സ്വീഡിഷ് മന്ത്രിക്ക് പഴംപേടി, എന്താണ് ബനാന ഫോബിയ

വാഴപ്പഴം | Shutterstock
വാഴപ്പഴം | Shutterstock

പഴത്തെ ഇതിനുമാത്രം പേടിക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ജീവിതകാലം മുഴുവന്‍ വാഴപ്പഴത്തെ പേടിച്ച് കഴിയേണ്ടി വരുന്ന മനുഷ്യരുണ്ട് ഈ ലോകത്ത്. അത്യപൂര്‍വമായ ബനാനഫോബിയ എന്ന അവസ്ഥയുള്ളവര്‍ക്ക് വാഴപ്പഴം കാണുന്നതും മണപ്പിക്കുന്നതും ഉത്കണ്ഠയും ഓക്കാനവുമുണ്ടാക്കും. പഴത്തെ ഒരുനോക്ക് കണ്ടാല്‍ മതി, അലര്‍ജിയോ ഓക്കാനമോ ഒക്കെ വന്ന് അവര്‍ അസ്വസ്ഥരാവും. പഴമുള്ള മുറിയില്‍ പോലും പ്രവേശിക്കാന്‍ ഇവര്‍ക്ക് ഭയമാണ്. 

സ്വീഡനിലെ ജെന്‍ഡര്‍ ഇക്വാലിറ്റി വിഭാഗം മന്ത്രിയായ പൗളിന ബ്രാന്‍ഡ്‌ബെര്‍ഗിന്റെ വാഴപ്പഴപ്പേടിയാണ് ഈ അവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ച സജീവമാക്കിയിരിക്കുന്നത്. മന്ത്രി സന്ദര്‍ശനത്തിനെത്തുന്നതിനു മുമ്പേ എവിടെയെങ്കിലും പഴമുണ്ടെങ്കില്‍ അത് നീക്കണമെന്നാവശ്യപ്പെട്ട് സ്റ്റാഫുകള്‍ക്ക് ഔദ്യോഗികമായി ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ലോകത്തെ ഏറ്റവും മോശമായ ഫോബിയ തനിക്കുണ്ടെന്ന് 2020-ല്‍ അവര്‍ എക്‌സില്‍ കുറിക്കുകയും ചെയ്തിരുന്നു. സ്വീഡിഷ് പൊതുപ്രവര്‍ത്തകയായ തെരേസ കാര്‍വാലോയും തനിക്ക് ബനാന ഫോബിയയുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.  

പൗളിന ബ്രാന്‍ഡ്‌ബെര്‍ഗ് 

ലോകത്ത് വളരെക്കുറച്ച് ആളുകള്‍ക്കേ ബനാനഫോബിയ സ്ഥിരീകരിച്ചിട്ടുള്ളൂ. കൂടുതല്‍ പേരിലും കുട്ടിക്കാലം മുതല്‍ തന്നെ ഇതിന്റെ ലക്ഷണമുണ്ടാകും. ബുദ്ധിമുട്ട് മനസ്സിലാക്കാതെ മാതാപിതാക്കളോ പരിചരിക്കുന്നവരോ അത്തരം കുട്ടികളെ വാഴപ്പഴം കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ വയറ്റിലെ അസ്വസ്ഥതകളിലോ ഛര്‍ദ്ദിയിലോ ഒക്കെയായിരിക്കും അതവസാനിക്കുക. വാഴപ്പഴത്തിന്റെ രുചിയോ മണമോ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അമിതമായി പഴുത്ത വാഴപ്പഴം കഴിക്കുന്നത് കാണുമ്പോള്‍ 'ഒച്ചുകളെ' കഴിക്കുന്നതുപോലെ തോന്നാറുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.

ബനാനാഫോബിക് ആയ ഒരു സ്ത്രീയുടെ അനുഭവമിങ്ങനെ. കുട്ടിക്കാലത്ത് സഹോദരന്‍ അവരുടെ കട്ടിലില്‍ ഒരു വാഴപ്പഴം കൊണ്ടിട്ടു. അവരാണെങ്കില്‍ അറിയാതെ അതില്‍ കിടക്കുകയും അത് ചതയുകയും ചെയ്തു. അപ്പോള്‍ അനുഭവിച്ച തണുപ്പും മെലിഞ്ഞ എന്തിന്റെയോ മുകളില്‍ കിടക്കുന്നതുപോലെ തോന്നിയതും അവളില്‍ അസ്വസ്ഥതയുണ്ടാക്കി. ഒരു മെലിഞ്ഞ പാമ്പിനെയോ ഈലിനെയോ തൊടുന്നതുപോലെയാണ് തോന്നിയതത്രേ. ഇതോടെ അവരില്‍ ബനാനാഫോബിയ ഗുരുതരമായെന്നും അവര്‍ പറയുന്നു.

ലക്ഷണങ്ങള്‍

  • പഴത്തിന്റെ അടുത്തുപോലും പോവാന്‍ പേടി
  • കുട്ടികള്‍ പഴംകാണുമ്പോള്‍ പേടിച്ചുകരയല്‍
  • മറ്റുള്ളവര്‍ പഴം കഴിക്കുന്നത് കാണുമ്പോള്‍ ഓക്കാനം വരിക
  • ചിലന്തിയെ കണ്ടാല്‍ പേടിക്കുന്നതിനു സമാനമായി വാഴപ്പഴം കണ്ടാല്‍ വിയര്‍ക്കുകയും പേടിച്ച് കരയുകയും
     

Content Highlights: Swedish minister's phobia of bananas banana phobia