യോഗയിലൂടെ രോഗശാന്തി ഉറപ്പ്; എന്റെ ജീവിതമാണ് തെളിവ്, ഇതാ ഒരു യോഗ അധ്യാപികയുടെ അനുഭവം

ജീവിതസ്വാസ്ഥ്യത്തിലേക്കുള്ള പടികളായിട്ടാണ് യോഗയെ കണക്കാക്കുന്നത്. എന്നാല്‍ രോഗമുക്തി നല്‍കുന്ന ചികിത്സാരീതി കൂടിയാണ് യോഗ എന്ന് അനുഭവമുള്ളവര്‍ പറയും. യോഗാധ്യാപിക ഡോ.വി.ആര്‍.വസുന്ധര അവരിലൊരാളാണ്. യോഗ തെറാപ്പിയിലൂടെ നിരവധി പേരുടെ ശാരീരിക അവശതകള്‍ മറികടക്കാന്‍ ഡോ.വസുന്ധര സഹായിച്ചിട്ടുണ്ട്. വസുന്ധരയുടെ സ്വന്തം ജീവിതം യോഗയിലൂടെ രോഗശാന്തി ലഭിക്കുമെന്നതിന്റെ തെളിവാണ്. പൂജപ്പുര ജീവനം നാച്ചുറോപ്പതി ആന്റ് യോഗ തെറാപ്പി ഹെല്‍ത്ത് ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍ കൂടിയായ ഡോ.വസുന്ധര സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
യോഗ രോഗം ഭേദമാക്കുമെന്നും സൗഖ്യം നല്‍കുമെന്നും സ്വന്തം അനുഭവത്തില്‍ നിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. കടുത്ത ആസ്ത്മ രോഗിയായിരുന്നു ഞാന്‍. സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. 2001 മുതല്‍ സ്ഥിരമായി യോഗചെയ്യാറുണ്ടായിരുന്നു. അതിന്റെ ഫലമായി ഈ രണ്ടും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. ഈ അനുഭവം രോഗികള്‍ക്കുള്ള യോഗതെറാപ്പിയിയിലും ചികിത്സയിലും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
യോഗയുടെ ലോകത്തേക്ക്
പന്ത്രണ്ടാംക്ലാസ് കഴിഞ്ഞശേഷം മെഡിസിന് പോകാനായിരുന്നു ഇഷ്ടം. അച്ഛന്‍ വാസുദേവന്‍ നായര്‍ പോലീസിലായിരുന്നു. പ്രകൃതിചികിത്സയോട് താത്പര്യമുള്ള ആളായിരുന്നു. അങ്ങനെയാണ് ബി.എന്‍.വൈ.എസിന് (ബാച്ചിലര്‍ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയന്‍സ്) ചേരുന്നത്.
പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിക്കാനുള്ള വിഷയം എന്ന നിലയിലാണ് പഠനസമയത്ത് യോഗയെ കണ്ടത്. എന്നാല്‍ യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഇതൊരു ചികിത്സ തന്നെയാണെന്നും മനസ്സിലാക്കിതന്നത് എന്റെ അധ്യാപകരാണ്.
പഠനം കഴിഞ്ഞ് 2007-ല്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. അന്ന് യോഗ അത്ര വലിയ പ്രചാരം നേടിയിരുന്നില്ല. യോഗതെറാപ്പി എന്നത് കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ജവഹര്‍ ബാലഭവനിലായിരുന്നു ആദ്യജോലി. യോഗ ഇന്‍സ്ട്രക്ടര്‍ ആയി. ആറുമാസം കഴിഞ്ഞപ്പോള്‍ പഠിച്ച കോളേജില്‍ തന്നെ ലക്ചററായി. ഇതിനിടയില്‍ വിവാഹം കഴിഞ്ഞു, മകള്‍ ജനിച്ചു.
ചികിത്സയും തെറാപ്പിയും
2012 -ല്‍ തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ യോഗ ഇന്‍സ്ട്രക്ടറായി ചേര്‍ന്നു. യോഗ, രോഗചികിത്സയുടെ ഭാഗമാക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിയുന്നത് ഇവിടെവെച്ചാണ്. സര്‍ക്കാര്‍ ആശുപത്രിയായതുകൊണ്ട് പലതരം രോഗമുള്ളവര്‍ അവിടെ വന്നിരുന്നു. അവരെ യോഗ പരിശീലിപ്പിച്ചു. ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പമായിരുന്നു പരിശീലനം. ഓരോരുത്തരുടേയും ശാരീരികസവിശേഷതകള്‍ തിരിച്ചറിഞ്ഞുള്ള ആസനങ്ങള്‍ പരിശീലിപ്പിച്ചു. രോഗസൗഖ്യത്തിന് യോഗ ഫലപ്രദമാണെന്ന് പലരുടെയും അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി.
ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു യുവാവ് അന്നവിടെ ചികിത്സയ്ക്ക് വന്നിരുന്നു. കടുത്ത ആര്‍ത്രൈറ്റിസ് മൂലം ബുദ്ധിമുട്ടുകയായിരുന്നു അയാള്‍. കൈയും സന്ധികളും അനക്കാന്‍ പറ്റില്ലായിരുന്നു. സ്വന്തമായി നടക്കാന്‍ പോലും വയ്യ. യോഗ തെറാപ്പിയിലൂടെ അയാളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടായി. ചികിത്സയിലൂടെ അയാള്‍ക്ക് പതിയെ നടക്കാം എന്ന നിലവന്നു. അത് വലിയൊരു ആത്മവിശ്വാസമായിരുന്നു. ഒടിവ്, ചതവ്, പാര്‍ക്കിന്‍സോണിസം എന്നീ പ്രശ്‌നങ്ങളുള്ള ഒരുപാടു പേര്‍ക്ക് യോഗതെറാപ്പിയിലൂടെ ആശ്വാസം പകരാന്‍ സാധിച്ചു.
2014-ല്‍ തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ജില്ല മര്‍മ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചേര്‍ന്നു. സ്‌ട്രോക്ക്, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫലപ്രദമായി യോഗതെറാപ്പി നല്‍കാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം യോഗതെറാപ്പി കൂടി നല്‍കിയതോടെ മിക്കവാറും ആളുകള്‍ക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. ഇതിനിടയില്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് 'ജീവനം' എന്ന പേരില്‍ സ്വന്തമായൊരു യോഗ തെറാപ്പി ക്ലിനിക് ആരംഭിച്ചു. തുടര്‍ന്ന് അത് വികസിപ്പിച്ച് ഹോസ്പിറ്റല്‍ എന്ന നിലയിലേക്ക് എത്തി.
ആഴത്തില്‍ പഠിക്കുന്നു
യോഗയുടെ ഫലസിദ്ധിയെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി 2017-ല്‍ പോണ്ടിച്ചേരിയില്‍ ഡോ.ആനന്ദ ബാലയോഗി ഭവനാനിയുടെ കീഴില്‍ പഠനം ആരംഭിച്ചു. അദ്ദേഹമാണ് യോഗയില്‍ എന്റെ ഗുരു. തുടര്‍ന്ന് യോഗ തെറാപ്പിയില്‍ എം.ഫില്‍ ചെയ്തു.
കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് പദ്ധതി ഭാഗമായി തോന്നയ്ക്കല്‍ സായിഗ്രാമിലെ ആയുഷ് വെല്‍നസ് സെന്ററില്‍ ചേര്‍ന്നു. യോഗചികിത്സ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. അതിന് ശേഷം വര്‍ക്കലയിലെ ഗവ.യോഗ-നാച്ചുറോപ്പതി ആശുപത്രിയിലേക്ക് സ്ഥലംമാറ്റമായി.
യോഗ തെറാപ്പി രോഗത്തിനനുസരിച്ച്
യോഗ ചിലര്‍ക്ക് അതേ രീതിയില്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന് സ്‌പോണ്ടിലൈറ്റിസ്, ആര്‍ത്രൈറ്റിസ് എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചില ആസനങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ യോഗാസനങ്ങള്‍ രോഗികകള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചു. നിലത്തിരുന്ന് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കസേരയില്‍ ഇരുന്ന് ചെയ്യാവുന്ന തരത്തില്‍ യോഗാസനങ്ങള്‍ മാറ്റി.
2017 ജൂലായില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2886 ആളുകളെ പങ്കെടുപ്പിച്ച് യോഗ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതിന് ഗിന്നസ് റെക്കോഡ് ലഭിച്ചു. യോഗയുമായി ബന്ധപ്പെട്ട് 2015 മുതല്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കുന്നുണ്ട്. യോഗ ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Content Highlights: story of a yoga trainer in world yoga day