഴോ വേദന വർധിക്കുക.
- രാത്രികാലങ്ങളിൽ വേദന കൈമുട്ടിൽ നിന്ന് കൈത്തണ്ടയിലേക്ക് വ്യാപിക്കും.
മിക്കവാറും ആളുകളിൽ അവർ കൂടുതൽ ഉപയോഗിക്കുന്ന കൈയിലാണ് ഈ പ്രശ്‌നം കാണാറുള്ളത്. എന്നാൽ അപൂർവ്വമായി രണ്ട് കൈകളേയും ഇത് ബാധിക്കാം.
വേണം വിശ്രമം
കൃത്യമായ വിശ്രമം നൽകിയില്ലെങ്കിൽ സ്‌നായുക്കൾ പൊട്ടാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയിൽ ഇത് പൂർണ്ണമായി ഭേദമാകാൻ ആറ് മാസം മുതൽ ഒരു വർഷം വരെ സമയം എടുത്തേക്കാം.
ആയുർവേദ മാർഗ്ഗങ്ങൾ
- അഭ്യംഗം കൈമുട്ടിൽ ഔഷധ തൈലങ്ങൾ ഉപയോഗിച്ച് തിരുമ്മുന്നത് വാതദോഷം കുറയ്ക്കാനും വേദന ശമിപ്പിക്കാനും സഹായിക്കും. മഹാനാരായണ തൈലം, ക്ഷീരബല തൈലം, ധന്വന്തരം തൈലം തുടങ്ങിയവ ഉപയോഗിക്കാം.
- സ്വേദനം നാഡീ സ്വേദം പോലുള്ള ആവി പിടിക്കുന്ന ചികിത്സാരീതികൾ ചെയ്യുന്നതും വഴി വേദനയും തരിപ്പും കുറയുന്നു. രക്തയോട്ടം വർധിക്കുന്നു.
- ലേപം നീർവീക്കം കുറയ്ക്കാൻ ഔഷധക്കൂട്ടുകൾ പുറമെ പുരട്ടാവുന്നതാണ്. കരുനൊച്ചി, ആവണക്ക്, അരത്ത എന്നിവ ഇതിനായി ഉപയോഗിക്കുന്നു.
- ബന്ധനം സന്ധികൾക്ക് വിശ്രമം നൽകുന്നതിനായി തുണികൊണ്ടുള്ള കെട്ടും പട്ടകൊണ്ടുള്ള താങ്ങും നല്ലതാണ്.
ഔഷധങ്ങൾ ആയുർവേദ വൈദ്യന്റെ നിർദ്ദേശപ്രകാരം യോഗരാജ ഗുഗ്ഗുലു/മഹായോഗരാജ ഗുഗ്ഗുലു, ദശമൂലം കഷായം തുടങ്ങിയവ ഉപയോഗിക്കാം. ഇവ വാതവും നീർവീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ
- ആവണക്കെണ്ണ ചൂടാക്കി മൃദുവായി തടവുക.
- ചൂട് പിടിക്കുക.
- കൈമുട്ടിന് ആവർത്തിച്ച് ആയാസം നൽകുന്ന ജോലികൾ ഒഴിവാക്കുക.
- കൈത്തണ്ട വലിയുന്ന രീതിയിലുള്ള ലഘുവായ വ്യായാമങ്ങൾ ശീലിക്കുക
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tennis Elbow is caused by repetitive stress on forearm tendons, not just sports., Common symptoms include localized pain, weakness in grip, and stiffness., Ayurvedic treatments like Abhyanga and Swedana effectively reduce Vata and inflammation., Recovery requires consistent rest and ergonomic adjustments to daily activities.