ക്യാന്‍സര്‍ തിരിച്ചുവരുന്നത് തടയാൻ മരുന്നു കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍; 100 രൂപയ്ക്ക് ലഭ്യമാകും

ഒരിക്കല്‍ ചികിത്സിച്ചശേഷം ഒരാളുടെ ശരീരത്തില്‍ ക്യാന്‍സര്‍ തിരിച്ചുവരുന്നത് തടയാന്‍ മരുന്നു കണ്ടുപിടിച്ച് ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍. 100 രൂപയുടെ മരുന്നുകൊണ്ട് ഈ പ്രതിരോധശേഷി കൈവരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്യാന്‍സര്‍ കോശങ്ങള്‍ പുനരുജ്ജീവിക്കുന്നത് തടയുന്നതിനൊപ്പം ആളുകള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമായേക്കുമെന്നുള്ളതാണ് മരുന്നിന്റെ പ്രത്യേകത. ക്യാന്‍സര്‍ ചികിത്സയിലെ നിര്‍ണായകമായ കണ്ടുപിടിത്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രാജേന്ദ്ര ബദ്വേയാണ് എന്‍.ഡി.ടി.വി.ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ടാറ്റയിലെ ഡോക്ടര്‍മാര്‍ പത്തുവര്‍ഷത്തോളമാണ് ഈ മരുന്നു വികസിപ്പിക്കുന്നതിനുവേണ്ടി പരീക്ഷണങ്ങള്‍ നടത്തിയതെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ജൂണ്‍-ജൂലായ് മാസത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുമതി കിട്ടുന്നതോടെ കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ 50 ശതമാനത്തോളവും രോഗം തിരിച്ചുവരുന്നത് 30 ശതമാനത്തോളവും കുറയ്ക്കാനാവുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.
കീമോതെറാപ്പിയ്ക്കും റേഡിയോ തെറാപ്പിക്കും ശേഷം നശിക്കുന്ന കോശങ്ങള്‍ ക്രോമാറ്റിന്‍ എന്ന കണികകള്‍ പുറത്തുവിടും, ആരോഗ്യമുള്ള കോശങ്ങളെയും ക്യാന്‍സര്‍ ബാധിക്കാന്‍ ഈ ക്രോമാറ്റിന്‍ കണികകള്‍ കാരണമാകും. ഈ ക്രോമാറ്റിന്‍ കണികകളെ നശിപ്പിക്കാനും കീമോതെറാപ്പിക്ക് വിധേയരായ രോഗികളില്‍ വിഷാംശം നിയന്ത്രിക്കാനും പുതിയ മരുന്നിനാവുമെന്നാണ് കണ്ടെത്തല്‍.
പരീക്ഷണത്തിനായി മനുഷ്യനിലെ സ്തനാര്‍ബുദ കോശങ്ങള്‍ ആദ്യം എലികളിലെത്തിച്ചു. ആറാഴ്ചയ്ക്കുള്ളില്‍ ചെറിയ ട്യൂമര്‍ എലികളില്‍ വളര്‍ന്നു. ചികിത്സയുടെ അടിസ്ഥാനത്തില്‍ എലികളെ മൂന്നു സംഘങ്ങളായി തിരിച്ചു, കീമോതെറാപ്പി, റേഡിയോ തെറാപ്പി, സര്‍ജറി എന്നിങ്ങനെ. ചികിത്സയ്ക്കുശേഷം എലികളുടെ കോശത്തില്‍ ക്രോമാറ്റിന്‍ വര്‍ധിക്കുന്നതായി കണ്ടു. ക്രോമാറ്റിനെ നശിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ റെസവിറേട്രോള്‍, കോപ്പര്‍ എന്നിവയടങ്ങിയ പ്രോ-ഓക്‌സിഡന്റ് ടാബ്ലറ്റുകള്‍(resveratrol and copper (R+Cu)) വികസിപ്പിച്ച് എലികള്‍ക്കുനല്‍കി, അത് ഫലം കാണുകയും ചെയ്തു.
അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍, റഷ്യന്‍ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ വാക്സിനുകള്‍ വികസിപ്പിക്കുന്നുണ്ടെന്നും വൈകാതെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Content Highlights: tablet to prevent resurgence of cancer developed by tata memorial centre