വ്യക്തികളുടെ പേരുകള്‍ മറന്നുപോവുകയോ, പരിചിതമായ വഴികള്‍ മാറിപ്പോവുകയോ ചെയ്യുന്നുണ്ടോ?

ഡിമന്‍ഷ്യ ഒരു പ്രത്യേകരോഗമല്ല, വിവിധ രോഗലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അവസ്ഥയാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ ചുരുക്കത്തിനനുസരിച്ച് ഡിമന്‍ഷ്യ പലതരത്തിലുണ്ട്.
അല്‍ഷീമേഴ്സ് ഡിമന്‍ഷ്യ
ഡിമന്‍ഷ്യയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന വിഭാഗമാണിത്. ആകെയുള്ള ഡിമന്‍ഷ്യ രോഗികളില്‍ എഴുപത് ശതമാനംപേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. തലച്ചോറില്‍ പുത്തന്‍ ഓര്‍മ്മകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇതിന്റെ പ്രാരംഭലക്ഷണം. ഹിപ്പോകാമ്പസ് എന്ന പ്രത്യേകഭാഗത്തെ ഓര്‍മ്മകളുടെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന അമിതമായ ശോഷണമാണിതിനു കാരണം. കുറച്ചുദിവസങ്ങള്‍, ആഴ്ചകള്‍ മുന്‍പുവരെയുള്ള ഓര്‍മ്മകള്‍ (Recent Memory) നഷ്ടപ്പെടുന്ന അവസ്ഥയാണിതിന്റെ ആരംഭം.
വ്യക്തികളുടെ പേരുകള്‍ മറന്നുപോകുക, സാധനങ്ങള്‍ വെച്ച സ്ഥലം ഓര്‍മ്മയില്ലാതാകുക, അടുത്തഘട്ടത്തില്‍ പരിചിതമായ വഴികള്‍ മാറിപ്പോകുക എന്നിവ കണ്ടുവരുന്നു. ഇത്തരം രോഗികളില്‍ പിന്നീട് വിഭ്രാന്തി, ഇല്ലാത്തതുകാണുക (Hallucination), വിഷാദം, വ്യക്തിശുചിത്വം പാലിക്കാന്‍ കഴിയാതിരിക്കുക, ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലാതാകുക, ക്രമേണ കിടപ്പിലാകുക എന്നിങ്ങനെയാണ് അല്‍ഷീമര്‍ രോഗത്തിന്റെ പരിണാമദശകള്‍.
വാസ്‌ക്കുലാര്‍ ഡിമന്‍ഷ്യ
തലച്ചോറിലെ ഓര്‍മ്മകള്‍ നിയന്ത്രിക്കുന്ന ഭാഗങ്ങളിലുണ്ടാകുന്ന സ്ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇവിടെ അല്‍ഷീമര്‍ രോഗത്തില്‍നിന്നും വിഭിന്നമായി പെട്ടെന്നാണ് മറവി, രോഗിയെ ബാധിക്കുന്നത്. മാത്രവുമല്ല ഈ രോഗം ഘട്ടംഘട്ടമായി, പലതവണ സ്‌ട്രോക്ക് വരുന്നതിന്റെ ഭാഗമായി, മൂര്‍ച്ഛിയ്ക്കുകയാണ് ചെയ്യുന്നത്. ഒരു പരിധിവരെ ചികിത്സയോട് പ്രതികരിക്കുകയും ചെയ്യും.
ഫ്രോണ്ടോ ടെംപൊറല്‍ ഡിമന്‍ഷ്യ (Fronto Temporal Dementia)
അല്‍ഷീമര്‍ രോഗമല്ലാതെയള്ള നാഡീകോശങ്ങളുടെ ശോഷണം കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. ഇവിടെ ആദ്യഘട്ടത്തില്‍ മറവിയോടൊപ്പമോ അതിനുമുന്‍പോ ആയി സമൂഹത്തില്‍നിന്നുള്ള ഉള്‍വലിയല്‍, വിഷാദം എന്നിവ വളരെ പ്രകടമായിത്തന്നെ കാണുന്നു. കൂടാതെ രോഗിയുടെ ചലനം പതുക്കെയാകുകയും, മലമൂത്രവിസര്‍ജ്ജനത്തെ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
ഡിമന്‍ഷ്യ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍
- എല്ലാത്തരം ഡിമന്‍ഷ്യയും പ്രായം കൂടുന്നതിനനുസരിച്ച് വരാനുള്ള സാധ്യത കൂടിവരുന്നു
- പാരമ്പര്യം
- അമിതമദ്യപാനം, പുകവലി
- പ്രമേഹം, രക്താദിമര്‍ദ്ദം, രക്തത്തില്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ്
- പുരുഷന്മാരിലും ഏകാന്തജീവിതം നയിക്കുന്നവരിലും ഡിമന്‍ഷ്യ കൂടുതലായി കണ്ടുവരുന്നു.
- അള്‍ഷീമര്‍ രോഗം ഡിമന്‍ഷ്യയുടെ ഒരു ഉപവിഭാഗമാണ്. ഇതുകൂടാതെ വാസ്‌ക്കുലാര്‍ ഡിമന്‍ഷ്യ, ഫ്രോണ്ടോ ടെംപൊറല്‍ ഡിമന്‍ഷ്യ, മറ്റു പല രോഗങ്ങളുടെയും അനുബന്ധമായും ഡിമന്‍ഷ്യ ഉണ്ടാകാം.
- ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഡിമന്‍ഷ്യയും കൂടിവരും. ചികിത്സാസംവിധാനങ്ങളുടെ ലഭ്യതയും, സമൂഹത്തിന്റെ രോഗത്തെക്കുറിച്ചുള്ള അവബോധവും കൂടുതലായി രോഗം നേരത്തേ കണ്ടുപിടിക്കുന്നതിനു സഹായകരമായിട്ടുണ്ട്.
ചെറുതായുള്ള മറവി (Mild Cognitive Impairment)
- മറവിയുടെ പ്രാരംഭദശയാണിത്. എന്നാലിത് വ്യക്തിജീവിതത്തിലെ സ്വയംപര്യാപ്തത നിലനിര്‍ത്തുന്നതിനു തടസ്സമാകുന്നില്ല
- ഇവരില്‍ പ്രതിവര്‍ഷം 10% പേര്‍ അല്‍ഷീമര്‍ രോഗത്തിന് അടിമപ്പെടുന്നതായി കാണുന്നു.
- കായികവിനോദം, വാദ്യോപകരണങ്ങളുടെ ഉപയോഗം, പുസ്തകവായന, കൂട്ടായ്മകളിലെ പങ്കാളിത്തം എന്നിവ ഈ അവസ്ഥയില്‍നിന്നും രോഗം മൂര്‍ച്ഛിക്കുന്നത് തടയുവാന്‍ ഗുണകരമാണ്.
അല്‍ഷീമര്‍ രോഗികളോട് എങ്ങനെ പെരുമാറണം? രോഗികളെ പരിചരിക്കുന്ന വീട്ടുകാര്‍ക്ക് വലിയ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കാര്യമാണിത്. വൈകുന്നേരം ഒക്കെ ആവുമ്പോഴേക്കും ഓര്‍മ്മക്കുറവ് മൂര്‍ച്ഛിക്കുകയോ വിഭ്രാന്തിയില്‍ വീഴുകയോ ചെയ്യാം. ഓര്‍മ ക്രമേണ നഷ്ടപ്പെടുന്ന രോഗികളോട് നല്ല ക്ഷമയും അനുതാപവും നമ്മള്‍ പുലര്‍ത്തണം. അവര്‍ രോഗികളാണ് എന്ന് നമ്മള്‍ ഓര്‍ക്കണം. തൊട്ടടുത്തു നടന്ന കാര്യങ്ങള്‍ പോലും പെട്ടെന്ന് മറക്കുന്നുണ്ട്. വീട്ടിലെ തന്നെ മറ്റുള്ളവരോട് അങ്ങനെ പറഞ്ഞതാണല്ലോ എന്നെല്ലാം സൂചിപ്പിച്ചു തര്‍ക്കിക്കാന്‍ പോകരുത്. അവര്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്ന് മാറുമ്പോള്‍ അവര്‍ നല്ലതുപോലെ പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്നുണ്ടാവാം. കുറച്ചെല്ലാം അവരെ സമാധാനിപ്പിക്കുന്ന ഒരു പെരുമാറ്റമാണ് നല്ലത്.
(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും & ഡെപ്യൂട്ടി ചീഫുമാണ് ലേഖകന്‍)
Content Highlights: symptoms of alzheimer's disease and everything you need to know about