പ്രമേഹപരിശോധനയ്ക്ക് സമയമായോ? അറിയാം ശരീരം പറയുന്ന ഈ ലക്ഷണങ്ങള്‍

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

പ്രമേഹം പകര്‍ച്ചവ്യാധിപോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി വരുന്നതിന് പുറമേ മോശം ജീവിതശൈലിയിലൂടെ പ്രമേഹത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ട് മലയാളികള്‍. നേരത്തേ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ പ്രമേഹം നിയന്ത്രിക്കാവുന്നതേയുള്ളൂ. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍, ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ അറിയാം. 

ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാം
മാറിയ ജീവിതശൈലി, പ്രമേഹം നേരത്തേ എത്തുന്നതിന് കാരണമാകുന്നുണ്ട്. അമിതഭക്ഷണം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രമേഹത്തിലേക്ക് നയിച്ചേക്കാം. പ്രമേഹമുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അവ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. 

  • മുന്‍പില്ലാത്ത തരത്തിലുള്ള അമിതമായ ദാഹം, വിശപ്പ്. 
  • മതിയായ കാരണമില്ലാതെ ശരീരഭാരം കുറയുന്നു.
  • മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നു. 
  • ഇടയ്ക്കിടെ മൂത്രം പോകുന്നു, ഉറങ്ങാന്‍ താമസിക്കുന്നു. 

ആരെല്ലാം ടെസ്റ്റ് ചെയ്യണം
മുകളില്‍ പറഞ്ഞ ശാരീരികലക്ഷണങ്ങളുള്ളവര്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നീ പ്രയാസങ്ങളുള്ള മാതാപിതാക്കളുടെ മക്കള്‍ നിര്‍ബന്ധമായി പ്രമേഹപരിശോധന നടത്തണം. 

ടെസ്റ്റിന് മുന്‍പ്
വെറുംവയറ്റിലെ ഷുഗര്‍ പരിശോധന, ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിലുള്ളത്, കഴിഞ്ഞ മൂന്ന് മാസത്തെ ബ്ലഡ് ഷുഗറിന്റെ ശരാശരി കണക്കാക്കുന്ന എച്ച്.ബി.എ.വണ്‍.സി. എന്നിവയാണ് പ്രധാന പരിശോധനകള്‍. 
* ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ് വെറുംവയറ്റില്‍ ചെയ്യണം. അതായത് രാത്രിഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഇടവേള വേണം. 
* പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഭക്ഷണശേഷമുള്ള ഷുഗര്‍ പരിശോധിക്കുന്നതിന് മുന്‍പ് മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. 


റിസൾട്ട്‌ നോര്‍മലാണോ?
ഭക്ഷണത്തിന് മുന്‍പുള്ള രക്തത്തിലെ ഷുഗര്‍നില 70-നും 99നും (70-99mg/dl) ഇടയ്ക്കാണെങ്കില്‍ ഷുഗര്‍ നോര്‍മല്‍ ആണെന്ന് അനുമാനിക്കാം. ഭക്ഷണത്തിന് ശേഷമുള്ള ഷുഗര്‍നില 140mg/dl -ല്‍ കുറവായിരിക്കണം. മാത്രമല്ല എച്ച്.ബി.എ.വണ്‍.സി. 5.7ശതമാനത്തില്‍ താഴെയുമായിരിക്കണം. 

പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിട്ടുണ്ടെന്ന് കണ്ടാല്‍ തുടര്‍ചികിത്സയ്ക്കായി തയ്യാറെടുക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ക്ക് പുറമേ കൃത്യമായ ജീവിതശൈലി നിയന്ത്രണവും ആവശ്യമാണ്. 

  • കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവുമാണ് മരുന്നുകള്‍ക്കൊപ്പം പ്രധാനമെന്ന് മനസ്സിലാക്കണം.
  • ദിവസവും കുറഞ്ഞത് 45 മിനുറ്റെങ്കിലും വ്യായാമം ചെയ്യണം. 
  • എയ്‌റോബിക്‌സ്, സ്‌ട്രെങ്ത്ത് ട്രെയിനിങ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കണം വ്യായാമം.
  • ജീവിതശൈലി മാറ്റങ്ങള്‍കൊണ്ട് ടൈപ്പ് 2 പ്രമേഹം മരുന്നില്ലാതെ വര്‍ഷങ്ങളോളം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കണം.
     

Content Highlights: Diabetes symptoms and its treatment